കൂട്ടിക്കൽ മിഷൻ 2021: പ്രളയകാലത്തു പാലാ രൂപത ചെയ്തതും ചെയ്യുന്നതും

പാലാ രൂപതയുടെ സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, യൂത്ത്‌ ഡയറക്ടർ ഫാ. സിറിൾ തോമസ് തയ്യിൽ  എന്നിവരുമായി സംസാരിച്ച് തയാറാക്കിയത്. എഴുത്ത്: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ, മാഗി ജെറി ഫ്രാന്‍സിസ്

ദുരന്തത്തിന്റെ തുടക്കം

അതീവ സുന്ദരവും ശാന്തവുമായ ഒരു പ്രദേശമായിരുന്നു കോട്ടയം ജില്ലയുടെ കിഴക്കു ഭാഗത്തുള്ള കൂട്ടിക്കല്‍. പാലാ രൂപതയുടെ ഭാഗമാണിത്. ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തു കൂടിയാണ് ഇത് എന്ന പ്രത്യേകത കൂടി ഈ നാടിനുണ്ട്. മലകളും അവയ്ക്കിടയിലെ താഴ്‌വാരങ്ങളും ഈ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്നു.

പക്ഷേ, 2021 ഒക്‌ടോബര്‍ 16 ശനിയാഴ്ച ഉച്ചയ്ക്ക് കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞു. അപ്രതീക്ഷിതമായി എത്തിയ പ്രളയവും ഉരുൾപൊട്ടലും ഈ നാടിനെ തകര്‍ത്തെറിഞ്ഞു. കൂട്ടിക്കൽ ടൗണിലേയ്ക്ക് വെള്ളം ഇരച്ചെത്തി. വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ ആളുകളായിരുന്നു അവിടം നിറയെ. അവിചാരിതമായ ഈ അപകടം കണ്ട് അവരെല്ലാം കൂട്ടിക്കല്‍ ടൗണില്‍ നിന്നും കര ലക്ഷ്യമാക്കി ഓടുമ്പോള്‍ മുൻപിൽ പള്ളിയേ ഉള്ളൂ; പള്ളിയും പള്ളിയുടെ സ്‌കൂളും. കൂട്ടിക്കല്‍ ആശുപത്രിയില്‍ ആ സമയത്തു വാക്‌സിനേഷൻ നടക്കുന്നുണ്ടായിരുന്നു. വാക്‌സിനേഷനെത്തിയവരും പേടിച്ചുപോയി. മനുഷ്യരെല്ലാം ഓടിവന്ന് പള്ളിയിലും പള്ളിമുറിയിലും അഭയം തേടുന്ന കാഴ്ച ആരും പ്രതീക്ഷിക്കാത്തതായിരുന്നു. ദൂരെ നിന്നും ടൂറിനു വന്നിരുന്ന ആളുകളും ഉണ്ടായിരുന്നു. എല്ലാവരും ഭയന്ന് ഒരു ആശ്രയകേന്ദ്രം പോലെ പള്ളിയിലേക്ക് ഓടിയെത്തി.

പള്ളിമുറിക്ക് അകത്തു തന്നെ, പത്തു-പതിനഞ്ചു കുടുംബങ്ങളെങ്കിലും അന്ന് അഭയം തേടി. സ്‌കൂളിലും നിറയെ ആളുകളായിരുന്നു. അവർക്കുള്ള ഭക്ഷണവും മറ്റു കാര്യങ്ങളും എങ്ങനെയൊക്കെയോ സംഘടിപ്പിച്ചു നൽകി. ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ അനൗദ്യോഗികമായ രക്ഷാപ്രവർത്തങ്ങളും ആരംഭിച്ചു എന്നു പറയാം.

ദുരന്തം നടന്ന ഈ പ്രദേശത്ത് എല്ലാ മത വിഭാഗങ്ങളില്‍ പെട്ട ആളുകളും ഉണ്ട്. കത്തോലിക്കരും ഹൈന്ദവരും  മുസ്ലീങ്ങളും ഓര്‍ത്തഡോക്‌സുകാരും സിഎസ്‌ഐ ക്കാരും തുടങ്ങി എല്ലാവരും. പ്രളയം അനവധി പേരെ ക്യാമ്പുകളില്‍ എത്തിച്ചു.

ഉരുൾപൊട്ടൽ വളരെ രൂക്ഷമായി ബാധിച്ചത് മുണ്ടക്കയം, പൂഞ്ഞാർ, തെക്കേക്കര, കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളെയാണ്. മുണ്ടക്കയത്ത് വേലനിലത്ത് മൂന്ന് വീടുകൾ തകർന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളെ ഈ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നിശ്ശേഷം തകർത്ത് കളഞ്ഞു. പാലാ രൂപതയെ സംബന്ധിച്ച് കാവാലി, വേലനിലം, കൂട്ടിക്കല്‍, എന്തയാര്‍, പറത്താനം, ചോലത്തടം, മലയിഞ്ചിപ്പാറ ഇടവകകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. കാവാലി ഇടവകയിൽപ്പെട്ട ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ ആകെ 35 പേരാണ് ഈ ദുരന്തത്തിൽ മരണപ്പെട്ടവർ.

രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരാൻ പറ്റാത്ത സാഹചര്യം

പിറ്റേദിവസം മുതല്‍ കൂട്ടിക്കൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. പക്ഷേ, അപ്പോഴേയ്ക്കും പൂഞ്ഞാർ, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ, റോഡുകളിൽ വെള്ളം കയറിയിരുന്നു. ഉരുൾപൊട്ടിയപ്പോൾ പാലായിൽ വെള്ളം പൊങ്ങി ഒരു ദിവസം ഒറ്റപ്പെട്ട് പോയ അവസ്ഥയും ഉണ്ടായി. അതിനാൽ തന്നെ ദുരന്തമേഖലയിലേക്ക് സഹായമായി ഉടനെ കടന്നുചെല്ലുവാൻ പറ്റിയില്ല. കൂട്ടിക്കൽ മേഖലയിലേയ്ക്ക് പോകാൻ പറ്റാത്ത സാഹചര്യമായിരുന്നെങ്കിലും അവിടേയ്ക്കു വിളിച്ച് കാര്യങ്ങളും അവരുടെ ആവശ്യങ്ങളും തിരക്കി. പക്ഷേ, പിറ്റേന്ന്തന്നെ പാലായിലെ അഭിവന്ദ്യ പിതാക്കന്മാര്‍ രണ്ട് പേരും – മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവും മാര്‍ ജേക്കബ് മുരിക്കൻ പിതാവും – വൈദികര്‍ക്കൊപ്പം ദുരന്ത ഭൂമിയിലെത്തി.

അടിയന്തിര സഹായവുമായി യാത്ര

എല്ലാം നഷ്ടപ്പെട്ടവരാണ് അവിടെയുള്ളവർ. ഭക്ഷണമില്ല, വെള്ളമില്ല, മാറി ധരിക്കാൻ വസ്ത്രമില്ല, കൈയിൽ നയാ പൈസയില്ല. എല്ലാം വെള്ളം ഒഴുക്കിക്കൊണ്ടുപോയി! അതുമായി ബന്ധപ്പെട്ട സഹായമാണ് ഏറ്റവും ആവശ്യം എന്ന അറിവ് ലഭിച്ചതോടെ അതിനുവേണ്ടിയായി ശ്രമങ്ങള്‍. ഉച്ചയ്ക്ക് ഭക്ഷണം ആവശ്യമുണ്ട്; രാത്രിയിലേയ്ക്കും വേണം. അതിനുള്ള ഭക്ഷണം പെട്ടെന്നു കിട്ടണം. ബ്രഡ് പോലെയുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളാണ് വേണ്ടത്. അങ്ങനെ പാലായിൽ നിന്നും വൈദികരും യുവജനങ്ങളും ഭക്ഷണം അറേഞ്ച് ചെയ്തു; ബ്രഡും പാലും കുടിവെള്ളവും.

കുടിക്കാനുള്ള വെള്ളം പോലും ദുരന്ത ബാധിത പ്രദേശത്ത് ഇല്ലായിരുന്നു. ഉള്ള വെള്ളം കലങ്ങിമറിഞ്ഞിരുന്നു. കിണറുകളൊക്കെ മൂടി. അങ്ങനെ കുടിവെള്ളം സഹിതമായിരുന്നു പ്രളയ ബാധിത പ്രദേശത്തേക്ക് പോകുന്നത്. 1000 പായ്ക്കറ്റ് ബ്രെഡ്, 300 പായ്ക്കറ്റ് പാൽ, ശുചീകരണത്തിന് ആവശ്യമുള്ള സാധനങ്ങൾ, മാസ്‌ക്കുകൾ, സാനിറ്റയ്‌സറുകൾ എന്നിവയെല്ലാം മാര്‍ ജേക്കബ് മുരിക്കൻ പിതാവിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിച്ചു. ആളുകള്‍ ഒന്നുചേര്‍ന്നിരുന്ന വിവിധ ക്യാമ്പുകളില്‍ ഇവയെല്ലാം നല്‍കി.

മെഡിസിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കല്‍ ഹെല്‍പ്

ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യമുള്ള അടുത്ത കാര്യം മെഡിക്കല്‍ സഹായമാണ്. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് മാർ സ്ലീവാ മെഡിസിറ്റിയിൽ നിന്നുള്ള മെഡിക്കൽ ടീമിനെ ദുരന്തമേഖലയിലേക്ക് എത്തിച്ചു. ഡോക്റ്റര്‍മാരും നേഴ്സുമാരും ആംബുലൻസും അടങ്ങിയ സര്‍വസജ്ജമായ ടീമായിരുന്നു അത്. വിവിധ ക്യാമ്പുകളിലേക്കാണ് അവര്‍ എത്തിച്ചേര്‍ന്നത്. കൂട്ടിക്കല്‍ പള്ളിവക സ്കൂളിലെ ക്യാമ്പിൽ ഇരുനൂറ് ആളുകൾ, ആറു ബാരക്ക് പട്ടാളക്കാർ, ഏന്തയാറിലെ ജെ. ജെ മർഫി മെമ്മോറിയൽ സ്‌കൂളിൽ ഇരുനൂറോളം ആളുകൾ, കാവാലി പള്ളിയുടെ ഓഡിറ്റോറിയത്തിൽ നൂറു പേർ, പറത്താനം പള്ളിയുടെ സ്കൂളില്‍ നൂറോളം ആളുകൾ, സിഎസ് ഐ പള്ളിയുടെ ഓഡിറ്റോറിയത്തിലുള്ള ആളുകൾ. ഇത്രയും ആളുകൾക്ക് സഹായം എത്തിക്കാൻ തയ്യാറായാണ് മെഡിക്കല്‍ സംഘം അവിടെയ്ക്ക് യാത്രയായത്. ക്യാമ്പുകളില്‍ ഒരു മനുഷ്യന് ജീവിക്കാൻ അത്യാവശ്യമായതെല്ലാം ക്രമീകരിക്കേണ്ടത് എല്ലാം നഷ്ടമായ ആ മനുഷ്യർക്ക് ആവശ്യമായിരുന്നു. അതെല്ലാം ചെയ്യാന്‍ എല്ലാവരും പൂര്‍ണ്ണമായും പരിശ്രമിച്ചു.

രണ്ടു കാര്യങ്ങളാണ് ഒരേസമയം ചെയ്തു കൊണ്ടിരുന്നത്. ഒന്ന് രൂപതയിലെ സോഷ്യല്‍ വര്‍ക്കിന്റെയും യൂത്തിന്റെയും നേതൃത്വത്തില്‍ യുവജനങ്ങളെയെല്ലാം സംഘടിപ്പിച്ച് പറ്റുന്നതു പോലെ കുടിവെള്ളം, ഭക്ഷണം ഉള്‍പ്പെടെയുള്ള അടിയന്തിരസഹായം അവിടെ എത്തിച്ചു. രണ്ടാമതായി, മെഡിസിറ്റിയില്‍ നിന്നുള്ള മെഡിക്കല്‍ സഹായങ്ങളും നല്‍കി.

മരണ മുഖം 

അതേസമയം വെള്ളപ്പാച്ചിലില്‍ നഷ്ട്ടപ്പെട്ടു പോയവരെക്കുറിച്ചുള്ള  അന്വേഷണവും ആധിയും. മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരുന്നു. കാവാലി ഇടവകയില്‍ ഒരു കുടുംബത്തില്‍ നിന്നും ആറു പേരെയാണ് പ്രളയം എടുത്തത്‌. അവരുടെ മൃത സംസ്ക്കാര ചടങ്ങുകള്‍ എക്കാലത്തും ഈ നാടിന്‍റെ കണ്ണീരായി അവശേഷിക്കും.

ആദ്യഘട്ട ക്ളീനിംഗ് ദൗത്യം

ക്യാമ്പുകളില്‍ അത്യാവശ്യ സൌകര്യങ്ങള്‍ എല്ലാം ചെയ്തതിനു ശേഷം  വീടുകള്‍ ക്ലീന്‍ ചെയ്യുക എന്ന ദൗത്യമായിരുന്നു പിന്നീട് ഉണ്ടായിരുന്നത്. മാത്രവുമല്ല, ആദ്യ ദിവസം കഴിഞ്ഞപ്പോൾ തന്നെ ക്യാമ്പുകൾ സർക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും അവർ ഏറ്റെടുക്കുകയും ചെയ്തു.  ക്യാമ്പുകളിലല്ലാതെ ഒത്തിരി മനുഷ്യര്‍ സുരക്ഷിതമായ അയൽവീടുകളിൽ അഭയംപ്രാപിച്ചിട്ടുണ്ടായിരുന്നു. ഏതൊക്കെ വീടുകളിൽ, എവിടെയൊക്കെയാണ് എന്നൊക്കെ മനസിലാക്കുക വളരെ ക്ലേശകരമായിരുന്നു. ഇവിടെ കൂടുതലും കർഷകർ ആണ്. അതിനാൽ തന്നെ അടുത്തടുത്ത വീടുകളിലല്ല താമസം. ഒരേക്കര്‍, രണ്ടേക്കര്‍ സ്ഥലത്ത് വരുടെ വീടും സ്ഥലവും. അതിനാൽ അടുത്ത് മറ്റ് വീടുകൾ കുറവാണ്. ഇക്കാരണത്താല്‍ ആളുകളെ കണ്ടെത്തല്‍ ദുഷ്കരമായി മാറി.എല്ലാം തകർന്നടിഞ്ഞ ഒരു നാട്ടിൽ അങ്കലാപ്പോടെ നിൽക്കാതെ അനേകരെ കരകയറ്റുകയായിരുന്നു അപ്പോൾ രൂപതയില്‍ നിന്നുള്ള രക്ഷാ പ്രവര്‍ത്തകരുടെ ഉള്ളിലുള്ള ഏകലക്ഷ്യം.

ചൊവ്വ, ബുധൻ ദിവസങ്ങൾ ആയപ്പോഴേയ്ക്കും ആ വീടുകൾ ഏതൊക്കെയെന്ന് മനസിലാക്കി. പിന്നെ പല ഇടവകകളിൽ നിന്നുള്ളവർ ഇരുപതും മുപ്പതും സംഘങ്ങളായി ക്ലീനിംഗിനു വേണ്ടി പല സ്ഥലങ്ങളിലേക്ക് പോയിത്തുടങ്ങി. ഇരുപത് ആളുകൾക്ക് ഒരു ദിവസം രണ്ട് വീടുകൾ മാത്രമേ ശുചിയാക്കുവാൻ സാധിക്കുമായിരുന്നുള്ളൂ. കാരണം, അത്രത്തോളം  ദാരുണമായിരുന്നു ഓരോ വീടിന്റെ അവസ്ഥയും. 65 -ഓളം വീടുകൾ അങ്ങനെ വൃത്തിയാക്കാന്‍ സാധിച്ചു.തിങ്കളാഴ്ച മുതല്‍ ക്ലീനിംഗിനു വേണ്ടി അവിടെ തന്നെ ക്യാമ്പ് ചെയ്യുന്ന നിരവധി യുവജനങ്ങൾ ഉണ്ടായിരുന്നു; പല ഇടവകകളിൽ നിന്നുമായി വന്ന നിരവധി സന്നദ്ധപ്രവർത്തകർ. ചൊവ്വാഴ്ച വൈകുന്നേരം ആ പ്രദേശത്തെ എല്ലാ വൈദികരുടെയും ഒരു സമ്മേളനം പെട്ടെന്ന് വിളിച്ചുകൂട്ടി. ആ മീറ്റിംഗ്, ഓരോ ഇടവകയിലും എത്രമാത്രം നഷ്ടം സംഭവിച്ചു എന്ന് കൃത്യമായ ഒരു കണക്കെടുപ്പിനു വേണ്ടിയായിരുന്നു.

ജീസസ് യൂത്തിന്റെ ‘നല്ല അയല്‍ക്കാരന്‍’ ടീം

ജീസസ് യൂത്തിന്റെ ഒരു സംസ്ഥാന ടീം ഉണ്ട്. ‘നല്ല അയല്‍ക്കാരന്‍’ എന്ന പേരില്‍. അവരുടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ടീം. 2018 -ലെ പ്രളയത്തില്‍ രൂപീകരിക്കപ്പെട്ട ടീം ആണത്. 30-40 പേര്‍ ആവറേജ് എല്ലാ ദിവസും പ്രശ്നബാധിത പ്രദേശത്തു ക്യാമ്പ് ചെയ്യാവുന്നതു പോലെ അവര്‍ കാര്യങ്ങള്‍ ക്രമീകരിച്ചു. തിരുവനന്തപുരത്തു നിന്ന് 15 പേരുടെ ടീം വരുന്നു, എറണാകുളത്തു നിന്നും 15 പേരുടെ ടീം വരുന്നു, ഒരു ടീം പോകുമ്പോള്‍ അടുത്ത ടീം വരുന്നു. അങ്ങനെ ഒരു ചെയിന്‍ സര്‍വീസ് പോലെ. അതിനകത്ത് ഒന്നു-രണ്ട് ക്യാപ്റ്റന്മാര്‍ മുഴുവന്‍ സമയവും ശുശ്രൂഷയ്ക്കായി അവിടെ നിന്നു. അത് വലിയൊരു ഉപകാരമായിരുന്നു. പാലായില്‍ ഇന്നുവരെയൊന്നും സംഭവിച്ചിട്ടില്ലാത്ത ഒരു സംഭവം ആദ്യമായിട്ടു നടക്കുമ്പോള്‍ അങ്ങനെയൊരു ടീം അവിടെ വര്‍ക്ക് ചെയ്തു എന്നുള്ളത് വലിയ സഹായമായിരുന്നു. സംസ്ഥാന ജീസസ് യൂത്ത് പ്രവർത്തകർ കൂട്ടിക്കൽ പള്ളിയിൽ വന്ന് താമസിച്ചുകൊണ്ടാണ്  വീടുകൾ വൃത്തിയാക്കുവാൻ മുന്നിട്ടിറങ്ങിയത്. അരയോളം പൊക്കത്തിൽ ചെളി വന്നുനിറഞ്ഞ സ്ഥലങ്ങൾ വൃത്തിയാക്കുവാൻ അവർ ആത്മാർഥമായിത്തന്നെ സഹായിച്ചു.
 എസ്എംവൈഎം പ്രവര്‍ത്തകര്‍ 
അതോടൊപ്പം എസ്എംവൈഎം- ന്റെ നേതൃത്വത്തിൽ 25 – 50 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ വീടുകൾ കയറിയിറങ്ങി വൃത്തിയാക്കുവാൻ ആരംഭിച്ചു. അവരുടെ പ്രവര്‍ത്തനങ്ങളും സ്തുത്യര്‍ഹമായിരുന്നു. ടൌണിലെ ശുചീകരണ പ്രവര്‍ത്തനങ്ങളെക്കാള്‍ കഠിനമായിരുന്നു ഒറ്റപ്പെട്ടു കിടന്നിരുന്ന വീടുകള്‍ കണ്ടെത്തുന്നതും അവിടെയുള്ള ആളുകളെ സഹായിക്കുന്നതും വീടുകള്‍ ശുചിയാക്കുന്നതും.
കമില്ലസ് വൈദികര്‍ 
കമില്ലസ് സഭയിലെ പത്തോളം  വൈദികർ ദിവസങ്ങളോളം  ദുരന്തമേഖല വൃത്തിയാക്കുവാനും സഹായിക്കാനും എത്തിച്ചേര്‍ന്നു. തീക്കോയി പള്ളിയില്‍ രാത്രിയില്‍ താമസിച്ചാണ് അവര്‍ തങ്ങളുടെ ദൌത്യം നിര്‍വഹിച്ചിരുന്നത്.
വഴികള്‍ ഒലിച്ചു പോയതും പ്രവര്‍ത്തനങ്ങളുടെ വേഗതയെ ബാധിച്ചു. ഏന്തയാറിൽ വഴി രണ്ടായി മുറിഞ്ഞു പോയി. അതിനെ തുടർന്ന് ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു. പ്ലാപ്പള്ളി മലയിലേക്ക് കയറി പോകുവാൻ സാധിക്കുമായിരുന്നില്ല. അവിടെ സഹായത്തിനായി എത്തിയിരുന്നത് രണ്ടു മണിക്കൂർ നടന്നായിരുന്നു.
വീടുകൾ ശുചിയാക്കുന്ന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം ഒക്ടോബർ 24 ഞായറാഴ്ചയോടെ ഏകദേശം പൂർത്തീകരിക്കാൻ സാധിച്ചു.

രണ്ടാംഘട്ട പ്രവർത്തനങ്ങള്‍

രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു സർവേ എടുക്കുകയുണ്ടായി. അതിൽ കൂട്ടിക്കൽ പ്രദേശത്തു തന്നെ 179 കുടുംബങ്ങളെയാണ് വളരെ അത്യാവശ്യ സഹായം ലഭ്യമാക്കുന്നതിനായി കണ്ടെത്തുവാൻ സാധിച്ചത്. അവർക്ക് വീട്ടുസാധനങ്ങൾ, അടുക്കള സാധനങ്ങൾ, വസ്ത്രങ്ങൾ, പഠനോപകാരങ്ങൾ, ഭക്ഷണ സാധനങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഓരോ വീട്ടിലേയ്ക്കും കിറ്റുകൾ നൽകുവാനാണ്‌ ഉദ്ദേശിക്കുന്നത്. അതിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തയാക്കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ അവ ലഭ്യമാക്കുകയും ചെയ്യും. അതിനായിട്ടാണ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചുകൂട്ടിയത്. ഏന്തയാർ, കാവാലി, കൂട്ടിക്കൽ എന്നീ ഇടവകകളിലെ വിശ്വാസികളെ ഒരുമിച്ചു കൂട്ടുകയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അതിൻപ്രകാരം ഒരു ഫോം തയ്യാറാക്കുകയും  കമ്മിറ്റിക്കാരുടെ നേതൃത്വത്തിൽ അത് വീടുകളിൽ എത്തിച്ചു നല്‍കുകയും ചെയ്തു. അങ്ങനെയാണ് 179 വീടുകൾ കൂട്ടിക്കൽ ഇടവകയിൽ നിന്ന് തന്നെ കണ്ടെത്തിയത്. അവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലീങ്ങളും എല്ലാം ഉൾപ്പെടുന്നു. ജാതി മത ഭേദമന്യേ സഹായം എത്തിക്കാനാണ് ക്രൈസ്തവ സഭ ലക്ഷ്യമിടുന്നത്. അതിന്റെ വിതരണം ഒക്ടോബർ 27 -ന് നടക്കും. ഇക്കാര്യങ്ങളാണ് രണ്ടാംഘട്ട പ്രവർത്തനങ്ങളിൽ ഉദ്ദേശിക്കുന്നത്.

മൂന്നാം ഘട്ടപ്രവര്‍ത്തനങ്ങള്‍ 

മൂന്നാം ഘട്ടത്തിൽ അതിജ്ജീവനത്തിനായി ഉപജീവന മാർഗങ്ങൾ കണ്ടെത്തുകയാണ് ചെയ്യേണ്ടത്. വീട് നഷ്ടപ്പെട്ടവർ, ഉണ്ടായിരുന്ന കൃഷി ഭൂമി മുഴുവനും ഒലിച്ചു പോയവർ തുടങ്ങിയവരൊക്കെ ഉണ്ട്. തിരിച്ചു പോകുവാൻ ഭയപ്പെടുന്ന ആളുകളും നിരവധിയാണ്. അവര്‍ക്ക് കൗൺസിലിംഗ് ആവശ്യമാണ്. ഉപജീവനത്തിനായി യാതൊരുവിധ മാർഗവും ഇല്ലാത്തവർ ഉണ്ട്. അതിജീവനത്തിന് സർക്കാരിന്റെ സഹായം തേടാനായി നഷ്ടപ്പെട്ടു പോയവയുടെ കണക്കുകൾ എടുത്ത് വില്ലേജ് ഓഫീസറെ ഏൽപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.

കോതമംഗലം, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, വിജയപുരം, കൊച്ചി എന്നീ രൂപതകൾ, വിവിധ സന്യാസ സമൂഹങ്ങള്‍, മലനാട് ഡെവലപ്മെന്റ് സൊസൈറ്റി, ഇന്‍ഫാം, മറ്റു ഭക്ത-സമുദായ സംഘടനകള്‍, വ്യക്തികള്‍ എന്നിവരെല്ലാം സഹായഹസ്തമായി ഓടിയെത്തി. പാലാ രൂപതയിലെ തന്നെ ഒട്ടുമിക്ക ഇടവകകളിൽ നിന്നും സഹായം ലഭ്യമായി. ഇപ്പോഴും ഓരോ ദിവസവും വിവിധ ഇടവകകളില്‍ നിന്നും സഹായിക്കാനായി വൈദികരും സിസ്റ്റെഴ്സും ഇടവകക്കാരും എത്തുന്നു. വേദനിക്കുന്ന ഒരു സമൂഹത്തിന്റെ കണ്ണീരൊപ്പാൻ ഒരുപാട് ആളുകൾ ഓരോ ദിവസവും ഓടിയെത്തുന്നുണ്ട്. ഒരു വശത്ത് വേദനിക്കുന്ന ഒരു സമൂഹത്തെ കാണാം. എങ്കിലും മറുവശത്ത് വലിയ കൂട്ടായ്‍മയുടെയും സാഹോദര്യത്തിന്റെയും കെട്ടുറപ്പ് കാണാൻ സാധിക്കും.

ഇന്നും തോരാതെ പെയ്യുന്ന മഴയിൽ…

ഈ ദുരിത മേഖലയിൽ ഇപ്പോഴും മഴ തോർന്നിട്ടില്ല. ഇവിടുത്തെ ആളുകളുടെ കണ്ണീർപോലെ മഴയും പെയ്തുകൊണ്ടിരിക്കുന്നു. എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് പെരുമഴയാണ്. അതിനാൽ തന്നെ ആളുകള്‍ക്ക് വീടിനു പുറത്തിറങ്ങി സ്വന്തം വീട്ടിലെ നഷ്ടങ്ങൾ പരിഹരിക്കാനോ നികത്തുവാനോ സാധിക്കാതെ വരുന്നു. ഇവിടെ എന്തെങ്കിലും നഷ്ടം വരാത്ത വീടുകളില്ല. മുറ്റം ഇടിഞ്ഞും പറമ്പ് ഒലിച്ചുപോയും കഷ്ട്ടപെടുന്നവർ.  വീടിനകത്ത് വെള്ളം കയറിയും ഉരുള്‍ പൊട്ടി ഒഴുകിവന്നും എല്ലാം നഷ്ടപ്പെട്ടവർ. വെള്ളപ്പാച്ചിലിന്റെയോ അല്ലെങ്കില്‍ വെള്ളപ്പൊക്കത്തിന്റെയോ നാശനഷ്ടം സംഭവിക്കാത്തവരുടെ കൃഷിയിടങ്ങളില്‍ എല്ലാം നഷ്ടമായിരിക്കുന്നു.

‘എന്റെ അപ്പനും അമ്മയും തനിച്ചാണ്’

ആളുകൾ എവിടെയൊക്കെ ഒറ്റപ്പെട്ടു പോയി എന്ന് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം, ദിവസങ്ങളോളം കറന്റില്ലാത്തതിനാൽ പലരുടെയും മൊബൈൽ ഓഫ് ആയിപ്പോയി. അങ്ങനെ വടക്കേമല എന്നു പറയുന്ന ഭാഗത്ത് നിന്നും ഒരു പെൺകുട്ടി ഒരു ദിവസം സിറിൽ അച്ചനെ വിളിച്ചു. അവരെ വിവാഹം ചെയ്ത് അയച്ചേക്കുന്നത് ദൂരെയുള്ള മറ്റൊരു സ്ഥലത്തേയ്ക്കാണ്. അവിടെ  നിന്നാണ് വിളിക്കുന്നത്. “എന്റെ അപ്പച്ചനും അമ്മച്ചിയും വീട്ടില്‍ തനിച്ചേ ഉള്ളൂ. ആരും അങ്ങോട്ട് ചെല്ലുന്നില്ല. അവര്‍ക്ക് പുറത്തോട്ട് പോകാനും പറ്റില്ല. വഴികളും തോടുകളുമെല്ലാം പോയിക്കിടക്കുകയാണ്., സഹായിക്കണം.” എന്നതായിരുന്നു ആ ഫോൺ കോൾ. അങ്ങനെ അനവധി ഫോണ്‍ കോളുകള്‍. ഇതിനെല്ലാം ഉത്തരമായി പാലാ രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

ഇപ്പോഴും ആളുകള്‍ ക്യാമ്പുകളില്‍ 

ആളുകള്‍ ഇപ്പോഴും ക്യാമ്പുകളിലാണ്‌. അവരില്‍ പലര്‍ക്കും തിരികെ പോകാന്‍ വീടുകളില്ല. എല്ലാം ഇല്ലാതായ അനവധിപേര്‍ ഇവിടെ ക്യാമ്പുകളില്‍ കഴിയുന്നു. മാര്‍ സ്ലീവാ മെഡിസിറ്റി പാലാ, മേരി ക്യൂന്‍സ് ഹോസ്പിറ്റല്‍ കാഞ്ഞിരപ്പള്ളി, രാജഗിരി ഹോസ്പിറ്റല്‍ ആലുവ, മെഡിക്കല്‍ മിഷന്‍ സിസ്റ്റേഴ്‌സ് കോതമംഗലം, എസ്.എച്ച്. മെഡിക്കല്‍ സെന്റര്‍ കോട്ടയം എന്നിങ്ങനെയുള്ള ക്രൈസ്തവ ആശുപത്രികളില്‍ നിന്നൊക്കെ സഹായം  ക്യാമ്പുകളിലേയ്ക്ക് എത്തുന്നുണ്ട്. നിരവധി മത-രാഷ്ട്രീയ സംഘടനകളുടെ തുടര്‍ച്ചയായ സഹായങ്ങളും പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുകയാണ്. എല്ലാവരും ഒരു നാടിനെ പുനര്‍നിര്‍മ്മിക്കാനുള്ള പ്രയത്നത്തിലാണ്. കൂടുതല്‍ നാശനഷ്ട്ടങ്ങള്‍ സംഭവിച്ച കാവാലി, വേലനിലം, കൂട്ടിക്കല്‍, എന്തയാര്‍, പറത്താനം, ചോലത്തടം, മലയിഞ്ചിപ്പാറ ഇടവകകളിലെ വികാരിയച്ചന്മാരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.

ഇത്രയധികം നിസ്വാര്‍ത്ഥമായ ശുശ്രൂഷകള്‍ ചെയ്തിട്ടും പാലാ രൂപതയ്ക്കെതിരെ ചില കോണുകളില്‍ നിന്നും ‘ഒന്നും ചെയ്തില്ല’ എന്ന വിമര്‍ശനം ഉയര്‍ന്നു. പക്ഷേ, അതൊന്നും ഗൌനിക്കാതെ പാലാ രൂപതയിലെ പിതാക്കന്മാരും വൈദികരും സന്യസ്തരും അല്‍മായ സഹോദരങ്ങളും ഒറ്റക്കെട്ടായി അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അവരുടെ മുന്പില്‍ ജനത്തെ ദുരിതത്തില്‍ നിന്നും കരകയറ്റുക എന്ന ഏക ലക്‌ഷ്യം മാത്രമേയുള്ളൂ.

ഇവിടെയ്ക്ക് സഹായം എത്തിക്കാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക:9447284884, 9496542361

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ, മാഗിജെറിഫ്രാന്‍സിസ്

നാളെ: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രളയകാല പ്രവര്‍ത്തനങ്ങള്‍

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.