
ഇന്ന് തിരുസഭ വാഴ്ത്തപ്പെട്ട ഫെഡറിക് അന്റോണിയോ ഓസനാത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വി. ലൂക്കായുടെ സുവിശേഷം ആറാം അധ്യായം ഒന്നു മുതൽ അഞ്ചു വരെയുള്ള തിരുവചനഭാഗങ്ങളാണ് ഇന്നത്തെ ധ്യാനവിഷയം. ഒരു സാബത്തിൽ ക്രിസ്തുവിനൊപ്പം വയലിലൂടെ കടന്നുപോകുന്ന ശിഷ്യർ കതിരുകൾ പറിച്ചുതിന്നുമ്പോൾ അതിനെ ചോദ്യംചെയ്യുന്ന ഫരിസേയരെയാണ് ഈ വചനത്തിൽ നാം കാണുന്നത്. കതിരുകൾ പറിച്ചുതിന്നുക എന്നത് നിഷിദ്ധമായ കാര്യമല്ല എന്നത് നിയമവർത്തന പുസ്തകത്തിൽ നാം കാണുന്നുണ്ട്. എന്നാൽ, ഫരിസേയർ ക്രിസ്തുശിഷ്യരുടെ ആ പ്രവർത്തനത്തെ ചോദ്യംചെയ്യുന്നത്, അത് സാബത്തുദിവസം ആയതിനാലാണ്. എന്നാൽ ക്രിസ്തുവാകട്ടെ, യഹൂദരുടെ സാബത്തിനെതിരെ പറയുകയല്ല, മറിച്ച് നിയമത്തോടൊപ്പം മാനുഷികപരിഗണനയും എടുത്തുകാട്ടുകയാണ് ചെയ്യുന്നത്.
എല്ലാറ്റിന്റെയും സൃഷ്ടാവായ ദൈവത്തെ സൃഷ്ടികൾതന്നെ ചോദ്യം ചെയ്യുന്നതിനെ തിരുത്തുകയാണ് ക്രിസ്തു ഇവിടെ. നിർമ്മിച്ചവന് അത് പുനർനിർമാണം ചെയ്യാനുള്ള അധികാരമുണ്ട് എന്നുള്ളത് വാസ്തവമാണ്. അതുകൊണ്ടാണ് ക്രിസ്തു പറയുന്നത്, ഞാൻ സാബത്തിന്റെയും കർത്താവാണ് എന്ന്. മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞുവച്ചിട്ടുണ്ട്: “ഒരു മനുഷ്യൻ വലിയവനാകുന്നത് അവൻ മറ്റുള്ളവർക്കുവേണ്ടി ചെയ്യുന്ന സൽകൃത്യങ്ങളിലൂടെയാണ്” എന്ന്. നിയമങ്ങളെയും ആചാരങ്ങളെയും കൂട്ടുപിടിക്കുന്നതിനൊടൊപ്പം മനുഷ്യനോടുള്ള കരുതലും എപ്പോഴും മനസ്സിലുണ്ടാകണമെന്ന് വചനം പഠിപ്പിക്കുന്നു.
ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS




