നഷ്ടപ്പെട്ട പല്ലുകൾ പുനഃസ്ഥാപിക്കൂ: ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കൂ

മാര്‍ച്ച് 6 ദേശീയ ഡെന്റിസ്റ്റ് ദിനമാണ്. നഷ്‌ടമായ പല്ലുകൾ മാറ്റിസ്ഥാപിച്ച്, ഒരാളുടെ നഷ്ടമായ ആത്മവിശ്വാസത്തെ വീണ്ടെടുക്കുന്നതിനു സഹായിക്കുന്ന ചികിത്സാമാർഗങ്ങളെക്കുറിച്ചു സംസാരിക്കുകയാണ് ഡോ. സി. സംഗീത MDS.

കഴിഞ്ഞദിവസം ആശുപത്രിയിൽ വച്ച് അവരെ ഞാൻ വീണ്ടും കണ്ടു. എന്നെ കണ്ടതേ അടുത്തേയ്ക്ക് ഓടിവന്ന് കൈയിൽ പിടിച്ചു സംസാരം തുടങ്ങി. ആശുപത്രിയിൽ മറ്റൊരു വിഭാഗത്തിലെ ഡോക്റ്ററെ കാണാൻ വന്നതാണ്. ഞാൻ ചോദിച്ചു:

“ഇപ്പോൾ പല്ലിനു കുഴപ്പമൊന്നും ഇല്ലല്ലോ?”

ഒരു ചിരിയോടെ അവർ പറഞ്ഞു:

“ഇല്ല ഡോക്റ്റർ, ഒരു കുഴപ്പവും ഇല്ല. എല്ലാം നന്നായി പോകുന്നു.”

തിരക്കായതിനാൽ യാത്ര പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു.

ആറു മാസങ്ങൾക്കു മുൻപ് അവർ എന്നെ കാണാൻ ഡെന്റൽ ഡിപ്പാർട്ട്മെന്റിൽ വന്നത് ഞാൻ ഓർത്തു. ജാൻസി എന്നാണ് പേര്. വീട് പാലായ്ക്കടുത്ത്. പ്രശ്നം പല്ലുകൾ പോയതാണ്. അതോടെ വായ തുറക്കുമ്പോഴും ചിരിക്കുമ്പോഴുമൊക്കെ അഭംഗിയായി. ചെവിവേദന, കഴുത്തു വേദന, തലവേദന, വായ തുറക്കുമ്പോളും അടക്കുമ്പോളും ശബ്ദം കേൾക്കുന്നു.ഭക്ഷണം കഴിക്കാൻ പോലും സാധിക്കുന്നില്ല. അതിനാൽ ENT, orthopedic ചികിത്സകളൊക്കെ കഴിഞ്ഞാണ് വരവ്.

ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കി കൊടുത്തു. മധ്യവയസ് എത്തിയതിനു ശേഷം പല്ല് നഷ്ടപ്പെടുന്നത് വളരെ സാധാരണമായ കാര്യമാണ്; മോണരോഗം, ദന്തക്ഷയം, ക്ഷതം എന്നിവയാണ് പല്ല് നഷ്ടപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങൾ; നഷ്‌ടമായ പല്ലുകൾ മാറ്റിസ്ഥാപിക്കുന്നത് പുഞ്ചിരിക്കാനും നന്നായി സംസാരിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനുമൊക്കെ കാരണമാകും – തുടങ്ങിയ വിവരങ്ങളൊക്കെ പറഞ്ഞു.

ചികിത്സാ രീതികളെക്കുറിച്ചും ബോധ്യമാക്കി. ഊരി മാറ്റാവുന്ന പല്ലുകൾ, ബ്രിഡ്ജ് ചികിത്സ, ഡെന്റൽ ഇംപ്ലാന്റ് ചികിത്സ എന്നിവയെക്കുറിച്ചു വിവരിച്ചു പറഞ്ഞു. ഡെന്റൽ ഇംപ്ലാന്റ് ചികിത്സയാണ് അവർ തെരഞ്ഞെടുത്തത്. ഏതായാലും ചികിത്സ അവർ വിജയകരമായി പൂർത്തിയാക്കി. അതിനുശേഷം ആദ്യമായി കാണുന്നതാണ്.

പല്ലുകൾ ഏതെങ്കിലും രീതിയിൽ നഷ്ടപ്പെടുന്നവർക്ക് സാധാരണ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാത്രമാണ് ഈ പേഷ്യന്റിനും ഉണ്ടായത്. അത് വളരെ നിസാരമായി കരുതി നീട്ടി വച്ചതാണ് ഇത്രയും പ്രശ്നങ്ങൾക്ക് കാരണമായത്. ആർക്കും സംഭവിക്കാവുന്ന പ്രശ്നമാണിത്. എന്നാൽ ഇതിനു കൃത്യമായ പരിഹാരമുണ്ട്. അവയാണ് ഇനി കാണുന്നത്.

ചികിത്സകൾ മൂന്നു തരത്തിൽ 

കൃത്രിമ ദന്തങ്ങൾ സ്ഥാപിക്കാനുള്ള ചികിത്സകൾ പ്രധാനമായും മൂന്നു തരത്തിലാണുള്ളത്. ഊരി മാറ്റാവുന്ന പല്ലുകൾ, ബ്രിഡ്ജ് ചികിത്സ, ഡെന്റൽ ഇംപ്ലാന്റ് ചികിത്സ എന്നിവയാണ് മൂന്നു ചികിത്സാരീതികൾ. ഈ ചികിത്സാ രീതികളും അവയുടെ പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം.

1. ഊരി മാറ്റാവുന്നവ  

വായിൽ ഉറച്ചു നിൽക്കാത്ത പല്ല് സെറ്റുകൾ ആയതിനാൽ ദിവസവും വായിൽ നിന്ന് പുറത്തെടുത്ത് ബ്രഷ് ചെയ്ത് വൃത്തിയാക്കിയാണ് ഇവ ഉപയോഗിക്കേണ്ടത്. രോഗികൾക്ക് അവ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. അടുത്തുള്ള പല്ലിൽ ഘടിപ്പിച്ചു വയ്ക്കുന്നതുകൊണ്ട് അവ പല്ലുകളെയും ദോഷമായി ബാധിക്കാറുണ്ട്. കാലക്രമേണ അടുത്തുള്ള പല്ലുകൾ നഷ്ടപ്പെടാൻ ഇത് കാരണമാകുന്നു.

2. എഫ്.പി.ഡി. (FPD) അല്ലെങ്കിൽ ബ്രിഡ്ജ് ചികിത്സ

ഒരു പല്ല് ഉറപ്പിച്ചു വയ്ക്കണമെങ്കിൽ തൊട്ടടുത്തുള്ള ഉറപ്പുള്ള ഏതെങ്കിലും ഒരു ഭാഗത്ത് നിന്ന് സപ്പോർട്ട് എടുക്കേണ്ടതായിട്ടുണ്ട്. നഷ്ടപ്പെട്ട പല്ലിന്റെ ഇരുവശത്തും നിൽക്കുന്ന ആരോഗ്യമുള്ള പല്ലുകളിൽ ആണ് ഇവയെ ഉറപ്പിച്ചു നിർത്തുക. നഷ്ടപ്പെട്ടുപോയ പല്ലുകളുടെ ഭാഗത്തുള്ള താടിയെല്ലിന്റെ ഗുണമേന്മയും വളരെ പ്രധാനപ്പെട്ടതാണ്. ഇങ്ങനെ അരികെയുള്ള പല്ലുകളുടെ സപ്പോർട്ട് ഉപയോഗിച്ച് കൃത്രിമ ദന്തങ്ങൾ വയ്ക്കുന്നതിനെ FPD അഥവാ ബ്രിഡ്ജ് എന്നാണ് വിളിക്കുന്നത്.

3. ഡെന്റൽ ഇംപ്ലാന്റ് ചികിത്സ

ഈ ചികിത്സയിൽ കൃത്രിമദന്തങ്ങൾ സ്വന്തം പല്ലിൽ ഉറപ്പിക്കുന്നതിനു പകരമായി എല്ലിലേയ്ക്ക് ടൈറ്റാനിയം സ്ക്രൂ ഉപയോഗിച്ച് ഉറപ്പിക്കുകയാണ് ചെയ്യുക. അതായത് താടിയെല്ലിൽ നിന്ന് സപ്പോർട്ട് എടുത്ത് പല്ലു വയ്ക്കുന്ന രീതി. ഡെന്റൽ ഇംപ്ലാന്റ് ചികിത്സയിൽ എല്ലിന്റെ ഘടന അനുസരിച്ച് ട്രീറ്റ്മെന്റിൽ വ്യത്യാസം വരുന്നു. മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഏത് ചികിത്സ തിരഞ്ഞെടുക്കണം എന്നത് രോഗിയുടെ നഷ്ടമായ പല്ലുകളുടെ എണ്ണം, താടിയെല്ലിന്റെയും ചുറ്റുമുള്ള ഭാഗങ്ങളുടെയും ഘടന, ശരീരത്തിന്റെ പൊതുവായ ആരോഗ്യസ്ഥിതി എന്നിവ വിലയിരുത്തിയ ശേഷം ഡോക്ടർ തീരുമാനിക്കേണ്ടതാണ്. മറ്റു രണ്ടു ചികിത്സകളെക്കാൾ ഇംപ്ലാന്റ് ചികിത്സക്ക് ഗുണങ്ങൾ ഏറെയുണ്ട്. ഊരി മാറ്റുന്ന പല്ലുസെറ്റുകൾ ദിവസേന ഊരിമാറ്റി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. ഇത് സാധാരണഗതിയിൽ രോഗികൾക്ക് വലിയതോതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു. ബ്രിഡ്ജ് ചികിത്സയിൽ തൊട്ടടുത്തുള്ള പല്ലുകൾ രാകി ചെറുതാക്കേണ്ടത് ആവശ്യമായതുകൊണ്ട് അടുത്തുള്ള പല്ലുകൾക്കും ചെറിയതോതിൽ ദോഷം സംഭവിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഡെന്റൽ ഇംപ്ലാന്റ് ചികിത്സ തന്നെയാണ് നഷ്ടപ്പെട്ട് പോയ പല്ലുകൾ മാറ്റിവെക്കുന്നതിനുള്ള ഏറ്റവും ഉത്തമ മാർഗ്ഗം.

ഇംപ്ലാന്റ് ചികിത്സയ്ക്ക് പല ഘട്ടങ്ങളുണ്ട്. ട്രീറ്റ്മെന്റിന്റെ ഭാഗമായി ആദ്യമായി തന്നെ ബ്ലഡ് ടെസ്റ്റുകൾ നടത്തേണ്ടതാണ്. സാധാരണ മറ്റു ശസ്ത്രക്രിയകൾ നടത്തുമ്പോൾ ചെയ്യുന്നതുപോലെ ഉള്ള ബ്ലഡ് ടെസ്റ്റുകൾ ആണ് അവ. ട്രീറ്റ്മെന്റ് പ്ലാനിങ്ങിന്റെ ഭാഗമായുള്ള മറ്റു പരിശോധനകളും ഉണ്ട്. താടിയെല്ലിൽ ഇംപ്ലാന്റ് സ്ഥാപിക്കുന്നത് ഒരു ചെറിയ ശസ്ത്രക്രിയ വഴിയാണ്. രക്തസമ്മർദ്ദം, പ്രമേഹം ഇവ നിയന്ത്രണവിധേയമായിരിക്കണം. പല്ല് എടുക്കുമ്പോൾ സാധാരണ അനുഭവപ്പെടാറുള്ള ബുദ്ധിമുട്ടുകൾ തന്നെയാണ് ഇംപ്ലാന്റ് ചികിത്സയിലും ഉള്ളത്.

ഇതൊരു മൈനർ സർജറിയാണ്. ഭയപ്പെടേണ്ടതില്ല.സാധാരണയായി ഇംപ്ലാന്റ് വയ്ക്കുന്ന ഭാഗം മാത്രം മരവിപ്പിച്ച ശേഷമാണ് ഈ ശസ്ത്രക്രിയ ചെയ്യാറുള്ളത്. അതിന്ശേഷം എല്ലിന്റെ അളവും ഘടനയും മനസ്സിലാക്കാൻ എക്സറേ എടുത്തു നോക്കേണ്ടതുണ്ട്. എക്സ്-റേയിൽ നിന്ന് എല്ലിന്റെ ഘടനയും അളവും മനസ്സിലാക്കിയശേഷം മാത്രമേ ഇംപ്ലാന്റ് ചികിത്സ ചെയ്യാൻ സാധിക്കുകയുള്ളൂ. കൃത്യ സ്ഥലത്ത് ഇംപ്ലാന്റ് ഉറപ്പിക്കാൻ സർജിക്കൽ ടെമ്പ്ലേറ്റ് ഉണ്ടാക്കുന്ന പതിവുണ്ട്.  അതിന്റെ ഫലമായി ഇംപ്ലാന്റ് കൃത്യ സ്ഥാനത്തു തന്നെ ഉറപ്പിക്കാൻസാധിക്കും. ഏകദേശം ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കാവുന്ന ചികിത്സയാണിത്.

ശുദ്ധീകരിച്ച ടൈറ്റാനിയം ലോഹം ആണ് ഇംപ്ലാന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. മുറിവുണങ്ങിയ ശേഷം മൂന്ന് നാല് മാസത്തിനുള്ളിൽ എല്ലും ഇംപ്ലാന്റും തമ്മിൽ ചേർന്ന് ഉറച്ചു കഴിഞ്ഞിട്ടുണ്ടാവും. ഒരു എക്സറേ എടുത്ത് പുരോഗതി വിലയിരുത്താം. അതിനുശേഷം ആണ് പല്ലുകൾ ഇംപ്ലാന്റിൽ ഉറപ്പിക്കുന്ന  ചികിത്സയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്.  സ്ക്രൂ അല്ലെങ്കിൽ സിമന്റ്‌ ഉപയോഗിച്ചാണ് സാധാരണയായി ഇംപ്ലാന്റിൽ പല്ലുകൾ ഉറപ്പിച്ചു നിർത്തുന്നത്.  മൂന്ന് മാസം മുതൽ ആറു മാസം വരെ കാലയളവാണ് ഇംപ്ലാന്റ് ചികിത്സ പൂർത്തിയാക്കാൻ ആവശ്യമായി വരുന്നത്. നഷ്ടമായ പല്ലുകൾ പുനസ്ഥാപിക്കാൻ ഈ മൂന്ന് തരത്തിലുള്ള ചികിത്സവിധികൾ ഉണ്ടെങ്കിലും ഇംപ്ലാന്റ് ചികിത്സയാണ് ഏറ്റവും നല്ലതും മറ്റു പല്ലുകൾക്ക് ദോഷം വരുത്താത്തതുമായ ചികിത്സരീതി.     നഷ്ടമായ പല്ലുകൾ മാറ്റിവയ്ക്കുന്നതിൽ നാം കാണിക്കുന്ന അശ്രദ്ധ പലപ്പോഴും താടിയെല്ലിന്റെ ജോയിന്റ് സംബന്ധമായ പ്രശ്നങ്ങളിലേക്കാണ് നയിക്കുക. അത് മുകളിൽ പറഞ്ഞതുപോലുള്ള അവസ്ഥകൾക്ക് കാരണമാവും. അതുകൊണ്ട് നഷ്ടമായ പല്ലുകളുടെ പുനസ്ഥാപനം വഴി ദന്താരോഗ്യം വീണ്ടെടുക്കാം.

ഡോ. സി. സംഗീത MDS, SVM

സി. ഡോ. സംഗീത SVM

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.