അർജന്റീനയുടെ മദ്ധ്യസ്ഥയായ ലൂഹാനിലെ പരി. കന്യകാമറിയം

അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസ് നിന്ന് 43 മൈൽ അകലെ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മരിയൻ തീർഥാടനകേന്ദ്രമാണ് ലുഹാനിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തീർഥാടനകേന്ദ്രം (Our Lady of Lujan- Nuestra Senora de Lujan). 1887-ൽ ആരംഭിച്ച ഈ ദൈവാലയത്തിന്റെ നിർമ്മാണം 1935-ൽ പൂർത്തിയായി. അർജൻറീന, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥയാണ് ലുഹാനിലെ മാതാവ്. മെയ് എട്ടാം തീയതിയാണ് ലൂഹാനിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്.

1630 ൽ ബ്രസീലിൽ നിന്നു പരിശുദ്ധ കന്യകാമറിയത്തിൻ്റെ രണ്ട് ചെറിയ രൂപങ്ങൾ കൊണ്ടുവന്നതിൽ നിന്നു തുടങ്ങുന്നു ഈ തീർത്ഥാടന കേന്ദ്രത്തിൻ്റെ ഉത്ഭവം. ഐതീഹ്യമനുസരിച്ച്, സുമാമ്പയിൽ (Sumapa) താമസിച്ചിരുന്ന അൻ്റോണിയോ ഫരിയാസ് സാ എന്ന പോർച്ചുഗീസ് പ്രഭു പരിശുദ്ധ കന്യകാമറിയത്തിൻ്റെ ബഹുമാനാർത്ഥം ഒരു ചാപ്പൽ പണിയാൻ തീരുമാനിക്കുന്നു. തൽപ്രകാരം ബ്രസീലിലുള്ള തൻ്റെ സുഹൃത്തിനോട് അമലോത്ഭവ മാതാവിൻ്റെ ഒരു തിരുസ്വരൂപം അയച്ചുതരാൻ ആവശ്യപ്പെടുന്നു. സുഹൃത്ത് രണ്ട് രൂപങ്ങൾ അയച്ചുകൊടുത്തു

ബ്യൂണസ് അയേഴ്സ് തുറമുഖത്ത് എത്തിയ രൂപങ്ങൾ അവ രണ്ട് പെട്ടികളിലാക്കി ഒരു കാളവണ്ടിയിലാക്കി ലക്ഷ്യസ്ഥാനത്തേക്കു കൊണ്ടു പോകുന്നു. മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം രാത്രിയിൽ, ലുഹാനിനടുത്തുള്ള സെലായ (Zelaya) പട്ടണത്തിൽ എത്തി വിശ്രമിച്ചു.

പിറ്റേ ദിവസം യാത്ര പുറപ്പെടാൻ ആരംഭിച്ചപ്പോൾ കാളകൾക്ക് വണ്ടി വലിക്കാൻ കഴിഞ്ഞില്ല. രണ്ട് ചെറിയ പെട്ടികളിലെ മാതാവിൻ്റെ തിരുസ്വരുപങ്ങൾ ഒഴികെ കാളവണ്ടിയിലെ  ഒട്ടുമിക്ക സാധനങ്ങളും ഇറക്കിയെങ്കിലും കാളകൾക്ക് വണ്ടി വലിക്കാൻ കഴിഞ്ഞില്ല. അവസാനം അവർ രണ്ട് ചെറിയ പെട്ടികൾ തുറന്നു പരിശോധിച്ചപ്പോൾ അത് മറിയത്തിൻ്റെ വ്യത്യസ്തമായ രണ്ടു രൂപങ്ങളാണു മനസ്സിലാക്കി. അമലോത്ഭവ മാതാവിൻ്റെയും, ഈശോയെ കൈകളിൽ വഹിച്ചുകൊണ്ടിരുന്ന മറിയത്തിൻ്റെയും പ്രതിമകളായിരുന്നു അവ.

ആദ്യം ഈശോയെ കൈകളിൽ വഹിച്ച മറിയത്തിൻ്റെ രൂപം നീക്കം ചെയ്തെങ്കിലും  അപ്പോഴും കാളകൾക്ക് അനങ്ങാൻ കഴിഞ്ഞില്ല. പിന്നീട് അമലോത്ഭവ മാതാവിൻ്റെ രൂപം വണ്ടിയിൽ നിന്നു മാറ്റിയപ്പോൾ വണ്ടി മുന്നോട്ടു നീങ്ങി എന്നാണ് ഐതീഹ്യം. സംഭവമറിഞ്ഞു ഒത്തുകൂടിയ വിശ്വാസികൾ മറിയത്തിൻ്റെ പ്രതിമ അവിടെ തന്നെ സൂക്ഷിക്കാൻ തീരുമാനിച്ചു, അതിൽ പ്രകാരം മറിയത്തിൻ്റെ രൂപം അടുത്തുള്ള  റോസെൻഡോ ഒറമാസ് എന്ന വൈദീകൻ്റെ വീട്ടിലേക്ക് മാറ്റി, മറിയത്തിനായി അദ്ദേഹം അവിടെ ഒരു ചാപ്പൽ നിർമ്മിച്ചു. 1763-ൽ ഈ തിരുസ്വരുപം ലുഹാൻ  നഗരത്തിലെ വലിയ ദേവാലയത്തിലേക്ക് മാറ്റി. 1930-ൽ  പന്ത്രണ്ടാം പീയൂസ് മാർപാപ്പ ഈ മരിയൽ തീർത്ഥാടന കേന്ദ്രത്തെ ബസിലിക്കാ പദവിയിലേക്ക് ഉയർത്തി.  രണ്ടാമത്തെ മരിയൻ തീരുസ്വരൂപം സുമാമ്പയിൽ തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നു.

ബസിലിക്കായുടെ രണ്ടു പ്രധാന ഗോപുരങ്ങൾക്ക് 106 മീറ്റർ വീതം ഉയരമുണ്ട്. ഫ്രഞ്ച് ഗോതിക് ശൈലിയിലാണ് ഉൾഭാഗം നിർമ്മിച്ചിരിക്കുന്നത്. രണ്ടടി ഉയരം മാത്രമുള്ള കളിമണ്ണിൽ ചുട്ടെടുത്ത പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപത്തിൽ ശുദ്ധ സ്വർണ്ണത്തിൽ നിർമ്മിച്ച കിരീടമുണ്ട്. രൂപം നശിക്കാതിരിക്കാൻ 1887 ൽ വെള്ളി കൊണ്ടുള്ള ആവരണം നിർമ്മിച്ചു. അർജൻ്റീനയുടെ ദേശീയ പതാകയുടെ നിറങ്ങളായ വെള്ള നിറത്തിലുള്ള കുപ്പായവും നീല നിറത്തിലുള്ള മേലങ്കിയുമാണ് പരിശുദ്ധ മറിയത്തെ സാധാരണ അണിയിക്കുന്നത്.

പ്രതിവർഷം അറുപതു ലക്ഷം ജനങ്ങൾ സന്ദർശിക്കുന്ന മരിയൻ തീർത്ഥാടന കേന്ദ്രമാണിത്. ഒക്ടോബറിലെ ആദ്യ ഞായാഴ്ചയ്ക്കു മുമ്പോ ശേഷമോ സാധാരണ രീതിയിൽ പത്തു ലക്ഷത്തോളം യുവജനങ്ങൾ ബ്യൂണസ് ഐറിസിൽ നിന്നു 68 കിലോമീറ്റർ കാൽ നടയായി ലുഹാനിലെ മാതാവിൻ്റെ സവിധത്തിൽ എത്തുന്നു. ലുഹാനിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലെ പ്രധാന തിരുനാൾ ദിനങ്ങൾ മെയ് മാസം എട്ടാം തീയതിയും ഡിസംബർ മാസം എട്ടാം തീയതിയുമാണ്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.