ലോക കാന്‍സര്‍ ദിനം – നമ്മെ ഒരുമിപ്പിക്കാനുള്ള ദിനം

ഫെബ്രുവരി 4, ലോക കാന്‍സര്‍ ദിനമാണ്. കാൻസർ എന്ന രോഗവും അതിനെതുടർന്നുള്ള മരണനിരക്കും കുറച്ചുകൊണ്ട് കാൻസർ രോഗമില്ലാത്ത ഒരു ഭാവിക്കായി ‘യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോളി’ന്റെ (യു.ഐ.സി.സി) നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ലോക കാൻസർ ദിനം ആചരിക്കുന്നത്. കാൻസറിനെതിരെ പോരാടുന്നവരെ ഒന്നിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും നേതൃത്വംനൽകുന്ന ഒരു സംരംഭമാണ് യു.ഐ.സി.സി. 2000 -ലാണ് കാൻസർ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

എന്താണ് കാൻസർ?

നമ്മുടെ ശരീരത്തിലെ ഒരുകൂട്ടം സാധാരണ കോശങ്ങളെ, അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേക്കു നയിക്കുന്ന ഒരു രോഗമാണ് കാൻസർ. പലതരത്തിലുള്ള കാൻസറുകൾ ഇന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

എന്തുകൊണ്ടാണ് നമ്മൾ കാൻസർ ദിനം ആചരിക്കുന്നത്? 

എല്ലാവർഷവും ഫെബ്രുവരി 4-ന് ലോക കാൻസർ ദിനം ആചരിക്കുന്നു. ലോക കാൻസർ പ്രഖ്യാപനത്തെ പിന്തുണയ്ക്കുക എന്നതാണ് ഇതിലൂടെ യു.ഐ.സി.സി ഉദ്ദേശിക്കുന്നത്. കാൻസർ രോഗികളുടെ എണ്ണം കുറയ്ക്കുകയും അതുമൂലമുണ്ടാകുന്ന മരണനിരക്ക് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രാഥമികലക്ഷ്യം.

സമൂഹത്തിൽ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന കാൻസറിനെ നേരിടാൻ എല്ലായിടത്തും ഒരേസ്വരത്തിൽ ഒന്നിക്കാനുള്ള ഒരു ദിനംകൂടിയാണ് വേൾഡ് കാൻസർ ഡേ. ഒരു വ്യക്തി എന്നനിലയില്‍ കാന്‍സറിനെതിരെ എന്തെല്ലാം ചെയ്യാനാകുമെന്നു ചിന്തിക്കാന്‍ ഓരോ വ്യക്തിയെയും പ്രേരിപ്പിക്കുന്ന അവസരമയിരിക്കണം കാൻസർ ദിനം.

ലോക കാൻസർ ദിനം എങ്ങനെ ആചരിക്കാം?

വിവിധ മാര്‍ഗങ്ങളിലൂടെ നമുക്കു ലോക കാന്‍സര്‍ ദിനം ആചരിക്കാനാവും.

1. പൊതുവായ രീതിയില്‍ സമൂഹത്തിലെ എല്ലാവരെയും ഉള്‍പ്പെടുത്തിയും ബോധവല്‍ക്കരിച്ചും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് ഇത് ചെയ്യാവുന്നതാണ്. സോഷ്യൽ മീഡിയ ഹാഷ് ടാഗിലൂടെ – #ClosetheCareGap – WhatsApp, Instagram, IMO, Facebook, Twitter കാമ്പെയ്‌നുകളിൽ ചേരുക എന്നതാണ് ഒരു മാര്‍ഗം.

2. കാൻസർ നിങ്ങളിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ഒരുനിമിഷം ചിന്തിക്കുക. നിങ്ങള്‍ക്ക് കാൻസര്‍ വന്നാല്‍ എന്തുസംഭവിക്കുമെന്നു ചിന്തിക്കാൻ അല്പസമയം ചെലവഴിക്കുക. അതുപോലെ ബുദ്ധിമുട്ടുകളനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് നിങ്ങളുടെ സമയമോ, പണമോ നല്കാന്‍ സാധിക്കുമെങ്കില്‍ നല്‍കുക. നമ്മുടേതായ ആവശ്യത്തിനോ, ഒരു കാന്‍സര്‍ രോഗിക്കായോ ഒരു ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യുക മറ്റൊരു മാര്‍ഗമാണ്. കൂടാതെ, ആരോഗ്യകരമായ ഒരു ഭക്ഷണരീതി തിരഞ്ഞെടുക്കുക എന്നതും ഈ ദിനത്തില്‍ ചെയ്യാവുന്നതാണ്. പോസിറ്റീവ് നടപടിയെടുക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുക എന്നതാണ് പ്രധാനം.

3. പ്രിയപ്പെട്ടവരെ ഓർക്കാം; അവർക്കു കൈത്താങ്ങാവാം. കാൻസർ എന്ന ബിഗ് ‘C’ സ്പർശിച്ച നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാൻ അല്പസമയം ചിലവഴിക്കാം. അവരെ ഓര്‍മ്മിക്കാം, ഫോണ്‍ ചെയ്യാം, സന്ദര്‍ശിക്കാം.

‘Close the Care Gap’ – എന്നാല്‍ എന്താണ്?

2022 മുതൽ 2024 വരെയുള്ള വേൾഡ് കാൻസർ ഡേ തീമാണ് ‘ക്ലോസ് ദ കെയർ ഗ്യാപ്പ്’ എന്നത്. കാൻസർ പ്രതിരോധം, രോഗനിർണ്ണയം, ചികിത്സ എന്നിവയ്ക്ക് നിരവധി സാധ്യതകളുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. കാൻസർ ചികിത്സ തേടുന്ന നമ്മളിൽ പലരും ഓരോ ഘട്ടത്തിലും അനവധി തടസ്സങ്ങൾ നേരിടേണ്ടിവരുന്നു. വരുമാനം, വിദ്യാഭ്യാസം, പ്രായം, വൈകല്യം, ജീവിതശൈലി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം തുടങ്ങിയവ കാൻസർ പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. അതിനാൽ ഈ വർഷത്തെ ലോക കാൻസർ ദിനത്തിൽ ഇത്തരത്തിലുള്ള എല്ലാവിധ പ്രതികൂല ഘടകങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് എല്ലാവര്‍ക്കും ഒരേ രീതിയിലുള്ള കാൻസർ ചികിത്സ ലഭിക്കാനുള്ള സാഹചര്യം വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. അതിനെയാണ് ‘ക്ലോസ് ദ കെയർ ഗ്യാപ്പ്’ എന്നുപറയുന്നത്.

കാന്‍സറിനെക്കുറിച്ചു പറയുമ്പോഴും കേള്‍ക്കുമ്പോഴും ഉണ്ടാകുന്ന ഭീതിയാണ് പല തരത്തിലുള്ള മിഥ്യാധാരണകൾക്കു കാരണമാകുന്നത്. കാൻസറിനെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാനും രോഗത്തെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്താനും നമ്മുടെ സമൂഹത്തിനെ പ്രാപ്തരാക്കേണ്ടതുണ്ട്.

മൂന്നുവർഷത്തെ കാമ്പെയ്‌ൻ

ലോക കാൻസർ ദിനം ഒരു ദിവസമണെങ്കിലും നമ്മുടെ കാമ്പെയ്‌ൻ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഒന്നാണ്. അതുവഴി കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുന്നതിനും കൂടുതൽ അവബോധം നല്‍കുന്നതിനും സാധിക്കും. മാത്രവുമല്ല, മികച്ച കാൻസർ പരിചരണത്തിലേക്കുള്ള നമ്മുടെ ചുവടുവയ്പ്പിന് ഊർജം പകരാനും ഇതിനു കഴിയും.

2022-ലെ ലക്ഷ്യം: പ്രശ്നം മനസ്സിലാക്കുന്നു

ക്ലോസ് ദ കെയർ ഗ്യാപ്പ് കാമ്പെയ്നിന്റെ ആദ്യ വർഷം കാൻസർ പരിചരണത്തിലെ പോരായ്മകൾ മനസ്സിലാക്കുന്നതിനും തിരിച്ചറിയുന്നതിനുംവേണ്ടിയാണ്.

എന്തൊക്കെയാണ് കാൻസർ പരിചരണത്തിലെ പോരായ്മകൾ?

● ജീവൻ നഷ്ടപ്പെടുത്തുന്നു.
● കാൻസർ ചികിത്സ തേടുന്ന ആളുകൾക്ക് ഓരോ ഘട്ടത്തിലും നേരിടേണ്ടിവരുന്ന തടസ്സങ്ങൾ.
● വിദ്യാഭ്യാസത്തിന്റെ അഭാവം, ലിംഗഭേദം, പ്രായം, വൈകല്യം, ജീവിതശൈലി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം തുടങ്ങിയവ കാൻസർ പരിചരണത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.
● ഈ വിടവ് നിങ്ങളുടെ പ്രിയപ്പെട്ടവർ ഉൾപ്പെടെ എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് എന്ന ബോധ്യത്തിലേക്കു വരിക.

കാൻസറിനെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകൾ കുറയ്ക്കാനും കാൻസർ ബാധിച്ചവരെ ശ്രദ്ധിക്കാനും അവരുടെ അനുഭവങ്ങൾ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും നയിക്കാനും സഹായിക്കുന്ന വർഷമാണിത്.

2023-ലെ ലക്ഷ്യം: നമ്മളുടെ ശബ്ദങ്ങൾ ഏകീകരിക്കുകയും നടപടിയെടുക്കുകയും ചെയ്യുന്നു

നമ്മുടെ കാമ്പെയ്‌ൻ തുടരുമ്പോൾ, നമ്മൾ സമാന ചിന്താഗതിക്കാരുമായി ചേരുകയും അതുവഴി നമ്മൾ ഐക്യപ്പെടുകയും ചെയ്യുമ്പോൾ നമ്മൾ ശക്തരാണെന്നു നമുക്ക് മനസ്സിലാകും. അതുവഴി യഥാർഥ ലോകപുരോഗതിയെ അതിന്റെ വിവിധ രൂപങ്ങളിൽ നമ്മൾ ആഘോഷിക്കുകയും ന്യായമായ പോരാട്ടത്തിന് ആക്കംകൂട്ടാൻ അനുവദിക്കുകയും ചെയ്യുന്നു.

നമ്മുടെ പ്രവർത്തനങ്ങൾ പലതരത്തിലാവാം. അയല്‍വാസിയായ കാന്‍സര്‍ രോഗിക്ക് ചികിത്സയ്ക്കുപോകാൻ വാഹനം നൽകാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക, അല്ലെങ്കിൽ പ്രാദേശികമായി ആരോഗ്യകരവും താങ്ങാനാവുന്നതുമായ ചികിത്സാസൗകര്യം ഒരുക്കുക തുടങ്ങിയവയൊക്കെ നമുക്കു ചെയ്യാവുന്നതാണ്. നമ്മുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സഹപ്രവർത്തകരെയും സമൂഹത്തെയും നമ്മൾ കാൻസറിനെതിരായി അണിനിരത്തുക. നമ്മൾ ഒരുമിച്ചുനിന്നാല്‍ എന്തുംനേടാനാകുമെന്ന് അതുവഴി തെളിയിക്കാന്‍ സാധിക്കുന്നു.

2024 -ലെ ലക്ഷ്യം: നമ്മൾ ഒരുമിച്ച് അധികാരത്തിലുള്ളവരെ ബോധവല്‍ക്കരിക്കുകയും തീരുമാനങ്ങളെടുപ്പിക്കുകയും ചെയ്യുന്നു

നമ്മുടെ കാമ്പെയ്‌നിന്റെ അവസാന വർഷം നമ്മുടെ ആശയങ്ങളെ ഉയർന്ന തലത്തിലേക്കു കൊണ്ടുവരുന്നു. അക്ഷരാർഥത്തിൽ നമ്മുടെ നേതാക്കളുമായി ഇടപഴകി നമ്മുടെ ശബ്ദം അവരുടെയിടയിൽ എത്തിക്കുകയാണ് ഈ സമയത്ത് നടക്കേണ്ടത്‌. നമ്മോടൊപ്പം, നമ്മുടെ അറിവും ഒരു ഏകീകൃത സമൂഹവുമുള്ളതിനാൽ അനീതിയുടെ അടിത്തറ ഇളക്കാനും അതുവഴി ശാശ്വതമായ മാറ്റത്തിനായി (Close the Care Gap) നേതാക്കളെ പ്രേരിപ്പിക്കാനും നമുക്ക് സാധിക്കും.

അർബുദത്തിന് മുൻഗണന നൽകുക, അസമത്വത്തെ നേരിടാനും ഇല്ലാതാക്കാനും വേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായി നമ്മുടെ നേതാക്കളെ പ്രേരിപ്പിക്കാൻ കഴിയണം. അതുവഴി ആരോഗ്യ അസമത്വങ്ങൾ ഇല്ലാതാക്കാൻ സാധിക്കും. എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ എപ്പോൾ, എവിടെ, എങ്ങനെ ആവശ്യമാണെന്ന് ഉറപ്പുവരുത്താനും നമുക്കു സാധിക്കും.

ഈ ലോക കാൻസർ ദിനത്തിൽ ചെറുതോ, വലുതോ ആയ മാറ്റങ്ങൾ വരുത്താനുള്ള കഴിവ് നമ്മിൽ ഓരോരുത്തരിലും ഉണ്ടെന്നുള്ള തിരിച്ചറിവാണ് വേണ്ടത്. വേർതിരിവുകളില്ലാതെ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഈ ഫെബ്രുവരി 4-ന് നമുക്കൊരുമിച്ച് കൈകോർക്കാം, കാൻസർരഹിത ലോകത്തിനായി…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.