“ഞങ്ങൾ ഒരിക്കലും തിന്മക്കു പകരം തിന്മ ചെയ്യില്ല; നിങ്ങൾ ചെയ്തത്, ഞങ്ങൾ നിങ്ങൾക്ക് തിരികെ നൽകില്ല” – നൈജീരിയയിലെ വിശ്വാസികൾ പറയുന്നു

വടക്കൻ നൈജീരിയയിൽ സമാധാനത്തോടെ ജീവിച്ചിരുന്ന ക്രൈസ്തവ കൂട്ടായ്മയുടെ തലവനായിരുന്നു മാർക്കസ് അബാന. 2014 -ൽ ബോക്കോ ഹറാം തീവ്രവാദികൾ തങ്ങളുടെ നഗരത്തിന് അടുത്തെത്തിയിരിക്കുന്നതായി അവർ അറിഞ്ഞു. എവിടേക്കാണ് രക്ഷപെടേണ്ടത് എന്നു പോലും അവർക്കറിയില്ലായിരുന്നു.

തീവ്രവാദികൾ അവരുടെ നഗരം നശിപ്പിച്ചു, ദൈവാലയങ്ങൾ കത്തിച്ചു, നഗരവാസികളെ കൊന്നൊടുക്കി. അന്തരീക്ഷത്തിലാകെ നിലവിളിയും കരച്ചിലും തളംകെട്ടി നിന്നു. നിലത്തെങ്ങും ചോരപ്പുഴയായിരുന്നു. ജീവൻ തിരികെ ലഭിച്ചവർ ആ നഗരത്തിൽ നിന്ന് വേഗത്തിൽ തന്നെ പലായനം ചെയ്തു. എന്നാൽ ആ നഗരത്തിലെ ഒരു മുസ്ലീം മോസ്‌ക്ക് പോലും തകർന്നിരുന്നില്ല. അവ ഇപ്പോഴും നഗരത്തിൽ തലയുയർത്തി തന്നെ നിലനിൽക്കുന്നു.

മാസങ്ങൾക്കു ശേഷം ബോക്കോ ഹറാം തീവ്രവാദികൾ ആ നഗരത്തിൽ നിന്നു പോയപ്പോൾ, അന്ന് പലായനം ചെയ്ത പലരും രാത്രികാലങ്ങളിലായി നഗരത്തിലേക്ക് തിരികെ വന്നു. തിരികെ വന്ന അവർ നെഞ്ചിടിപ്പോടെയാണ് തകർന്നു കിടക്കുന്ന തങ്ങളുടെ നഗരത്തെ കണ്ടത്. ദൈവാലയങ്ങളുടെ ചുമരുകളിൽ രക്തക്കറ പുരണ്ടിട്ടുണ്ടായിരുന്നു. അവിടേക്ക് വീണ്ടുമൊന്നു പ്രവേശിക്കാൻ ആർക്കും താല്പര്യമില്ലായിരുന്നു. കാരണം ദൈവാലയത്തിലേക്കു പ്രവേശിച്ചാൽ തീവ്രവാദികൾ തങ്ങളെ വീണ്ടും ആക്രമിക്കും എന്ന ഭയമായിരുന്നു അവരുടെ മനസ്സിൽ. ദൈവത്തോടൊപ്പം നടക്കുമ്പോൾ പ്രശ്നങ്ങൾ വരുമെന്ന് അറിയാമെങ്കിലും ഇങ്ങനെ ഒരു അനുഭവം നൈജീരിയയിലെ വിശ്വാസികളുടെ ആത്മീയജീവിതത്തെ വല്ലാതെ ഉലച്ചു. അവരുടെ വിശ്വാസം ശിഥിലമാക്കപ്പെട്ടു.

മാർക്കസ് അബാനയ്ക്ക് തന്റെ സഹോദരങ്ങളുടെ വിശ്വാസം ക്ഷയിക്കുന്നതു കണ്ട് വെറുതെയിരിക്കാനായില്ല. അദ്ദേഹം വീടുകൾ തോറും കയറിയിറങ്ങി വിശ്വാസികളോട് ദൈവത്തിന്റെ വചനം പങ്കുവച്ചു. ദൈവത്തിൽ പൂർണ്ണമായി വിശ്വാസം അർപ്പിക്കണമെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. ദൈവാലയത്തിലേക്ക് വീണ്ടും വരാനായി അവരെ പ്രോത്സാഹിപ്പിച്ചു. പലരും ഭയം മൂലം, വരില്ല എന്നു പറഞ്ഞെങ്കിലും മാർക്കസിന്റെ വാക്കുകൾക്ക് അവരെ ശക്തിപ്പെടുത്താനായി. അങ്ങനെ ദൈവാലയത്തിലേക്ക് വരാൻ ചിലരൊക്കെ സമ്മതം മൂളി. അങ്ങനെ ദൈവാലയ പ്രാർത്ഥനകൾ പുനരാരംഭിച്ചു. ക്രമേണ ദൈവാലയത്തിലേക്ക് വരുന്നവരുടെ എണ്ണവും വർദ്ധിച്ചു.

ദൈവാലയത്തിൽ പ്രാർത്ഥനാ ശുശ്രൂഷകളോടൊപ്പം വിശ്വാസികളുടെ മനസ്സിനേറ്റ മുറിവിനെയും സൗഖ്യമാക്കാൻ പ്രത്യേക ശ്രമങ്ങളും നടന്നു. ക്രമേണ എല്ലാവരും പഴയ വിശ്വാസത്തിലേക്ക് തിരികെ വന്നു. മുഖത്ത് ഒരു ചെറുപുഞ്ചിരിയും ഹൃദയത്തിൽ തികഞ്ഞ സന്തോഷവുമുള്ളവരായി അവർ മാറി.

ബോക്കോ ഹറാമിന്റെ ആക്രമണത്തിനു മുമ്പ് മാർക്കേസിന്റെ സഭയിൽ 200 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് 300 മുതൽ 400 വരെ അംഗങ്ങളുണ്ട്.

ബോക്കോ ഹറാം തീവ്രവാദികളോട് പറയാനുള്ളത്…

“ഞങ്ങൾ ഒരിക്കലും തിന്മക്കു പകരം തിന്മ ചെയ്യില്ല; നിങ്ങൾ ചെയ്തത്, ഞങ്ങൾ നിങ്ങൾക്ക് തിരികെ നൽകില്ല. നിങ്ങൾ ക്രിസ്തുവിലേക്ക് മടങ്ങുക. നിങ്ങൾ ഞങ്ങളുടെ ആളുകളെ കൊന്നു, ഞങ്ങളുടെ സ്വത്ത് കൊള്ളയടിച്ചു, ഞങ്ങളുടെ വീടുകളും ദൈവാലയങ്ങളും നശിപ്പിച്ചു. എന്നാൽ നിങ്ങളുടെ എല്ലാ പാപങ്ങളും നിങ്ങളോട് ക്ഷമിക്കാൻ ദൈവം തയ്യാറാണ്” – മാർക്കസ് അബാന പറയുന്നു.

നമ്മുടെ രക്ഷകനായ യേശു കടന്നുപോകാത്ത ഒരു കഷ്ടപ്പാടും അവിടുന്ന് നമുക്കും അനുവദിച്ചിട്ടില്ല. അവന്റെ അനുയായികളായിത്തീർന്ന നാമും അതിലൂടെ കടന്നുപോകും. ​​പക്ഷേ അവസാനം നമ്മൾ വിജയിക്കും.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.