പണം കയ്യിൽ നിൽക്കുന്നില്ലേ? അമിതച്ചെലവുകൾ നിയന്ത്രിക്കാൻ അഞ്ചു വഴികൾ

പണം സന്തോഷം വാങ്ങിത്തരുമോ എന്നറിയില്ല. എന്നാൽ പണമില്ലാത്ത അവസ്ഥ പലപ്പോഴും സന്തോഷം കെടുത്തും. ഒരുകാലത്ത് കീശയിൽ സൂക്ഷിച്ചിരുന്ന പണം ഇന്ന് മൊബൈൽ ഫോണിലെ ഒരു ക്ലിക്കിലൂടെ ചെലവായിപ്പോകുന്നു. പണം ചെലവാകുന്നത് അറിയുന്നില്ലെങ്കിലും മാസാവസാനം അക്കൗണ്ട് ബാലൻസ് പരിശോധിക്കുമ്പോഴാണ് പലരും ഞെട്ടുന്നത്. വരുമാനം എത്രയുണ്ടെന്നതിലുപരി, അത് എങ്ങനെ ചെലവഴിക്കുന്നു എന്നതും പ്രധാനമാണ്. അനാവശ്യ വാങ്ങലുകളും ചെറിയ ചെറിയ ചെലവുകളും ശ്രദ്ധിക്കാതെ പോകുന്നതാണ് പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്.

കയ്യിലുള്ള പണത്തിനനുസരിച്ച് ജീവിക്കാനും അനാവശ്യ ചെലവുകൾ കുറച്ച് ഭാവിയിലേക്ക് സമ്പാദ്യം കരുതിവയ്ക്കാനും സഹായിക്കുന്ന അഞ്ച് ലളിതമായ വഴികൾ ഇതാ.

1. പെട്ടെന്നുള്ള വാങ്ങലുകൾക്ക് ഒരു ഇടവേള നൽകാം

സോഷ്യൽ മീഡിയയിലെ പരസ്യങ്ങളും ആകർഷകമായ ഓഫറുകളും കണ്ട് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്ന ശീലം ഒഴിവാക്കാം. ഇതിനൊരു നല്ല മാർഗമാണ് ’24 മണിക്കൂർ നിയമം’. എന്തെങ്കിലും വാങ്ങാൻ തോന്നിയാൽ ഉടൻ ഓർഡർ ചെയ്യാതെ ഒരു ദിവസം കാത്തിരിക്കുക. അതിനുശേഷവും ആ സാധനം ആവശ്യമാണെന്ന് തോന്നുന്നുണ്ടോ എന്ന് ചിന്തിക്കുക. പലപ്പോഴും ആഗ്രഹം മാത്രമായിരുന്നു വാങ്ങലിന് പിന്നിലെന്ന് അപ്പോൾ മനസ്സിലാകും. ഈ ചെറിയ കാത്തിരിപ്പ് അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ സഹായിക്കും.

2. വീട്ടിലെ ഭക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകാം

ഇടയ്‌ക്കൊക്കെ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ പതിവായുള്ള ഹോട്ടൽ ഭക്ഷണവും ഓൺലൈൻ ഫുഡ് ഓർഡറുകളും വലിയൊരു തുക ചെലവാക്കാൻ ഇടയാക്കും. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം ആരോഗ്യത്തിനും സാമ്പത്തിക നിലയ്ക്കും ഒരുപോലെ ഗുണകരമാണ്. ഭക്ഷണത്തിനായി ഓരോ മാസവും ഒരു നിശ്ചിത തുക മാറ്റിവയ്‌ക്കുകയും അതിനുള്ളിൽ ചെലവുകൾ ക്രമീകരിക്കുകയും ചെയ്യാം.

3. ഉപയോഗിക്കാത്ത സബ്‌സ്‌ക്രിപ്‌ഷനുകൾ ഒഴിവാക്കാം

ഒരിക്കൽ കൗതുകത്തിന് എടുത്ത പല ആപ്പുകളുടെയും ഒടിടി പ്ലാറ്റ്‌ഫോമുകളുടെയും സബ്‌സ്‌ക്രിപ്‌ഷനുകൾ പിന്നീട് ഉപയോഗിക്കാറില്ല. എന്നാൽ അവയുടെ തുക എല്ലാ മാസവും അക്കൗണ്ടിൽനിന്ന് കുറയുന്നുണ്ടാകും. അതിനാൽ ബാങ്ക് അക്കൗണ്ടിൽനിന്ന് പോകുന്ന സ്ഥിരം പേയ്‌മെന്റുകൾ ഇടയ്ക്കിടെ പരിശോധിക്കുക. ആവശ്യമില്ലാത്തവ ഒഴിവാക്കിയാൽ ചെറിയ തുകകളിലൂടെത്തന്നെ നല്ലൊരു സമ്പാദ്യം ഉണ്ടാക്കാം.

4. കടങ്ങൾ പരമാവധി കുറയ്ക്കാം

ക്രെഡിറ്റ് കാർഡുകളും ഇഎംഐ സൗകര്യങ്ങളും ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഇപ്പോൾ പണം നൽകാതെ സാധനങ്ങൾ വാങ്ങാമെന്ന സൗകര്യം പലപ്പോഴും അനാവശ്യ ചെലവുകൾക്ക് വഴിയൊരുക്കും. വരുമാനത്തിന് താങ്ങാനാകാത്ത വാങ്ങലുകൾ ഒഴിവാക്കുകയും നിലവിലുള്ള കടങ്ങൾ സമയബന്ധിതമായി തിരിച്ചടയ്ക്കുകയും ചെയ്യുക. കടബാധ്യത കുറയുമ്പോൾ സാമ്പത്തിക സമ്മർദവും കുറയും.

5. അടിയന്തര ആവശ്യങ്ങൾക്കായി ഒരു തുക മാറ്റിവയ്ക്കാം

അപ്രതീക്ഷിതമായി ആശുപത്രിച്ചെലവോ വാഹനത്തിന്റെ അറ്റകുറ്റപ്പണിയോ മറ്റു അത്യാവശ്യങ്ങളോ വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ ഒരു അടിയന്തര സമ്പാദ്യം ആവശ്യമാണ്. മാസവരുമാനത്തിൽനിന്ന് ചെറിയൊരു തുകയെങ്കിലും ഇതിനായി മാറ്റിവയ്ക്കുക. തുക ചെറുതാണെങ്കിലും തുടർച്ചയായി സമ്പാദിച്ചാൽ ഭാവിയിൽ വലിയൊരു ആശ്വാസമാകും.

പണം നമ്മെ നിയന്ത്രിക്കാതിരിക്കട്ടെ!

സാമ്പത്തിക ഭദ്രത കൈവരിക്കാൻ വലിയ വരുമാനം മാത്രം മതിയാകില്ല; പണം ചെലവഴിക്കുന്നതിൽ കൃത്യമായ നിയന്ത്രണവും വേണം. ഓരോ ചെലവിനും മുൻപ് അതിന്റെ ആവശ്യകത തിരിച്ചറിയുകയും വരുമാനത്തിനനുസരിച്ച് ജീവിതം ക്രമീകരിക്കുകയും ചെയ്യാം. ചെറിയ മാറ്റങ്ങളിലൂടെ വലിയ സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കാം. ഓർക്കുക, എത്ര പണം സമ്പാദിക്കുന്നു എന്നതിലല്ല, ലഭിക്കുന്ന പണം എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്നതിലാണ് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ രഹസ്യം.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.