വി. ഫൗസ്റ്റീന ഫ്രാന്‍സിസ് പാപ്പായെ സ്വാധീനിച്ചിട്ടുണ്ടോ? ഇതാ ഏഴ് തെളിവുകള്‍

2015 ഡിസംബര്‍ 8-ന് മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനത്തിലാണ്, കരുണയുടെ ജൂബിലി വര്‍ഷം തുറക്കപ്പെട്ടത്. 2016 നവംബര്‍ 20-ന് ക്രിസ്തുവിന്റെ രാജത്വ തിരുനാള്‍ ദിനത്തില്‍ കരുണയുടെ വര്‍ഷത്തിന് സമാപനവും കുറിച്ചു. കരുണയുടെ വര്‍ഷാചരണം നടന്ന സമയത്ത് പലരും ഉന്നയിച്ച ഒരു സംശയമായിരുന്നു ഫ്രാന്‍സിസ് പാപ്പാ ഈ സമയത്തൊന്നും ദൈവകരുണയുടെ പ്രവാചികയായി അറിയപ്പെടുന്ന വി. ഫൗസ്റ്റീനയെക്കുറിച്ച് അധികമൊന്നും പരാമര്‍ശിച്ചില്ല എന്നത്. എന്നാല്‍, ഫ്രാന്‍സിസ് പാപ്പായെ കരുണയുടെ വര്‍ഷാചരണത്തിന് പ്രേരിപ്പിച്ചതില്‍ വി. ഫൗസ്റ്റീന നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വ്യക്തമാണ്. വി. ഫൗസ്റ്റീന, ഫ്രാന്‍സിസ് പാപ്പായില്‍ ചെലുത്തിയ ഏഴ് സ്വാധീന ഘടകങ്ങള്‍ പരിശോധിക്കാം.

1. പേപ്പല്‍ ഉത്തരവ്

കരുണയുടെ വര്‍ഷാചരണം സംബന്ധിച്ച് പാപ്പാ ഔദ്യോഗിക അറിയിപ്പ് നല്‍കിയത് 2015 ഏപ്രില്‍ 11-നായിരുന്നു. അതാകട്ടെ, ദൈവകരുണയുടെ തിരുനാള്‍ ദിവസവും. കരുണയുടെ തിരുനാള്‍ വി. ഫൗസ്റ്റീനയുമായി ഏറെ അടുപ്പമുള്ള ദിനമാണല്ലോ. കൂടാതെ, പാപ്പാ ഔദ്യോഗിക അറിയിപ്പില്‍, കരുണയുടെ അപ്പസ്‌തോലയായ വി. ഫൗസ്റ്റീനയോട് മാദ്ധ്യസ്ഥ്യം യാചിക്കുന്നതിനെക്കുറിച്ച് കുറിക്കുകയും ചെയ്തിരുന്നു.

2. വി. ജോണ്‍പോള്‍ രണ്ടാമനും വി. ഫൗസ്റ്റീനയും

2013-ല്‍ ബ്രസീല്‍ സന്ദര്‍ശനത്തിനുശേഷം വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേ കരുണയുടെ പ്രാധാന്യത്തെക്കുറിച്ചും വി. ഫൗസ്റ്റീനയോടുള്ള ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ഭക്തിയെക്കുറിച്ചും അതുവഴി അദ്ദേഹം ദൈവകരുണയെക്കുറിച്ച് ആഴത്തില്‍ അറിഞ്ഞതിനെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.

3. കരുണയുടെ കടല്‍

‘കരുണയുടെ കടല്‍ ‘ എന്നത് വി. ഫൗസ്റ്റീന ആവര്‍ത്തിച്ച് ഉരുവിട്ടിരുന്ന വാക്കാണ്. 2016-ലെ പുതുവര്‍ഷാരംഭത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേ ഫ്രാന്‍സിസ് പാപ്പാ ‘ കരുണയുടെ കടല്‍’ എന്ന വാക്ക് എടുത്തുപറഞ്ഞിരുന്നു.

4. പോളണ്ട് സന്ദര്‍ശനം

ലോക യുവജന സമ്മേളനത്തിനായി പോളണ്ട് സന്ദര്‍ശിച്ചപ്പോള്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായേയും വി. ഫൗസ്റ്റീനയേയുമാണ് ഫ്രാന്‍സിസ് പാപ്പാ യുവജനദിന സമ്മേളനത്തിന്റെ പാട്ണര്‍മാരായി വിശേഷിപ്പിച്ചത്. ദൈവകരുണയുടെ അപ്പസ്‌തോലരെന്നും അദ്ദേഹം അവരെ വിശേഷിപ്പിച്ചു.

5. ആത്മീയ ഔഷധം

2013-ല്‍ ദൈവകരുണയുടെ ഒരു ചിത്രം ചൂണ്ടിക്കാട്ടി ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു: “ഇതൊരു ആത്മീയ മരുന്നാണ്. ഇത് ഭക്ഷിക്കാന്‍ മറക്കരുത്. കാരണം, ഇത് നിങ്ങള്‍ക്ക് നല്ലതാണ്. നിങ്ങളുടെ ഹൃദയത്തിനും ആത്മാവിനും ശരീരം മുഴുവനും.”

6. വൈദികരോടും

2014-ല്‍ പോള്‍ ആറാമന്‍ ഹാളില്‍ റോമിലെ വൈദികരുടെ ഒരു സമ്മേളനത്തില്‍ വച്ചും ദൈവകരുണയേയും വി. ജോണ്‍പോള്‍ രണ്ടാമനേയും വി. ഫൗസ്റ്റീനയേയും കുറിച്ച് ഫ്രാന്‍സിസ് പാപ്പാ ധാരാളം സംസാരിച്ചു.

7. ക്യൂബ സന്ദര്‍ശനത്തിലും

ക്യൂബ സന്ദര്‍ശനവേളയില്‍ ‘കരുണയുടെ സന്ദേശവാഹകന്‍’ എന്ന പേരാണ് പാപ്പാ യാത്രയുടെ ആപ്തവാക്യമായി സ്വീകരിച്ചത്.

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ദൈവകരുണയുടെ ചിത്രം വെളിപ്പെടുത്തപ്പെട്ട വി. ഫൗസ്റ്റീനയുടേയും ദൈവകരുണയുടെ തിരുനാളിന് ആരംഭം കുറിച്ച വി. ജോണ്‍പോള്‍ രണ്ടാമന്റെയും തിരുശേഷിപ്പുകള്‍ പ്രതിഷ്ഠിച്ചിട്ടുള്ള തീര്‍ത്ഥാടനകേന്ദ്രമായ റോമിലെ സാന്തോ സ്പിരിത്തോ ഇന്‍ സാസിയ ദേവാലയത്തിലാണ് പാപ്പാ ഇത്തവണ ദൈവകരുണയുടെ തിരുനാള്‍ ദിനത്തിലെ ബലിയര്‍പ്പിക്കുന്നതും.

ഫ്രാന്‍സിസ് പാപ്പാ ഉള്‍ക്കൊണ്ട കരുണയുടെ നിര്‍വചനം വി. ഫൗസ്റ്റീനയുടേതിന്റെ ഫോട്ടോകോപ്പി ആയിരുന്നില്ല എന്നതു മാത്രമാണ് വ്യത്യാസം. അതേസമയം, പാപ്പായുടെ കരുണയുടെ നിര്‍വ്വചനത്തിന് വി. മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങളോട് കൂടുതല്‍ സാമ്യമുണ്ടുതാനും. പാപഭാരത്താല്‍ ആത്മാവ് വേദനിക്കുന്ന ജീവിതങ്ങളിലേയ്ക്ക് ദൈവത്തിന്റെ കരുണയാകുന്ന ഔഷധം പകരുക എന്നതാണത്. ദൈവകരുണയെക്കുറിച്ച് വി. ഫൗസ്റ്റീനയോട് ബന്ധപ്പെടുത്തി മാത്രം പഠിപ്പിക്കാതെ അവര്‍ ലോകത്തിനു നല്‍കിയ സന്ദേശത്തെ എങ്ങനെ പ്രവര്‍ത്തിയിലേയ്ക്ക് കൊണ്ടുവരാം എന്നതിനെക്കുറിച്ചാണ് പാപ്പാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നു മാത്രം.