

55 വയസ്സുള്ള രാമചന്ദ്രന് മാസങ്ങളായി ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് രക്തം വരാറുണ്ടായിരുന്നു. അമർത്തി പല്ല് തേക്കുന്നതു കൊണ്ടായിരിക്കുമെന്നു കരുതി അദ്ദേഹം അത് ശ്രദ്ധിച്ചില്ല. ക്രമേണ വായ്നാറ്റവും മോണയ്ക്ക് ചുവന്ന നിറവും വീക്കവും ഉണ്ടായി. പിന്നീട് പല്ലുകൾക്കിടയിൽ ഭക്ഷണം കുടുങ്ങാനും ഒരു പല്ലിന് ചെറിയ ഇളക്കം അനുഭവപ്പെടാനും തുടങ്ങി. അങ്ങനെയാണ് അദ്ദേഹം ആശുപത്രിയിൽ എത്തുന്നത്.
ദന്തപരിശോധനയിൽ പല്ലുകളുടെ ചുറ്റും കാൽക്കുലസ് (നാളുകളായി ഭക്ഷണപദാർഥങ്ങൾ പല്ലിൽ അടിഞ്ഞുകൂടുന്നതിന്റെ ഫലമായി രൂപപ്പെടുന്നത്) അടിഞ്ഞുകൂടിയതും ആഴത്തിലുള്ള പെരിയോടൊന്റൽ പോക്കറ്റ്സ് (Periodontal Pockets) ഉം കണ്ടെത്തി. പരിശോധനയും എക്സ്റേയും നടത്തിയപ്പോൾ ചില ഭാഗങ്ങളിൽ അസ്ഥിക്ക് തേയ്മാനം സംഭവിച്ചതായും കണ്ടെത്തി.
ആദ്യമായി അനുഭവപ്പെട്ട പല്ല് തേക്കുമ്പോൾ മോണയിൽ രക്തം വരുന്ന അവസ്ഥ (Bleeding Gums) തന്നെയായിരുന്നു ആദ്യ മുന്നറിയിപ്പ്. അന്നു തന്നെ ചികിത്സ തേടിയിരുന്നെങ്കിൽ കൂടുതൽ ഗുരുതരമായ മോണരോഗം ഒഴിവാക്കാൻ കഴിഞ്ഞേനെ. ഇതുപോലെ ഒരുപാട് പേർ മോണരോഗങ്ങളെ അവഗണിച്ചു കളയാറുണ്ട്.
വേദനയില്ലാത്തതിനാൽ പ്രശ്നമില്ല എന്ന് കരുതിയ മറ്റൊരു അനുഭവം കൂടെ പറയാം. മഞ്ജുളയ്ക്ക് മോണയിൽ നിന്ന് ഇടയ്ക്കിടെ രക്തം വരാറുണ്ടായിരുന്നു. വേദനയൊന്നും ഇല്ലാത്തതിനാൽ ചികിത്സയുടെ ആവശ്യമില്ലെന്നു കരുതി വർഷങ്ങളോളം അവഗണിച്ചു. പിന്നീട് മോണ ഇറങ്ങിപ്പോവുകയും പല്ലുകൾക്ക് നീളമുള്ളതായി തോന്നുകയും ചെയ്തു. ചവയ്ക്കുമ്പോൾ ചില പല്ലുകൾക്ക് ഇളക്കം അനുഭവപ്പെട്ടതോടെയാണ് അവർ എന്നെ സമീപിച്ചത്.
എക്സ്റേ പരിശോധനയിൽ മോണരോഗത്തിന്റെ അമിതമായ വ്യാപനം മൂലം പല്ലുകളെ ചുറ്റിപ്പറ്റിയുള്ള അസ്ഥിയുടെ അളവ് വളരെയധികം കുറഞ്ഞതായി കണ്ടെത്തി. ചില പല്ലുകളെ മോണരോഗത്തിന്റെ ചികിത്സകൾ നൽകി സംരക്ഷിക്കാനായെങ്കിലും, ചില പല്ലുകൾ സംരക്ഷിക്കാൻ സാധിക്കാതെ എടുത്തുകളയേണ്ടതായി വന്നു.
ഈ രണ്ട് അനുഭവങ്ങളും നൽകുന്ന പാഠം എന്താണ്? മോണയിൽ നിന്ന് രക്തം വരുന്നത് ചെറിയൊരു പ്രശ്നമായി കാണരുത്. രോഗം വേദനയില്ലാതെയും മുന്നോട്ടുപോകാം. നേരത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുമ്പോഴാണ് പല്ലുകളെ ദീർഘകാലം സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ പല്ലുകൾ നഷ്ടപ്പെടുന്നതിനു മുൻപ് അൽപം ശ്രദ്ധ പുലർത്താം.
ബ്രഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് കുറച്ച് രക്തം വരാറുണ്ട്, അതൊന്നും വലിയ കാര്യമല്ല – ഇങ്ങനെ കരുതുന്നവർ നിരവധിയാണ്. വളരെയധികം ആളുകളും ക്ലിനിക്കിൽ വരുമ്പോൾ ഇതു തന്നെയാണ് പറയാറുള്ളതും. എന്നാൽ, മോണയിൽ നിന്ന് ആവർത്തിച്ച് രക്തം വരുന്നത് വായിലെ ആരോഗ്യം സംബന്ധിച്ച ഒരു പ്രധാന മുന്നറിയിപ്പാണ് എന്ന കാര്യം മറക്കാതിരിക്കാം. പലപ്പോഴും ഇത് മോണയിൽ ആരംഭിച്ച അണുബാധയുടെ ആദ്യ ലക്ഷണമാണ്.
ശ്രദ്ധിക്കാതെ പോയാൽ പിന്നീട് ജിൻജിവൈറ്റിസ് (Gingivitis), പെരിയോഡോണ്ടൈറ്റിസ് (Periodontitis), പെരിയോഡോണ്ടൽ പോക്കറ്റ്സ് (Periodontal Pocket), പല്ലിന്റെ ചുറ്റുമുള്ള എല്ലുകളുടെ തേയ്മാനം, അതിന്റെ ഫലമായി പല്ലുകൾക്ക് ഇളക്കം എന്നിവയ്ക്ക് കാരണമാവുകയും ഒടുവിൽ പല്ലുകൾ നഷ്ടപ്പെടുകയും ചെയ്യാം. പല്ലിൽ കേട് വന്നാൽ ഒരു പല്ലാണ് നഷ്ടപ്പെടുന്നതെങ്കിൽ മോണരോഗം മുഴുവൻ പല്ലുകളെയും സാരമായി ബാധിക്കുന്നു.
ഒരാൾക്ക് മോണരോഗം ഉണ്ടെന്നുള്ളതിന്റെ ആദ്യ മുന്നറിയിപ്പ് മോണയിൽ നിന്ന് രക്തം വരുന്നതാണ്. ബ്രഷ് ചെയ്യുമ്പോഴോ ഇടയിലുള്ള വിടവുകൾ ഫ്ലോസുകൾ ഉപയോഗിച്ച് വൃത്തിയാക്കുമ്പോഴോ (Flossing/ Interdental Cleaning) മോണയിൽ നിന്ന് രക്തം വരുന്നത് അവഗണിക്കരുത്. ആരോഗ്യമുള്ള മോണയിൽ നിന്ന് സാധാരണയായി എളുപ്പത്തിൽ രക്തം വരില്ല.
പല്ലിന്റെ ചുറ്റും പ്ലാക്ക് അടിഞ്ഞുകൂടുമ്പോൾ അതിലെ ബാക്ടീരിയകൾ മോണയിൽ വീക്കം ഉണ്ടാക്കുന്നു. ഇതാണ് പലപ്പോഴും മോണയിൽ നിന്ന് രക്തം വരുന്നതിന്റെ (Bleeding Gums) തുടക്കം.
പ്ലാക്ക് → കാൽക്കുലസ് (Plaque – Calculus)
പല്ലിൽ അടിഞ്ഞുകൂടുന്ന പ്ലാക്ക് ശരിയായി നീക്കം ചെയ്യാതെ പോയാൽ അത് കട്ടിയായി കാൽക്കുലസ് അഥവാ ടാർട്ടർ(Calculus, Tartar) ആയി മാറുന്നു.
ഇത് സ്വയം ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യാൻ സാധിക്കില്ല. ഡെന്റൽ ക്ലീനിങ് (Scaling) ആവശ്യമായി വരാം. കാൽക്കുലസ് കൂടുതൽ കാലം പല്ലിലും മോണയിലും നിലനിൽക്കുമ്പോൾ ബാക്ടീരിയകൾക്ക് വളരാനുള്ള സാഹചര്യം കൂടുകയും മോണയിലെ വീക്കം വർധിക്കുകയും ചെയ്യും.
ജിൻജിവൈറ്റിസ് (Gingivitis) ചികിത്സിക്കാൻ കഴിയുന്ന ഘട്ടം
ഈ ഘട്ടത്തിൽ മോണയിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്ന് ഇനി കാണാം.
- ചുവപ്പുനിറം
- മോണ വീർക്കാം
- ബ്രഷ് ചെയ്യുമ്പോൾ രക്തം വരാംവായ്നാറ്റം ഉണ്ടാകാം
- ചിലപ്പോൾ മോണയിൽ അമിതമായ മൃദുവായി കാണപ്പെടാം
ശരിയായ ദന്തശുചിത്വം , പ്രൊഫഷണൽ ക്ലീനിങ് , ആവശ്യമായ മറ്റ് ചികിത്സകൾ എന്നിവയിലൂടെ രോഗത്തെ നിയന്ത്രിക്കാൻ സാധിക്കും. അതുകൊണ്ട് ഈ ലക്ഷണങ്ങൾ അവഗണിക്കാതെ തുടക്കത്തിൽ തന്നെ ചികിത്സ തേടുന്നതാണ് ഏറ്റവും നല്ലത്.
അടുത്ത ഘട്ടം: പെരിയോഡോണ്ടൈറ്റിസ്
ജിൻജിവൈറ്റിസ് ദീർഘകാലം ചികിത്സിക്കാതെ പോയാൽ അത് മോണയുടെ ആഴത്തിലുള്ള ഭാഗങ്ങളിലേക്ക് വ്യാപിക്കാം. അപ്പോൾ പല്ലിനെ മോണയോടും അസ്ഥിയോടും ബന്ധിപ്പിക്കുന്ന എല്ലാ ഭാഗങ്ങളും ദുർബലമാവുകയും നശിക്കുകയും പെരിയോഡോണ്ട്ടിറ്റിസ് (Periodontitis) എന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്യും.
ഇവിടെയാണ് കാര്യങ്ങൾ കൂടുതൽ ഗൗരവമുള്ളതാകുന്നത്.
മോണയ്ക്കും പല്ലിനുമിടയിൽ പോക്കറ്റ് (Pocket)
രോഗം പുരോഗമിക്കുമ്പോൾ പല്ലിനും മോണയ്ക്കുമിടയിൽ ആഴമുള്ള ഇടം രൂപപ്പെടാം. ഇതിനെ പെരിയോടൊന്റൽ പോക്കറ്റ് എന്ന് വിളിക്കുന്നു. ഈ പോക്കറ്റിനുള്ളിൽ ബാക്ടീരിയയും കാൽക്കുലസും അടിഞ്ഞുകൂടുന്നതിനാൽ സാധാരണ ബ്രഷ് കൊണ്ട് വൃത്തിയാക്കാൻ കൂടുതൽ ബുദ്ധിമുട്ടാകും. അങ്ങനെ രോഗം കൂടുതൽ ആഴത്തിലേക്ക് നീങ്ങുന്നു. അസ്ഥികൾ നഷ്ടപ്പെടുമ്പോൾ പല്ലിന്റെ ഉറപ്പ് കുറയുന്നു.
പല്ലിനെ പിടിച്ചുനിർത്തുന്ന അസ്ഥി ക്രമേണ നഷ്ടപ്പെടുന്നത് പെരിയോടൊന്റിറ്റിസിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. പുറമെ നോക്കുമ്പോൾ പല്ലിന് ഉറപ്പുള്ളതായി തോന്നിയാലും, അതിനെ ഉറപ്പിച്ചുനിർത്താനുള്ള കഴിവ് അസ്ഥിയുടെ തേയ്മാനം മൂലം കുറഞ്ഞുകൊണ്ടേയിരിക്കും. തൽഫലമായി,മോണ ഇറങ്ങൽ, പല്ലിന്റെ വേരുകൾ പുറത്തുകാണൽ, പുളിപ്പ്, പല്ലുകൾക്കിടയിൽ വിടവ്, പല്ലിന് ഇളക്കം എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് നയിക്കപ്പെടും. ഒടുവിൽ പല്ല് നഷ്ടപ്പെടാൻ കാരണമാകുന്നു.
അസ്ഥിക്കും അനുബന്ധ ഭാഗങ്ങൾക്കും തേയ്മാനം വർധിക്കുമ്പോൾ പല്ലുകൾക്ക് ഉറച്ചുനിൽക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. അതായത്, പല്ലുകളുടെ അടിസ്ഥാനം ഇളകിയെന്ന് പറയാം. തൽഫലമായി പല്ലുകൾ ഇളകുകയും ചവയ്ക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. കൂടുതൽ സാഹചര്യങ്ങളിലും പല്ലുകൾ എടുത്തുകളയേണ്ടതായും വരാം. അങ്ങനെ നോക്കുമ്പോൾ, മോണയിൽ നിന്ന് വരുന്ന ഒരു ചെറിയ രക്തത്തുള്ളിയിൽ തുടങ്ങുന്ന പ്രശ്നം, ചികിത്സിക്കാതെ വിട്ടാൽ പല്ലുകൾ നഷ്ടപ്പെടുന്നതിൽ വരെ എത്താം. മോണരോഗത്തിന്റെ ഏറ്റവും അപകടകരമായ പ്രത്യേകതകളിലൊന്ന് പലപ്പോഴും വേദന ഇല്ലാതെയും രോഗം പുരോഗമിക്കാം എന്നതാണ്. അതുകൊണ്ട് വേദന വരുന്നതു വരെ കാത്തിരിക്കുന്നത് ശരിയായ സമീപനമല്ല.
താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദന്തപരിശോധന നടത്തുന്നത് നല്ലതാണ്:
- സ്ഥിരമായി മോണയിൽ നിന്ന് രക്തം വരുന്നത്
- മോണ വീക്കം അല്ലെങ്കിൽ ചുവപ്പ്
- വായ്നാറ്റം
- മോണ ഇറങ്ങുന്ന അവസ്ഥ
- പല്ലുകൾക്കിടയിൽ ഭക്ഷണം പതിവായി കുടുങ്ങുന്നത്
- പല്ലുകൾക്ക് സെൻസിറ്റിവിറ്റി
- പല്ലിന്റെ സ്ഥാനം മാറുന്നത്
- പല്ലിന് ഇളക്കം
മോണയിൽ നിന്നുള്ള രക്തസ്രാവത്തെ നിസ്സാരമായി കാണരുത്
മോണയിൽ നിന്ന് ഒരിക്കൽ മാത്രം ചെറിയ തോതിൽ രക്തം വന്നതുകൊണ്ട് വലിയ രോഗമാണെന്ന് തീരുമാനിക്കേണ്ടതില്ല. എന്നാൽ, ആവർത്തിച്ച് മോണയിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ നല്ലൊരു ദന്തരോഗ വിദഗ്ധനെ സമീപിക്കണം, കാരണം കണ്ടെത്തണം. കാരണം നേരത്തെ കണ്ടെത്തിയാൽ ചികിത്സ പലപ്പോഴും കൂടുതൽ ലളിതമായിരിക്കും.
പല്ല് നഷ്ടപ്പെട്ടതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ, പല്ലിനെ പിടിച്ചുനിർത്തുന്ന മോണയും അസ്ഥിയും സംരക്ഷിക്കുന്നതാണ് ഏറ്റവും നല്ല ചികിത്സ. ഇന്ന് ശ്രദ്ധിച്ചാൽ നാളെയൊരു പല്ലിനെ രക്ഷിക്കാം.
ഡോ. സി. സംഗീത SVM, MDS




