
അമേരിക്കൻ ഭൂഖണ്ഡത്തിലെ ആദ്യത്തെ ക്രൈസ്തവ രക്തസാക്ഷികളായി സഭ വണങ്ങുന്നത് മൂന്നു ബാലന്മാരെയാണ്. ക്രിസ്റ്റോബൽ, അന്തോണിയോ, ജുവാൻ എന്നീ ബാലന്മാരെ ആണ് ധീര രക്തസാക്ഷികളായി സഭ പ്രഖ്യാപിച്ചിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ (1527-1529) മെക്സിക്കോയിലെ ത്ലാക്സ്കാലയിൽ ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി ജീവൻ വെടിഞ്ഞവരാണിവർ.
ചരിത്രവും വിശ്വാസയാത്രയും
ഫ്രാൻസിസ്കൻ, ഡൊമിനിക്കൻ മിഷനറിമാരിൽ നിന്നാണ് ഈ കുട്ടികൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. പിന്നീട് തങ്ങൾ അറിഞ്ഞ ഈശോയ്ക്കായി അവർ ജീവിച്ചു. തങ്ങളുടെ കുടുംബങ്ങളിലും നാടുകളിലും നിലനിന്നിരുന്ന വിഗ്രഹാരാധന തടയാനും ക്രിസ്തുമതം പ്രചരിപ്പിക്കാനും ഈ കുട്ടികൾ ധൈര്യപൂർവ്വം മുന്നോട്ടുവന്നു. എന്നാൽ ഈ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. വിശ്വാസം പകരാനുള്ള അവരുടെ യാത്രയിൽ അവർക്കു പകരം നൽകേണ്ടി വന്നത് അവരുടെ സ്വന്തം ജീവൻ തന്നെയായിരുന്നു.
12-നും 13-നും ഇടയിൽ പ്രായമുണ്ടായിരുന്ന ക്രിസ്റ്റോബൽ, തന്റെ കുടുംബത്തിലെ വിഗ്രഹങ്ങൾ മാറ്റി പകരം ക്രൈസ്തവ വിശ്വാസം സ്വീകരിക്കാൻ പിതാവിനോട് അഭ്യർഥിച്ചു. എന്നാൽ കോപിഷ്ടനായ പിതാവ് ക്രിസ്റ്റോബലിനെ ക്രൂരമായി മർദിക്കുകയും തീയിലെറിഞ്ഞ് വധിക്കുകയും ചെയ്യുകയായിരുന്നു. വിശുദ്ധ അന്തോണിയോയും ജുവാനും മിഷനറിമാരെ സഹായിക്കാനായി ഇറങ്ങിപ്പുറപ്പെട്ടവരായിരുന്നു. ഗ്രാമങ്ങളിൽ പോയി വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ മിഷനറിമാരെ സഹായിച്ച ഈ കുട്ടികളെ പ്രാദേശിക ഗോത്രവാസികൾ തല്ലിക്കൊല്ലുകയായിരുന്നു.
1990 മേയ് ആറിന് മെക്സിക്കോ സന്ദർശനത്തിനിടെ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. തുടർന്ന് 2017 ഒക്ടോബർ 15-ന് വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപാപ്പ ഇവരെ വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ മെക്സിക്കൻ ബിഷപ്പ് കോൺഫറൻസ് ഇവരെ ‘മെക്സിക്കൻ കുട്ടികളുടെ സ്വർഗീയ മധ്യസ്ഥരായി’ പ്രഖ്യാപിച്ചിട്ടുണ്ട്.




