ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 16

1905 ഒക്ടോബർ 16നാണ് ബംഗാൾ വിഭജനം നടന്നത്. അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നേതൃത്വത്തിലായിരുന്നു വിഭജനം. 1905 ജനുവരിയിലാണ് ബംഗാൾ വിഭജിക്കാനുള്ള പദ്ധതി ബ്രിട്ടീഷ് ഗവൺമെന്റ് പ്രഖ്യാപിക്കുന്നത്. ഒക്ടോബർ 16ന് വിഭജനം നിലവിൽ വന്നു. ബംഗാൾ, ഈസ്റ്റ് ബംഗാൾ എന്നിങ്ങനെയാണ് പ്രവിശ്യയെ വിഭജിച്ചത്. ഇന്നത്തെ പശ്ചിമ ബംഗാൾ, ബീഹാർ, ഒറീസ എന്നീ പ്രദേശങ്ങളടങ്ങുന്ന, ബംഗാളിന്റെ തലസ്ഥാനം, കൽക്കട്ടയായിരുന്നു. ധാക്കയായിരുന്നു, ബംഗാളിന്റെ മറ്റു ഭാഗങ്ങളും, ആസാമും ഉൾപ്പെടുന്ന, കിഴക്കൻ ബംഗാളിന്റെ ആസ്ഥാനം. ഒന്നരലക്ഷത്തിലധികം ചതുരശ്രമൈൽ വിസ്തീർണമുള്ളതും, എഴുപത്തി എട്ടര മില്യൺ ആളുകൾ വസിച്ചിരുന്നതുമായ വിശാല ഭൂപ്രദേശമായിരുന്നു അവിഭക്ത ബംഗാൾ പ്രസിഡൻസി. ഭരണപരമായ സൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിഭജനമെങ്കിലും കൽക്കട്ട കേന്ദ്രീകരിച്ച് ശക്തിപ്പെട്ടുവരുന്ന ദേശീയപ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയായിരുന്നു വിഭജനത്തിന്റെ ലക്ഷ്യം. പ്രക്ഷോഭങ്ങളെ തുടർന്ന് 1911ൽ ഈ വിഭജനം റദ്ദു ചെയ്തെങ്കിലും 1947ൽ വീണ്ടും ഒരിക്കൽ കൂടി ബംഗാൾ വിഭജിക്കപ്പെട്ടു. ഇന്ത്യയിൽ നിന്ന് വേർപെട്ടു പോയ കിഴക്കൻ ബംഗാൾ ആദ്യം കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെട്ടു. പിന്നീട് പാക്കിസ്ഥാനിൽ നിന്നും വേർപെട്ട് ബംഗ്ലാദേശ് എന്ന പുതിയ രാജ്യമായി മാറി.

പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാൻ കൊല്ലപ്പെട്ടത് 1951 ഒക്ടോബർ 16നായിരുന്നു. റാവൽപിണ്ടിയിലെ കമ്പനി ബാഗിൽ ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കെ അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് സാദ് അക്ബർ ബാബ്റാക് എന്നയാൾ രണ്ടു തവണ വെടിയുതിർക്കുക്കയായിരുന്നു. 1923ലായിരുന്നു അലിയുടെ രാഷ്ട്രീയ പ്രവേശം. തുടർന്ന് മുസ്ലീം ലീഗിൽ ചേർന്ന അദ്ദേഹം മുഹമ്മദലി ജിന്നയുടെ അടുത്ത സഹചാരിയായി മാറി. 1947ൽ പാക്കിസ്ഥാൻ രൂപീകൃതമായപ്പോൾ ആദ്യ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കിഴക്കൻ പാക്കിസ്ഥാനിലെ കർണാലിൽ ജനിച്ച ലിയാഖത് ഖാന് രാജ്യം ഷഹീദ്-ഇ-മില്ലത് ബഹുമതി നൽകി ആദരിച്ചു. അദ്ദേഹം വെടിയേറ്റുവീണ സ്ഥലം പിന്നീട് ലിയാഖാത് ബാഗ് എന്നറിയപ്പെട്ടു.

1978 ഒക്ടോബർ 16നാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായ കപിൽ ദേവ് ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫൈസലാബാദിൽ വച്ച് പാക്കിസ്ഥാനുമായി നടന്ന മത്സരത്തിലായിരുന്നു അരങ്ങേറ്റം. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ അദ്ദേഹം തന്റെ ആദ്യ അർദ്ധശതകം തികച്ചു. 16 വർഷങ്ങൾ നീണ്ട അന്തർദേശീയ കരിയറിൽ 131 ടെസ്റ്റ് മാച്ചുകൾ കളിച്ച കപിൽ 5248 റൺസും 434 വിക്കറ്റുകളും സ്വന്തം പേരിൽ കുറിച്ചു. എട്ട് ടെസ്റ്റ് സെഞ്ച്വറികളും നേടിയിട്ടുണ്ട്. കപിൽ ദേവിന്റെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ആദ്യ ലോകകപ്പ് സ്വന്തമാക്കുന്നത്. 1994 നവംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച കപിൽ പിന്നീട് ഇന്ത്യൻ ടീമിന്റെ പരിശീലകനായും പ്രവൃത്തിച്ചു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.