
ഇന്ത്യയ്ക്ക് ഉടനടി സ്വാതന്ത്ര്യം വേണമെന്ന പ്രമേയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ വാർധ സമ്മേളനത്തിൽ പാസ്സാക്കിയത് 1942 ജൂലൈ 14 നായിരുന്നു. ഈ പ്രമേയമാണ് ക്വിറ്റ് ഇന്ത്യാ സമരത്തിനു കാരണമായത്. ഇന്ത്യയ്ക്ക് സമ്പൂർണ്ണസ്വാതന്ത്ര്യം വേണമെന്ന ആവശ്യം ബ്രിട്ടീഷുകാർ അംഗീകരിച്ചില്ലെങ്കിൽ നിയമലംഘന പ്രസ്ഥാനങ്ങൾ ആരംഭിക്കണമെന്നും പ്രമേയം നിർദേശിച്ചു. ഈ പ്രമേയത്തോടു വിയോജിച്ചാണ് മുതിർന്ന നേതാവായിരുന്ന സി. രാജഗോപാലാചാരി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ടത്. ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നെങ്കിലും നെഹ്രുവും അബ്ദുൾ കലാം ആസാദും ഈ പ്രമേയത്തെ പിന്തുണച്ചു.
163 വർഷങ്ങൾ നീണ്ട സേവനത്തിനുശേഷം ഇന്ത്യയിൽ ടെലിഗ്രാം സർവീസ് ഔദ്യോഗികമായി നിർത്തലാക്കുന്നതിന്റെ ഭാഗമായി അവസാന സന്ദേശം അയച്ചത് 2013 ജൂലൈ 14 നായിരുന്നു. സ്മാർട്ഫോണുകളും ഇമെയിലുകളും എസ്എംഎസുകളും പ്രചാരത്തിലായതോടെ ടെലിഗ്രാമിന് ആവശ്യക്കാരില്ലാതായതാണ് ഈ സേവനങ്ങൾ അവസാനിപ്പിക്കാൻ ബി എസ് എൻ എല്ലിനെ പ്രേരിപ്പിച്ചത്. 1850 കളിൽ ബ്രിട്ടീഷ് സർക്കാരാണ് ഇന്ത്യയിൽ ടെലിഗ്രാം സേവനങ്ങൾ ആരംഭിച്ചത്. മരണവാർത്ത ഉൾപ്പെടെയുള്ള അടിയന്തരപ്രാധാന്യമുള്ള വിവരങ്ങൾ വേഗത്തിൽ കൈമാറാൻ ഒരുകാലത്ത് ഉപയോഗിച്ചിരുന്ന മാധ്യമായിരുന്നു ഇത്.
2015 ജൂലൈ 14 നാണ് നാസയുടെ ന്യൂ ഹൊറൈസൺസ് എന്ന സ്പേസ്ക്രാഫ്റ്റ് പ്ലൂട്ടോയുടെ സമീപം പറന്ന് കുള്ളൻ ഗ്രഹത്തിന്റെ ക്ലോസപ്പ് ഫോട്ടോകൾ എടുത്തത്. പ്ലൂട്ടോയുടെ സമീപമെത്തുന്ന ആദ്യ സ്പേസ്ക്രാഫ്റ്റും ന്യൂ ഹൊറൈസൺസ് തന്നെയാണ്. 2019 ൽ 2014 എം യു 69 എന്ന കുയിപെർ ബെൽറ്റ് ഒബ്ജക്ടിനെ സമീപിച്ചതോടെ ന്യൂ ഹൊറൈസൺസ് വീണ്ടും ചരിത്രം രചിച്ചു. മനുഷ്യനിർമ്മിതമായ ഉപഗ്രഹങ്ങൾ അടുത്തുനിന്ന് വീക്ഷിച്ച പ്രപഞ്ചവസ്തുക്കളിൽ ഏറ്റവും അകലെയുള്ളതായിരുന്നു ആ ഒബ്ജക്ട്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ അപൈ്ലഡ് ഫിസിക്സ് ലബോറട്ടറി രൂപകൽപന ചെയ്ത ഈ സ്പേസ്ക്രാഫ്റ്റിന് 478 കിലോഗ്രാം ഭാരമുണ്ടായിരുന്നു. 2006 ജനുവരി 19 നാണ് ഇത് വിക്ഷേപിച്ചത്.
സുനീഷ വി എഫ്




