ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ആഗസ്റ്റ് 20

1828 ആഗസ്റ്റ് 20 നാണ് ബ്രഹ്മസമാജം എന്ന് പിന്നീടറിയപ്പെട്ട ബ്രഹ്മസഭയുടെ ആരംഭം. രാജാറാം മോഹൻ റോയിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട സാമൂഹ്യമത നവീകരണ മുന്നേറ്റമായിരുന്നു ബ്രഹ്മസഭ. കൽക്കട്ടയിലാണ് സഭയുടെ ആദ്യ മീറ്റിംഗ് നടന്നത്. ഹിന്ദുസമുദായത്തിൽ നിരവധി മത-സാമൂഹിക-വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിൽവരുത്താൻ കഴിഞ്ഞ മുന്നേറ്റമായിരുന്നു ഇത്. 1830 ലാണ് ഇത് ബ്രഹ്മസാജം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ആദി ബ്രഹ്മസമാജ് ആയിരുന്നു ആദ്യ പ്രാർഥനാലയം. സംബാദ് കൗമുദി എന്ന പ്രസിദ്ധീകരണം ബ്രഹ്മസാജത്തിന്റെ പ്രചരണാർഥം ആരംഭിച്ചതാണ്. 1866 ൽ ഇത് ആദി ബ്രഹ്മസമാജം, ഭാരതീയ ബ്രഹ്മസമാജം എന്നിങ്ങനെ രണ്ടായി തിരിഞ്ഞു.

1979 ആഗസ്റ്റ് 20 നാണ് ഇന്ത്യൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് രാജിവച്ചത്. സ്ഥാനമേറ്റെടുത്ത് 24 ദിവസങ്ങൾ മാത്രം പൂർത്തിയായപ്പോഴായിരുന്നു രാജി. അദ്ദേഹത്തിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ കോൺഗ്രസിലെ ഇന്ദിരാ ഗാന്ധി വിഭാഗം പിന്തുണയ്ക്കുമെന്ന സാഹചര്യം വന്നപ്പോഴായിരുന്നു രാജി. അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാ ഗാന്ധിയെ പിന്തള്ളി രണ്ടുവർഷങ്ങൾക്കു മുമ്പ് അധികാരത്തിലെത്തിയ ജനതാപാർട്ടി സഖ്യത്തിലുണ്ടായ ചേരിതിരിവുകളാണ് ചരൺസിംഗ് പ്രധാനമന്ത്രി ആകുന്നതിലേക്കു നയിച്ചത്.

മലേറിയ പരത്തുന്നത് അനോഫെലെസ് വിഭാഗത്തിൽപെട്ട കൊതുകുകളാണെന്ന് ഡോ. റൊണാൾഡ് റോസ് കണ്ടെത്തിയത് 1897 ആഗസ്റ്റ് 20 നായിരുന്നു. മലേറിയയുടെ അണുക്കൾ മനുഷ്യരക്തത്തിലുണ്ടെന്നുള്ള സർ പാട്രിക് മാൻസൺന്റെ ഡെമോൺസ്ട്രേഷനാണ് ഇതിനു പിന്നാലെയുള്ള അന്വേഷണം ആരംഭിക്കാൻ ഡോ. റോസിനു പ്രേരണയാകുന്നത്. മലേറിയ ബാധിച്ച ഒരു രോഗിയുടെ രക്തം നാലുദിവസങ്ങൾ കുടിച്ച അനോഫെലെസ് വിഭാഗത്തിൽപെട്ട ഒരു കൊതുകിന്റെ വയറിലെ കോശങ്ങളിൽ നടത്തിയ പരീക്ഷണമാണ്, ഈ കൊതുകുകൾ രോഗാണുവാഹികളാണ് എന്ന കണ്ടെത്തലിലേക്ക് അദ്ദേഹത്തെ നയിച്ചത്. സെക്കന്തരാബാദിലെ ലബോറട്ടറിയിൽ വച്ചാണ് അദ്ദേഹം ഈ കണ്ടെത്തൽ നടത്തിയത്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.