ക്രിസ്ത്യൻ ഐഡന്റിറ്റി സംരക്ഷിക്കാൻ ഇറാഖി യുവതി നടത്തിയ നിയമ പോരാട്ടം വിജയത്തിലേക്ക്

സർക്കാർ രേഖകളിൽ തന്റെ ക്രിസ്തീയ ഐഡന്റിറ്റി ഔദ്യോഗികമായി തിരിച്ചുപിടിച്ച് ഇറാഖി യുവതി. ഇറാഖിലെ ഫെഡറൽ സുപ്രീം കോടതി നൽകിയ ചരിത്രപരമായ വിധിയെത്തുടർന്ന്, ബാഗ്ദാദിലെ ആദ്യ വ്യക്തിനിയമ കോടതിയാണ് ഇവർക്കും അഞ്ച് മക്കൾക്കും അനുകൂലമായി വിധി പ്രസ്താവിച്ചത്.

ഇറാഖിൽ മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇസ്ലാം മത വിശ്വാസി ആണെങ്കിൽ അവരുടെ മകളുടെ വിശ്വാസവും ഔദ്യോഗിക രേഖകളിൽ ചേർക്കുക ഇസ്ലാം എന്നായിരിക്കും. ഇതിനെതിരെയാണ് ചരിത്രപരമായ വിധി നേട്ടത്തിലൂടെ യുവതി തന്റെ ക്രിസ്ത്യൻ ഐഡന്റിറ്റി തിരികെ പിടിച്ചത്. കേസ് നൽകിയ സ്ത്രീയും കുടുംബവും നിലവിൽ ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ്. എന്നാൽ സിവിൽ ഐഡന്റിറ്റി കാർഡ് പുതുക്കാൻ ചെന്നപ്പോഴാണ് താനും കുട്ടികളും സർക്കാർ രേഖകളിൽ ‘മുസ്ലിം’ ആയി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരമറിയുന്നത്. മുൻപ് ഇവരുടെ പിതാവ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു എന്ന കാരണത്താലാണ് ഇവരുടെയും മതം ഇസ്ലാം എന്നാക്കി റെജിസ്റ്റർ ചെയ്തത്.

ഈ രേഖകൾ തിരുത്താൻ ദീർഘകാലം ഇവർ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ അനുകൂല വിധി ഉണ്ടായത്. ഇതോടെ ഇവരുടെ സിവിൽ രജിസ്ട്രിയിലെ മതം ഔദ്യോഗികമായി ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറ്റി നൽകാൻ ഉത്തരവായി. രാജ്യത്തെ മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, കുടുംബങ്ങളുടെ അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിൽ സുപ്രധാന മുന്നേറ്റമാണ് ഈ വിധിയെന്ന് മനുഷ്യാവകാശ പ്രവർത്തകരും സഭാ നേതാക്കളും വിലയിരുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.