കൗമാരക്കാരുടെ ഇടയിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം

കൗമാരക്കാരുടെ ജീവിതത്തിൽ സുഹൃത്തുക്കളെ കണ്ടെത്താനും പുതിയ അറിവുകൾ നേടാനും പഠനാവശ്യങ്ങൾ നിറവേറ്റാനും സോഷ്യൽ മീഡിയ വലിയ പങ്കുവഹിക്കുന്നുണ്ട്. സ്വന്തം സർഗാത്മക കഴിവുകൾ മറ്റുള്ളവർക്കു മുന്നിൽ അവതരിപ്പിക്കാനും ഇത് മികച്ചൊരു വേദിയാണ്. എന്നാൽ, സോഷ്യൽ മീഡിയയുടെ അനിയന്ത്രിതമായ ഉപയോഗം നിരവധി പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു.

സ്വാധീനവും സമ്മർദവും

മറ്റുള്ളവരുടെ പോസ്റ്റുകളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നത് ആത്മവിശ്വാസം കുറയ്ക്കും. ലൈക്കുകൾക്കും കമന്റുകൾക്കും പിന്നാലെ പോകുന്നത് അനാവശ്യ മാനസിക സമ്മർദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു. അമിതമായ സ്ക്രീൻ സമയം ഉറക്കക്കുറവ്, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥ, കണ്ണുകളുടെ ആയാസം, സൈബർ ബുളീയിങ് (Cyberbullying) പോലുള്ള ഭീഷണികൾ എന്നിവയ്ക്കും വഴിതെളിക്കുന്നു.

നേരിട്ടുള്ള ബന്ധങ്ങൾ

ഓൺലൈൻ ചാറ്റുകളേക്കാൾ നേരിട്ടു കണ്ടുള്ള സൗഹൃദങ്ങളാണ് ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നത്. ഡിജിറ്റൽ ലോകത്തെ ലൈക്കുകളേക്കാൾ പ്രധാനം ജീവിതത്തിലെ യഥാർഥ പിന്തുണയാണെന്ന് കൗമാരക്കാർ തിരിച്ചറിയണം.

രക്ഷിതാക്കളുടെ പങ്ക്

ഫോൺ ഉപയോഗത്തിന് കൃത്യമായ സമയപരിധി വെക്കുക. ഡിജിറ്റൽ സുരക്ഷയെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കണം. ദിവസവും കുറച്ചുസമയം ഫോൺ മാറ്റിവച്ച് കുട്ടികളോട് തുറന്ന് സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.

യഥാർഥ ലോകം

വായന, കായികം, കലകൾ, യാത്രകൾ എന്നിവയിൽ കുട്ടികളെ പങ്കാളികളാക്കുക. ഡിജിറ്റൽ ലോകത്തേക്കാൾ മൂല്യമുള്ളതാണ് യഥാർഥ ജീവിത അനുഭവങ്ങളും സൗഹൃദങ്ങളും. സോഷ്യൽ മീഡിയ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരിക്കട്ടെ, ജീവിതം തന്നെയാകരുത്. സ്ക്രീനിൽ നിന്ന് മാറി യഥാർഥ സന്തോഷങ്ങൾ കണ്ടെത്താം.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.