ഉപേക്ഷിക്കപ്പെട്ടതും അബോർഷൻ ചെയ്യപ്പെട്ടതുമായ കുഞ്ഞുങ്ങളെ ആദരവോടെ അടക്കം ചെയ്യണം: മെക്സിക്കൻ അതിരൂപത

ജനിക്കുന്നതിന് മുൻപോ ശേഷമോ ഉപേക്ഷിക്കപ്പെടുകയോ അബോർഷന് ഇരയാവുകയോ ചെയ്യുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് പൂർണ്ണമായ മനുഷ്യത്വപരമായ പരിഗണന നൽകണമെന്നും അവ ആദരവോടെ അടക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെക്സിക്കൻ അതിരൂപത ആവശ്യപ്പെട്ടു. മെക്സിക്കോ അതിരൂപതയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ഡിഡാസ്കോലിയ’ എഡിറ്റോറിയലിലൂടെയാണ് സഭ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

കുഞ്ഞുങ്ങളുടെ ഭ്രൂണങ്ങളെയോ മൃതദേഹങ്ങളെയോ കേവലം ക്ലിനിക്കൽ അവശിഷ്ടങ്ങളായോ വൈദ്യശാസ്ത്ര മാലിന്യങ്ങളായോ കാണുന്നത് അവസാനിപ്പിക്കണമെന്ന് ആർച്ച് ഡയോസിസ് ചൂണ്ടിക്കാട്ടി. ഏതൊരു മനുഷ്യജീവിതത്തെയും പോലെ ഗർഭസ്ഥ ശിശുക്കളും ജനിച്ചയുടൻ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളും അർഹിക്കുന്ന ആദരവും അന്തസ്സും കത്തോലിക്കാ സഭ എപ്പോഴും ഉയർത്തിപ്പിടിക്കുന്നുണ്ട്. മരണപ്പെട്ട കുഞ്ഞുങ്ങൾക്ക് അർഹമായ മൃതസംസ്കാരം ഉറപ്പാക്കാൻ ആവശ്യമായ നിയമപരമായ സൗകര്യങ്ങൾ സർക്കാർ തലത്തിലും ആശുപത്രി തലത്തിലും സൃഷ്ടിക്കപ്പെടണം. ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ നിലവിലുള്ള സങ്കീർണ്ണമായ നിയമനടപടികൾ ലളിതമാക്കണമെന്നും സഭ അധികാരികളോട് ആവശ്യപ്പെട്ടു.

ഓരോ ജീവന്റെയും മൂല്യം മാതാപിതാക്കളുടെ സ്വീകാര്യതയെ ആശ്രയിച്ചല്ല, മറിച്ച് അത് ദൈവീകമായ ഒരു ദാനമാണെന്ന സത്യം സമൂഹം തിരിച്ചറിയണമെന്നും റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.