പുതുവർഷം വിശ്വാസത്തിൽ ആഴപ്പെടാൻ സഹായിക്കും ഈ മാർഗങ്ങൾ

പുതിയ വർഷം, പുതിയ തീരുമാനങ്ങളുമായി തുടങ്ങിയവരാണ് നമ്മൾ. ആ തീരുമാനങ്ങളൊക്കെ നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങളും നമ്മിൽ പലരും ആരംഭിച്ചിട്ടുമുണ്ട്. ഭൗതികമായ ലക്ഷ്യങ്ങൾക്കായുള്ള പരിശ്രമത്തിൽ ദൈവത്തെ മറന്ന് മുന്നോട്ടുപോകുന്നത് നമ്മുടെ ആത്മീയജീവിതത്തെ സാരമായി ബാധിക്കും. അതിനാൽ മറ്റു ലക്ഷ്യങ്ങൾക്കൊപ്പം ദൈവത്തെ ചേർത്തുപിടിച്ചുകൊണ്ട് ആത്മീയജീവിതം ശക്തിപ്പെടുത്താൻ നമ്മെ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ചുവടെ ചേർക്കുന്നു. ഈ വർഷം ശക്തമായ ഒരു ആത്മീയ അടിത്തറ നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കിയെടുക്കാൻ ഈ മാർഗങ്ങൾ നമ്മെ സഹായിക്കുകതന്നെ ചെയ്യും.

1. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാം

ജനുവരി ഒന്നിന് ഫ്രാൻസിസ് മാർപാപ്പ, കന്യാമറിയത്തെ പുതുവത്സരം ഏല്പിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. പാപ്പായുടെ ഈ ആഹ്വാനം നമുക്കും ജീവിതത്തിൽ പകർത്താം. കാരണം പരിശുദ്ധ അമ്മ നമ്മെ യേശുവിലേക്കു നയിക്കുന്നു. ദൈവവുമായുള്ള ബന്ധത്തിൽ വിശ്വാസികൾക്ക് ആത്മീയസംരക്ഷണവും മാർഗനിർദേശവും നൽകുന്ന ജപമാല പ്രാർഥനയിലൂടെ ദൈനംദിന ജീവിതത്തിൽ മറിയത്തിന്റെ മാധ്യസ്ഥം തേടാൻ നമുക്കു കഴിയും.

2. പേരിനു കാരണഭൂതനായ അല്ലെങ്കിൽ പ്രിയപ്പെട്ട ഒരു വിശുദ്ധന്റെ ജീവിതം പഠിക്കാം

ആത്മീയവളർച്ചയിൽ നമ്മെ സഹായിക്കുന്നവരാണ് വിശുദ്ധർ. അവരുടെ ജീവിതമാതൃക, ആഴമായ വിശ്വാസത്തിൽ വളരാൻ നമുക്ക് പ്രചോദനം നൽകും. അതിനാൽ ഈ വർഷം ഏതെങ്കിലുമൊരു വിശുദ്ധനെ തെരഞ്ഞെടുക്കാം. ആ വിശുദ്ധന്റെ ജീവിതം നമുക്ക് ആഴത്തിൽ പഠിക്കാം. വിശുദ്ധനുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിക്കുന്നതിലൂടെ നമുക്ക് അത് സാധിക്കും. ഇപ്രകാരം നാം തെരഞ്ഞെടുക്കുന്ന വിശുദ്ധന്റെ ജീവിതമാതൃകകൾ നമ്മുടെ ജീവിതത്തിലേക്കും  പകർത്താം.

3. വിശുദ്ധ ഗ്രന്ഥം വായിക്കാം

ക്രൈസ്തവജീവിതത്തിന്റെ അടിസ്ഥാനമാണ് വിശുദ്ധ ഗ്രന്ഥം. ആ വിശുദ്ധ ഗ്രന്ഥം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നിടത്തോളം പ്രധാനമായി മറ്റൊന്നില്ല ക്രൈസ്തവജീവിതത്തിൽ. ദൈവത്തോടു ചേർന്നുനിൽക്കാനും അനുദിനം വിശ്വാസത്തിൽ ആഴപ്പെടാനും ആവശ്യമായതെല്ലാം അതിലുണ്ട്. അതിനാൽ ഈ വർഷം വിശുദ്ധ ഗ്രന്ഥം തുടക്കം മുതൽ വായിക്കുകയും ധ്യാനിക്കുകയും ചെയ്യാം. വിശുദ്ധ ഗ്രന്ഥം പഠിക്കുന്നതിനൊപ്പംതന്നെ കത്തോലിക്കാ സഭയുടെ പഠനങ്ങളെക്കുറിച്ചുള്ള അറിവ് വളർത്തുന്നതും ഇന്നത്തെ കാലഘട്ടത്തിൽ വിശ്വാസത്തിൽ നിലനിൽക്കാൻ നമ്മെ സഹായിക്കും.

4. നല്ല വായന വളർത്താം

നമ്മുടെ ജീവിതത്തെ എന്നും സമ്പുഷ്ടമാക്കുന്ന ഒന്നാണ് അറിവുകൾ. നല്ല അറിവുകൾ നേടിയെടുക്കാനും മികച്ച കാഴ്ചപ്പാടുകൾ വളർത്താനും നല്ല വായനാശീലം നമ്മെ സഹായിക്കും. അതിനാൽ വായനാശീലം വളർത്തിയെടുക്കാം.

5. ഈശോയ്‌ക്കൊപ്പം കൂടുതൽ സമയം ചിലവിടാം

നമ്മുടെ ക്രൈസ്തവജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് ദിവ്യകാരുണ്യനാഥനു മുന്നിൽ നാം ചെലവിടുന്ന സമയം. അവിടെ യേശുക്രിസ്തുവിന്റെ യഥാർഥ സാന്നിധ്യത്തിനു മുന്നിൽ സന്നിഹിതരാകുകയാണ് നാം. അതിനാൽ സാധിക്കുന്ന സമയങ്ങളിലൊക്കെ ദിവ്യകാരുണ്യ സന്ദർശനം നടത്താൻ ശ്രമിക്കാം. ദിവ്യകാരുണ്യനാഥനു മുന്നിൽ ആയിരിക്കുന്ന സമയം നമുക്ക് പറയാനുള്ളത് ദൈവത്തോടു പറയാനും ദൈവം നമ്മോടുപറയുന്നതു കേൾക്കാനുമുള്ള സമയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.