നവംബർ മാസത്തിൽ കത്തോലിക്കർ ചെയ്യേണ്ടത്

കത്തോലിക്കരെ സംബന്ധിച്ച് നവംബർ മാസം മരിച്ച വിശ്വാസികളെ അനുസ്മരിക്കുന്ന കാലമാണ്. അതുപോലെതന്നെ ശുദ്ധീകരണസ്ഥലത്തിൽ വേദന അനുഭവിക്കുന്നവർക്കുവേണ്ടി പ്രത്യേകമായി പ്രാർഥിക്കാനും ഈ മാസം ചിലവഴിക്കുന്നു.

മാസം തുടങ്ങുന്നത് സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിച്ചാണ്. വിശുദ്ധിയുടെ ജീവിതമാണ് നമ്മൾ എല്ലാവരും പുലർത്തേണ്ടത് എന്ന മഹത് സന്ദേശമാണ് ഇത് നൽകുന്നത്. ജീവിച്ചിരിക്കുന്നവരായ നാം മരിച്ചവരെ അനുസ്മരിക്കുമ്പോൾ നമ്മുടെ ജീവിതംകൂടി പരിശോധിക്കേണ്ടതുണ്ട്. കത്തോലിക്കാ വിശ്വാസികൾ പിന്തുടരേണ്ട ചില നല്ല പ്രാർഥനാശൈലികൾ താഴെപ്പറയുന്നു.

1. ദൈവാലയസന്ദർശനം 

സകല വിശുദ്ധരുടെയും തിരുനാൾദിനമായി നവംബർ മാസം ഒന്നാം തീയതി നാം ആഘോഷിക്കുന്നു. ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേക്കാണ്. അതിനാൽ, അനുദിന ജീവിതത്തിൽ നമ്മുടെ ഓരോരുത്തരുടെയും പരിശ്രമവും അതിനുവേണ്ടിയാകണം. സ്വർഗത്തെ ലക്ഷ്യമാക്കിയുള്ള നമ്മുടെ ജീവിതം വിശുദ്ധിയിലേക്കുള്ള നിരന്തര പരിവത്തനത്തിന്റെയും പരിശ്രമത്തിന്റെയും നാളുകളാകണം. അതുതന്നെയാണ് മരിച്ച വിശ്വാസികൾക്കുവേണ്ടിയുള്ള പ്രാർഥന നമ്മെ ഓർമ്മപ്പെടുത്തുന്നത്‌. ഈ ലോകത്തിൽ ആയിരിക്കുമ്പോൾ വിശുദ്ധരായി ജീവിക്കാൻ പരിശ്രമിക്കുക. ദൈവാലയങ്ങളിൽ കൂടുതൽ സന്ദർശനം നടത്തുകയും പ്രാർഥിക്കുകയും ചെയ്യുക.

2. സെമിത്തേരി സന്ദർശനം 

സെമിത്തേരി സന്ദർശിച്ച് മരിച്ച വിശ്വാസികൾക്കുവേണ്ടി പ്രാർഥിക്കുന്നത് പരമ്പരാഗതമായി സഭയിൽ തുടർന്നുപോരുന്ന ഒരു രീതിയാണ്. 5 സ്വർഗസ്ഥനായ പിതാവും 5 നന്മനിറഞ്ഞ മറിയവും ത്രിത്വസ്തുതിയും ചൊല്ലി ശുദ്ധീകരണസ്ഥലത്തിൽ വേദന അനുഭവിക്കുന്നവർക്കുവേണ്ടി സെമിത്തേരി സന്ദർശിച്ച് പ്രാർഥിക്കുന്നത് നല്ലതാണ്; പരിശുദ്ധ കുർബാനയ്ക്കുശേഷമാണെങ്കിൽ കൂടുതൽ നല്ലത്. നമ്മുടെ പ്രാർഥന അവരെ സ്വർഗത്തിലെത്താൻ സഹായിക്കും.

3. മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന 

മരിച്ചവർക്കായി പ്രാർഥിക്കേണ്ടത് ക്രൈസ്തവരായ നമ്മുടെ കടമയാണ്. ഇന്നത്തെ ആധുനിക ലോകത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥന എന്തിനാണ് എന്ന ചിന്ത കൂടിവരുന്നു. എന്നാൽ ഇന്ന് സമൂഹത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനകൾ അത്യാവശ്യമാണ്. പ്രാർഥന മാത്രമാണ് മരിച്ചവർക്കുവേണ്ടി
ജീവിച്ചിരിക്കുന്നവരായ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം.

4. ശുദ്ധീകരണാത്മാക്കൾക്കുവേണ്ടിയുള്ള പ്രാർഥന 

ശുദ്ധീകരണാത്മാക്കൾക്കുവേണ്ടി വിശുദ്ധ ബലിയർപ്പിച്ച് പ്രാർഥിക്കുന്നത് വളരെ നല്ല കാര്യമാണ്; ഏറ്റവും വലിയ പ്രാർഥനയും അതുതന്നെയാണ്. ഒപ്പം നമ്മുടെ ഇടയിൽ ദാനശീലം വളർത്തുന്നതും വളരെ നല്ല കാര്യമാണ്. മരിച്ചവർക്കുവേണ്ടി പ്രാർഥിക്കാൻ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഈ മാസം കൂടുതൽ ഫലപ്രദമാക്കാൻ നമുക്ക് പരിശ്രമിക്കാം.

5.  ദാനധർമ്മം 

ദാനധർമ്മവും ഈ മാസം നമ്മൾ ചെയ്യേണ്ടതാണ്. പാവപ്പെട്ടവരെ സഹായിക്കുന്നതിലൂടെ ദൈവത്തിന് കൂടുതൽ ഇഷ്ടമുള്ള കാര്യമാണ് നമ്മൾ ചെയ്യുന്നത്.

ഈ അഞ്ചു കാര്യങ്ങളും നവംബർ മാസത്തിൽ നാം ചെയ്യുമ്പോൾ ജീവിച്ചിരിക്കുന്നവരായ നമ്മുടെ ജീവിതത്തിലും അത് പരിവർത്തനത്തിന് കാരണമാകും.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ