വി. യൗസേപ്പിന്റെ വിശുദ്ധ മേലങ്കിയുടെ തിരുശേഷിപ്പ്

പുരാതന റോമൻ ബസിലിക്കയിൽ 16 നൂറ്റാണ്ടുകളായി സൂക്ഷിച്ചിരിക്കുന്ന, ഈശോയുടെ വളർത്തുപിതാവായ വി. യൗസേപ്പിന്റെ വിശുദ്ധ മേലങ്കിയുടെ ചരിത്രം അറിയാം.

നാലാം നൂറ്റാണ്ടിൽ വി. ജെറോമാണ് ഈ മേലങ്കി വിശുദ്ധ നാട്ടിൽ നിന്ന് റോമിലേക്ക് കൊണ്ടുവന്നത് എന്നാണ് കരുതപ്പെടുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ശിരോവസ്ത്രവും അതിൽ ഉൾപ്പെടുന്നു. 2020 വരെ, 1600 വർഷത്തിലേറെയായി റോമിലെ സെന്റ് അനസ്താസിയയിലെ ബസിലിക്കയിൽ ഈ രണ്ട് തിരുശേഷിപ്പുകളും സൂക്ഷിച്ചിരുന്നു.

2021 ഡിസംബർ എട്ടിന് അവസാനിക്കുന്ന വി. യൗസേപ്പിന്റെ വർഷത്തോടുള്ള ആദരസൂചകമായി, റോം രൂപത ഈ രണ്ട് തിരുശേഷിപ്പുകളുമായി നഗരത്തിനു ചുറ്റുമുള്ള കത്തോലിക്കാ ഇടവകകളിൽ പര്യടനം നടത്താൻ അനുവാദം നൽകി. ഈ പര്യടനത്തിന്റെ ആദ്യത്തേയും അവസാനത്തേയും സ്ഥലം സെന്റ് ജോസഫ് അൽ ട്രയോൺഫേലിന്റെ ബസിലിക്കയായിരുന്നു. ഡിസംബർ 2 മുതൽ 8 വരെ തീയതികളിൽ, റോമാക്കാർക്കും തീർത്ഥാടകർക്കും ഈ മൈനർ ബസിലിക്കയിൽ പ്രാർത്ഥിക്കാൻ അവസരമുണ്ടായിരുന്നു.

തിരുശേഷിപ്പിന്റെ മുകൾഭാഗത്ത് പരിശുദ്ധ കന്യകാമറിയം ഉപയോഗിച്ചിരുന്ന ശിരോവസ്ത്രവും താഴെ വി. യൗസേപ്പിന്റെ മേലങ്കിയും സൂക്ഷിച്ചിരിക്കുന്നു. ഈ വിശുദ്ധ മേലങ്കി തിരുശേഷിപ്പായി കരുതാൻ കാരണമായ ഒരു സംഭവമുണ്ട്.

യൗസേപ്പിതാവ് തന്റെ മരപ്പണിക്ക് തടി വാങ്ങാൻ ഹെബ്രോൺ പർവ്വതത്തിലേക്കു പോയി. തടി വാങ്ങാൻ ആവശ്യമായ പണം യൗസേപ്പിതാവിന്റെ കൈയ്യിൽ ഉണ്ടായിരുന്നെങ്കിലും പക്ഷേ, ആ പണം തികയുമായിരുന്നില്ല. തങ്ങളുടെ വിവാഹദിനത്തിൽ പരിശുദ്ധ കന്യകാമറിയം സമ്മാനമായി നൽകിയ മേലങ്കി തടിക്കച്ചവടക്കാരനു നൽകാനുള്ള പണത്തിനു പകരം നൽകാമെന്ന് ജോസഫ് പറഞ്ഞു. ഇസ്മായേൽ എന്നു പേരുള്ള ആ വിൽപ്പനക്കാരൻ ഒരു പിശുക്കനായിരുന്നു. അവൻ ആദ്യം അത് എതിർത്തു. പക്ഷേ ഒടുവിൽ മേലങ്കി സ്വീകരിക്കാൻ തീരുമാനിച്ചു.

ഇസ്മായേലിന്റെ കണ്ണുകൾ വ്രണബാധിതമായിരുന്നു. അതിനാൽ തന്നെ അദ്ദേഹം വല്ലാതെ കഷ്ട്ടപ്പെട്ടിരുന്നു. മരുന്നുകൾ കൊണ്ട് സുഖപ്പെട്ടതുമില്ല. എന്നാൽ വി. യൗസേപ്പ് തന്റെ മേലങ്കി നൽകിയതിന്റെ പിറ്റേന്ന്, ഇസ്മായേൽ സുഖം പ്രാപിച്ചു. കഠിനപ്രകൃതക്കാരിയായിരുന്ന ഇസ്മായേലിന്റെ ഭാര്യയും, അന്നു രാവിലെ ഉണർന്നപ്പോൾ സൗമ്യതയുള്ളവളായി മാറി. അദ്ദേഹത്തിന്റെ കന്നുകാലിയുടെ രോഗവും ഭേദമായി. ഈ അത്ഭുതങ്ങളെല്ലാം ഇസ്മായേലിന്റെ കണ്ണ് തുറപ്പിച്ചു. അവൻ കടം ക്ഷമിച്ച് ജോസഫിനും മറിയത്തിനും അന്നു മുതൽ ആവശ്യമായ തടികളെല്ലാം സൗജന്യമായി നൽകി. പിന്നീട്, ഇസ്മായേലും ഭാര്യയും നസ്രത്തിലെ തിരുക്കുടുംബത്തെ സന്ദർശിച്ചു എന്നാണ് പറയപ്പെടുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.