നാഥാ, എന്നോടൊത്തു വസിച്ചാലും: ദിവ്യകാരുണ്യ സ്വീകരണശേഷം വി. പാദ്രെ പീയോ ചൊല്ലിയിരുന്ന പ്രാർഥന 

നാഥാ, എന്നോടൊത്തു വസിച്ചാലും, നാഥാ, എന്നോടൊത്തു വസിച്ചാലും. ഞാൻ  നിന്നെ മറക്കാതിരിക്കാൻ നിന്റെ സാന്നിധ്യം എത്ര ആവശ്യമാണെന്ന്  നിനക്കറിയാമല്ലോ. എത്ര ലളിതമായി ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നും നിനക്കറിയാമല്ലോ.

നാഥാ, എന്നോടൊത്തു വസിച്ചാലും, കാരണം ഞാൻ ബലഹീനനാണ്. വീണ്ടും വീണ്ടും വീഴാതിരിക്കാൻ എനിക്ക് നിന്റെ ശക്തി ആവശ്യമാണ്.

നാഥാ, എന്നോടൊത്തു വസിച്ചാലും, കാരണം നീ എന്റെ ജീവനാണ്. നിന്നെ കൂടാതെ എനിക്ക് ഉത്സാഹമില്ല.

നാഥാ, എന്നോടൊത്തു വസിച്ചാലും, കാരണം നീ എന്റെ പ്രകാശമാണ്. നീ കൂടെയില്ലങ്കിൽ ഞാൻ അന്ധകാരത്തിലാണ്.

നിന്റെ ഹിതം കാണിച്ചുതരാൻ നാഥാ, എന്നോടൊത്തു വസിച്ചാലും. നിന്റെ ശബ്ദം കേൾക്കാനും അവ അനുഗമിക്കാനും നാഥാ, എന്നോടൊത്തു വസിച്ചാലും. നിന്നെ കൂടുതൽ സ്നേഹിക്കാനും എപ്പോഴും നിന്റെ സൗഹൃദത്തിലായിരിക്കാനും ഞാൻ ആഗ്രഹിക്കുന്നു. നാഥാ, എന്നോടൊത്തു വസിച്ചാലും.

ഞാൻ നിന്നോട് വിശ്വസ്തനായിരിക്കാൻ നീ ആഗ്രഹക്കുന്നെങ്കിൽ നാഥാ, എന്നോടൊത്തു വസിച്ചാലും. ദരിദ്രമായ എന്റെ ആത്മാവിൽ നാഥാ, എന്നോടൊത്തു വസിച്ചാലും. നിനക്കുവേണ്ടി സ്വാന്തനത്തിന്റെ ഒരു സ്ഥലം, സ്നേഹത്തിന്റെ ഒരു കൂട് എനിക്കു വേണം.

ഈശോയേ, എന്നോടൊത്തു വസിച്ചാലും. രാത്രി ആകാറായി, ദിവസം അസ്തമിക്കാറായി, ജീവിതം കടന്നുപോകുന്നു, മരണവും വിധിയും നിത്യതയും എന്നെ സമീപിക്കുന്നു, വഴിയിൽ തളരാതിരിക്കാൻ എന്റെ ശക്തി നവീകരിക്കേണ്ട ആവശ്യമുണ്ട്. നാഥാ, എനിക്ക് നിന്നെ വേണം.

നാഥാ, നേരം വൈകി. മരണം എന്നെ സമീപിക്കുന്നു. അന്ധകാരവും പ്രലോഭനങ്ങളും ആത്മവരൾച്ചയും കുരിശുകളും ദു:ഖങ്ങളും ഞാൻ ഭയപ്പെടുന്നു. ഓ, എന്റെ ഈശോയേ, എത്രയോ അധികമായി വിപ്രവാസത്തിന്റെ ഈ രാത്രിയിൽ എനിക്കു നിന്നെ വേണം. ഈശോയേ, അപകടങ്ങൾ നിറഞ്ഞ ഈ ജീവിതത്തിൽ എനിക്ക്  നിന്നെ വേണം. ഈ രാത്രിയിൽ എന്നോടൊത്തു വസിക്കണമേ.

അപ്പം മുറിച്ചപ്പോൾ നിന്റെ ശിഷ്യന്മാർ നിന്നെ തിരിച്ചറിഞ്ഞതുപോലെ നിന്നെ അറിയാൻ എന്നെ അനുവദിക്കണമേ. അങ്ങനെ ദിവ്യകാരുണ്യ സ്വീകരണം എന്നിലെ അന്ധകാരം മായ്ച്ചുകളയുന്ന പ്രകാശമായി, എന്നെ നിലനിർത്തുന്ന ശക്തിയായി, എന്റെ ഹൃദയത്തിലെ അതുല്യ ആനന്ദമായി മാറട്ടെ.

നാഥാ, എന്നോടൊത്തു വസിച്ചാലും, എന്റെ മരണവിനാഴികയിൽ എനിക്ക്  നിന്നോട് ഐക്യപ്പെട്ടുനിൽക്കണം. ദിവ്യകാരുണ്യം സ്വീകരിക്കാൻപറ്റിയില്ലെങ്കിൽ കൃപയിലും സ്നേഹത്തിലുമെങ്കിലും എനിക്ക് നിന്നോട് ചേർന്നുനിൽക്കണം.

ഈശോയേ, എന്നോടൊത്തു വസിക്കണമേ. ദൈവികമായ സ്വാന്തനത്തിന് ഞാൻ യാചിക്കുന്നില്ല. കാരണം അതിന് ഞാൻ അർഹനല്ല. പക്ഷേ, നിന്റെ സാന്നിധ്യത്തിന്റെ സമ്മാനത്തിനായി ഞാൻ അപേക്ഷിക്കുന്നു. നാഥാ, എന്നോടൊത്തു വസിക്കണമേ. നിന്നെ, നിന്റെ സ്നേഹം, നിന്റെ കൃപ, നിന്റെ ഹിതം, നിന്റെ ഹൃദയം, നിന്റെ ആത്മാവ് ഞാൻ തേടുന്നത്. കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു. നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കനല്ലാതെ മറ്റാരു പ്രതിഫലവും ഞാൻ യാചിക്കുന്നില്ല.

ഭൂമിയിലായിരിക്കുമ്പോൾ അടിയുറച്ച സ്നേഹത്തോടെ, എന്റെ പൂർണ്ണഹൃദയത്തോടെ ഞാൻ നിന്നെ സ്നേഹിക്കും, നിത്യതയിൽ പൂർണ്ണമായി നിന്നെ ഞാൻ സ്നേഹിക്കുന്നതു തുടരും, ആമ്മേൻ.

സ്വതന്ത്ര വിവർത്തനം: ഫാ. ജയ്സൺ കുന്നേൽ MCBS 
Old Post

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.