
“വിശുദ്ധജീവിതം നയിക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കാം?” വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സംഘടിപ്പിച്ച പൊതുസദസ്സിന്റെ അവസാനം മെക്സിക്കൻ ദമ്പതികൾ ഫ്രാൻസിസ് മാർപാപ്പയോട് ചോദിച്ച ചോദ്യമായിരുന്നു ഇത്. “അവർക്ക് സ്വാതന്ത്ര്യം നൽകുക; അതോടൊപ്പം പരിധികളും നിശ്ചയിക്കുക. രണ്ടും തുല്യമായി ആവശ്യമാണ്” – ഇതായിരുന്നു പരിശുദ്ധ പിതാവിന്റെ മറുപടി.
ഒരു സാധാരണക്കാരനായ, വാഴ്ത്ത. ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് സിസ്നെറോസിന്റെ ജീവിതം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ പാപ്പാ, വാഴ്ത്തപ്പെട്ട ജോസ് എങ്ങനെയാണ് തന്റെ അമ്മയിൽനിന്ന് വിശ്വാസം പഠിച്ചതെന്ന് വിവരിച്ചു. പിറന്ന നാൾമുതൽ തന്നെ സ്നേഹിക്കുകയും പുണ്യങ്ങൾ പഠിപ്പിക്കുകയും ദൈവശാസ്ത്രത്തിൽ വളർത്തുകയും ദാനധർമ്മങ്ങളാൽ നയിക്കുകയും ചെയ്തത് തന്റെ അമ്മയാണെന്ന് വാഴ്ത്ത. ജോസിന്റെ ജീവിതാനുഭവം പരാമർശിച്ച് പരിശുദ്ധ പിതാവ് പഠിപ്പിച്ചു.
“ഈ അർഥത്തിൽ, കുട്ടികളിലേക്ക് ചെറുപ്രായത്തിലേ വിശ്വാസം കൈമാറുന്നത് അമ്മമാരാണ്. വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്നത് ഒരു ഭാഷയിലാണ്. അതായത്, അമ്മമാരുടെ ഭാഷയിൽ, അമ്മമാർക്ക് അവരുടെ കുട്ടികളോട് സംസാരിക്കാൻ അറിയാവുന്ന ഭാഷയിൽ. നിങ്ങൾ അമ്മമാർ, ആ മാതൃഭാഷയിലുള്ള വിശ്വാസം കൈമാറുന്നതിൽ ശ്രദ്ധാലുവായിരിക്കുക” – പാപ്പാ ഓർമ്മിപ്പിച്ചു.




