വി. ഫ്രാൻസിസ് അസ്സീസിയുടെ ഏറ്റവും പ്രധാനപ്പെട്ട വാക്യങ്ങൾ 

ജീവിതത്തിൽ വി. ഫ്രാൻസിസ് അസ്സീസി കൂടുതലൊന്നും ചെയ്തിട്ടില്ല. വലിയ ഗ്രന്ഥങ്ങളോ, പ്രമാണങ്ങളോ ഒന്നും എഴുതിയിട്ടില്ല. എന്നാൽ, പാവങ്ങളോടും ആവശ്യക്കാരോടുമുള്ള ശുശ്രൂഷാമനോഭാവവും പ്രകൃതിയോടുള്ള സമീപനവും അദ്ദേഹത്തിന്റെ മരണത്തിന് നൂറുകണക്കിന് വർഷങ്ങൾക്കിപ്പുറം എല്ലാവരുടെയുംമേല്‍ സ്വാധീനംചെലുത്തുന്ന ഒരു ശക്തിയായി അദ്ദേഹത്തെ നിലനിര്‍ത്തുന്നു. അദ്ദേഹം സ്ഥാപിച്ച സന്യാസ സമൂഹത്തിലെ അംഗങ്ങൾ സഭയിൽ ഇപ്പോഴും സ്വാധീനം ചെലുത്തുന്നു.

ദൈവികമായ ലാളിത്യത്തിന്റെ ഉടമയായ ഫ്രാൻസിസ് അസ്സീസിയുടെ  സുപ്രധാനമായ 11 വാക്യങ്ങൾ ഇവയാണ്.

1. പേടി അകറ്റുന്നതിനായി: “എവിടെ കാരുണ്യവും ജ്ഞാനവുമുണ്ടോ അവിടെ ഭീതിയും തിരസ്കരണവും ഉണ്ടായിരിക്കുകയില്ല.”

2. പൗരോഹിത്യജീവിതം നയിക്കുന്നതിനെക്കുറിച്ച്: “നമ്മുടെ ചലനങ്ങൾ പരിവർത്തനത്തിനുള്ള ഉപകരണമാക്കാതെ, അതിനായി എവിടെയൊക്കെ അലഞ്ഞാലും യാതൊരു പ്രയോജനവുമില്ല.”

3. അസാധ്യകാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച്: “ഏറ്റവും അത്യാവശ്യമായ കാര്യങ്ങളിൽനിന്നു തുടങ്ങുക. തുടർന്ന് സാധ്യമായത് ചെയ്യുക. പെട്ടന്ന് നിങ്ങൾ അസാധ്യമായ കാര്യങ്ങൾ ചെയ്യുന്നതിലേക്കെത്തും.”

4. മനുഷ്യത്വത്തെക്കുറിച്ച്: “ജഡത്തിന്റെ ആഗ്രഹമനുസരിച്ചുള്ള ജ്ഞാനികളോ, വിവേകികളോ ആകരുത്. മറിച്ച്, ലാളിത്യവും താഴ്മയും ശുദ്ധിയുമുള്ളവരായിരിക്കണം.”

5. ജീവിക്കുന്ന സാക്ഷ്യമായി മാറുന്നതിനെക്കുറിച്ച്: “നിങ്ങളുടെ അധരങ്ങൾകൊണ്ട് സമാധാനം പ്രഘോഷിക്കുമ്പോൾ അതിനെ നിങ്ങളുടെ ഹൃദയത്തിലേക്കും കൂടുതൽ ഉൾക്കൊള്ളിക്കാൻ ശ്രദ്ധിക്കുക.”

6. ആന്തരിക സമാധാനത്തെക്കുറിച്ച്: “സമാധാനവും ധ്യാനവും എവിടെയുണ്ടോ അവിടെ ആകുലതയും ആശയക്കുഴപ്പവും ഉണ്ടാകില്ല.”

7. അന്ധകാരത്തെക്കുറിച്ച്: “ധാരാളം നിഴലുകളെ ഓടിക്കാൻ ഒരു ചെറിയ സൂര്യപ്രകാശം മതിയാകും.”

8. ലക്ഷ്യങ്ങളെക്കുറിച്ച്: “ജീവിതത്തിന്റെ അവസാനംവരെ വ്യക്തമായ ഒരു ധാരണ ഉണ്ടാകണം. നിങ്ങളുടെ ലക്ഷ്യങ്ങളും വിധികളും ദൈവം സൃഷ്ടിച്ചതാണെന്ന് മറക്കാതിരിക്കുക. അദ്ദേഹത്തിന്റെ മുന്നിൽ നിങ്ങൾ എന്താണോ അതാണ് നിങ്ങൾ. അതിൽ കവിഞ്ഞൊന്നുമില്ല. നിങ്ങൾ ഈ ഭൂമിയിൽനിന്ന് മടങ്ങുമ്പോൾ നിങ്ങൾക്ക് ഉന്നതത്തിൽനിന്ന് നല്‍കപ്പെട്ടതല്ലാതെ മറ്റൊന്നും കൊണ്ടുപോകുന്നില്ല എന്നും  ഓർക്കണം. സത്യസന്ധമായ സേവനവും സ്നേഹവും ത്യാഗവും ധൈര്യവും നിറഞ്ഞ ഹൃദയം മാത്രമാണ് തിരികെപോകുമ്പോൾ കൊണ്ടുപോവുന്നത്.”

9. ശത്രുക്കളെക്കുറിച്ച്: “ആരെയും ശത്രുവാക്കാതെ ഇരിക്കുക. എല്ലാവരും നിങ്ങളുടെ ഉപകാരികളായിരിക്കട്ടെ. ആരും നിങ്ങളെ ഉപദ്രവിക്കാതിരിക്കട്ടെ. നിങ്ങൾക്ക് നിങ്ങളല്ലാതെ മറ്റൊരു ശത്രു ഉണ്ടാകരുത്.”

10. കൃപയെയും സ്വാർഥതയെയും കുറിച്ച്: “കൃപയും ദാനങ്ങളും ദൈവം തന്റെ പ്രിയപ്പെട്ടവർക്കായി നൽകുന്നത് സ്വാർതയെ മറികടക്കുന്നതിനായിട്ടാണ്.”

11. ലാളിത്യത്തെക്കുറിച്ച്: “പരിശുദ്ധമായ ലാളിത്യം ലോകത്തിന്റെയും ശരീരത്തിന്റേതുമായ എല്ലാ  ജ്ഞാനത്തെയും തോല്പിക്കുന്നു.”

പ്രകൃതിയെ സ്നേഹിച്ച, വേദനിക്കുന്നവരോടൊപ്പം ആയിരുന്ന, ചെറിയ കാര്യങ്ങളിലൂടെ സംതൃപ്തികണ്ടെത്തിയിരുന്ന വി. ഫ്രാൻസിസ് അസ്സീസി ഇന്നത്തെ ലോകത്തിനു നൽകിയ പ്രസക്തമായ ഉപദേശങ്ങളാണ് ഇവ.