
ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക് വിക്ഷേപിച്ചത് 1957 ഒക്ടോബർ നാലിനായിരുന്നു. റഷ്യയാണ് ഈ ഉപഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചത്. ഒരു ബാസ്കറ്റ് ബോളിന്റെ വലിപ്പമാണ് സ്പുട്നികിനുണ്ടായിരുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യ മനുഷ്യനിർമ്മിതവസ്തുവും സ്പുട്നിക് തന്നെയായിരുന്നു. 85 കിലോയായിരുന്നു ഭാരം. മണിക്കൂറിൽ 29,000 കിലോമീറ്റർ വേഗതയിൽ മൂന്നുമാസക്കാലമാണ് സ്പുട്നിക് ഭൂമിക്കുചുറ്റും കറങ്ങിയത്. 1958 ജനുവരിയിൽ പ്രവർത്തനരഹിതമായപ്പോഴേക്കും ഭൂമിയെ ചുറ്റി സ്പുട്നിക് 70 മില്യൺ കിലോമീറ്ററുകൾ സഞ്ചരിച്ചിരുന്നു. നിശ്ചിത ഇടവേളകളിൽ ബീപ് ശബ്ദം പുറപ്പെടുവിച്ചിരുന്ന ഒരു ലോ-പവർ റേഡിയോ ട്രാൻസ്മിറ്റർ മാത്രമാണ് സ്പുട്നിക്കിലുണ്ടായിരുന്നത്. ഈ ശബ്ദം റേഡിയോയിലൂടെ ആളുകൾക്ക് കേൾക്കാൻ കഴിഞ്ഞിരുന്നു.
ആദ്യമായി ഒരു മാർപാപ്പ അമേരിക്ക സന്ദർശിച്ചതും ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തതും 1965 ഒക്ടോബർ നാലിനായിരുന്നു. പോൾ ആറാമൻ പാപ്പയാണ് അമേരിക്കയിലെത്തിയ ആദ്യ മാർപാപ്പ. ന്യൂയോർക്ക് നഗരത്തിനുള്ളിൽത്തന്നെയായിരുന്നു 14 മണിക്കൂർ മാത്രം നീണ്ട സന്ദർശനം. സെന്റ് പാട്രിക്സ് കത്തീഡ്രലും അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ബി. ജോൺസണെയും സന്ദർശിച്ച ശേഷം അദ്ദേഹം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തു. അപകടകരമായ ആണവയുഗത്തിലെ സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയാണ് തന്റെ പ്രസംഗത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞത്.
1996 ഒക്ടോബർ നാലിനാണ് പാലക്കാട് ജില്ലാ കളക്ടറായിരുന്ന ഡബ്ല്യൂ ആർ റെഡ്ഡിയെ നാലംഗ അയ്യങ്കാളിപ്പട ബന്ദിയാക്കിയത്. കല്ലറ ബാബു, വിളയോടി ശിവൻകുട്ടി, കാഞ്ഞങ്ങാട് രമേശൻ, അജയൻ മണ്ണൂർ ഇവരായിരുന്നു കേരളം അന്നോളം കണ്ടിട്ടില്ലാത്ത ആ സമരമാർഗത്തിന് ഇറങ്ങിപ്പുറപ്പെട്ട നാല് ചെറുപ്പക്കാർ. ഒൻപതു മണിക്കൂർ കേരളത്തെയാകെ സ്തംഭിപ്പിച്ചുനിർത്തിയ സംഭവമായിരുന്നു അത്. പരിസ്ഥിതിപ്രവർത്തകരെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അവർ കളക്ടറുടെ ചേംബറിൽ പ്രവേശിച്ചത്. 1996 ൽ നടപ്പാക്കിയ ആദിവാസി ഭൂനിയമ ഭേദഗതി പിൻവലിക്കണമെന്നതായിരുന്നു നാൽവർസംഘത്തിന്റെ ആവശ്യം. നിയമഭേദഗതി പിൻവലിക്കാൻ ഗവൺമെന്റിൽ സമ്മർദം ചെലുത്തുമെന്ന് കളക്ടർ ഒപ്പിട്ടുനൽകി. ഈ വാർത്ത ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യണമെന്നും ഏഷ്യാനെറ്റുമായി പത്രസമ്മേളനം നടത്തണമെന്നതുമായിരുന്നു അയ്യങ്കാളിപ്പടയുടെ മറ്റൊരാവശ്യം. അന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു സ്വകാര്യ ടെലിവിഷൻ ചാനൽ ഏഷ്യാനെറ്റായിരുന്നു. വാർത്താസംഘം വന്ന ശേഷം മധ്യസ്ഥചർച്ചകൾ നടന്നു. കളക്ടറെ ബന്ധിയാക്കിയവരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ അറിയിച്ചതോടെ ഒൻപതു മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് അവസാനമായി.
സുനീഷ വി എഫ്




