
മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചമായി മാറാൻ വലിയ കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. നമ്മൾ കാണിക്കുന്ന ദയയും, സ്നേഹത്തോടെയുള്ള ഒരു നല്ല വാക്കും മതി ഒരാളുടെ മനസ്സ് നിറയ്ക്കാൻ. നമ്മുടെ ദൈനംദിന ജീവിതത്തിൽ മറ്റുള്ളവർക്ക് പ്രകാശമേകാൻ സഹായിക്കുന്ന പത്ത് വഴികൾ ഇതാ:
1. നമ്മളായിരിക്കുന്ന ഇടങ്ങളിൽ ശോഭിക്കുക
നിങ്ങൾ ആയിരിക്കുന്ന ഇടങ്ങളിലെല്ലാം—വീട്ടിലും ജോലിസ്ഥലത്തും സമൂഹത്തിലും നല്ല മനുഷ്യരാകുക. വെളിച്ചമാകാൻ പറ്റിയ വലിയൊരു അവസരത്തിനായി കാത്തുനിൽക്കാതെ, ഉള്ള സാഹചര്യത്തിൽ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക.
2. ദൈവവുമായി അടുത്തബന്ധം പുലർത്തുക
ദിവസവും കുറച്ചുസമയം പ്രാർഥനയ്ക്കായി മാറ്റിവയ്ക്കുക. ആത്മാർഥമായ പ്രാർഥന നൽകുന്ന മനസ്സമാധാനവും വെളിച്ചവും നിങ്ങളുടെ പ്രവൃത്തികളിലൂടെ പുറത്തേക്ക് പ്രകാശിക്കും.
3. സന്തോഷമുള്ളവരായിരിക്കുക
സന്തോഷം മറ്റുള്ളവരിലേക്ക് പെട്ടെന്ന് പടരുന്ന ഒന്നാണ്. സങ്കടങ്ങൾക്കിടയിലും സന്തോഷത്തോടെയിരിക്കാൻ ശ്രമിച്ചാൽ, അത് നമ്മുടെ മനസ്സിന് ആശ്വാസം തരുമെന്ന് മാത്രമല്ല ചുറ്റുമുള്ളവർക്കും വലിയൊരു ഊർജ്ജമാകും.
4. ദയയും ഉദാരമനസ്കതയും കാണിക്കുക
മറ്റുള്ളവരോട് ക്ഷമിക്കാനും സഹായിക്കാനും മടിക്കരുത്. നിങ്ങളുടെ ഒരു ചെറിയ സഹായമോ നല്ല വാക്കോ തകർന്നുപോയ ഒരു മനസ്സിന് വലിയൊരു ആശ്വാസമായി മാറിയേക്കാം.
5. തുറന്ന മനസ്സുള്ളവരാവുക
മറ്റുള്ളവരെ സഹായിക്കാൻ എപ്പോഴും മനസ്സൊരുക്കുക. അപരിചിതരോട് പോലും പുഞ്ചിരിയോടെയും സ്നേഹത്തോടെയും പെരുമാറാൻ നമുക്ക് സാധിക്കണം.
6. പ്രോത്സാഹിപ്പിക്കുക
വിഷമിച്ചിരിക്കുന്ന ഒരാൾക്ക് നൽകുന്ന ചെറിയൊരു ആശ്വാസ വാക്ക് അവരുടെ ജീവിതം തന്നെ മാറ്റിയേക്കാം. ദിവസവും കുറഞ്ഞത് ഒരാളെയെങ്കിലും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക.
7. ഈ നിമിഷത്തിൽ ജീവിക്കുക
നാളത്തെ കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് ഇന്നത്തെ ഭംഗിയുള്ള നിമിഷങ്ങൾ കളയരുത്. ഈ നിമിഷത്തിൽ ജീവിക്കുമ്പോൾ, ചുറ്റുമുള്ളവരുടെ ആവശ്യങ്ങൾ തിരിച്ചറിയാനും അവരെ സഹായിക്കാനും കഴിയും.
8. ആത്മാർഥതയുള്ളവരായിരിക്കുക
അഭിനയിക്കാതെ യഥാർഥ വ്യക്തിത്വം നിലനിർത്തുക. സുതാര്യവും ആത്മാർഥവുമായ പെരുമാറ്റം ആളുകളിൽ നമ്മോടുള്ള സ്നേഹവും വിശ്വാസവും കൂട്ടും.
9. നന്ദിയുള്ളവരായിരിക്കുക
നിങ്ങൾക്ക് ലഭിച്ച വിജയങ്ങൾക്കും നന്മകൾക്കും ദൈവത്തോടും മറ്റുള്ളവരോടും നന്ദിയുള്ളവരായിരിക്കുക. നിങ്ങളുടെ വിനയം കാണുമ്പോൾ മറ്റുള്ളവർക്കും നല്ല വഴിയിൽ നടക്കാൻ പ്രചോദനമാകും.
10. പോസിറ്റീവായി ചിന്തിക്കുക
നെഗറ്റീവ് ചിന്തകൾ ഒഴിവാക്കി നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കുക. മനസ്സ് നിറയെ നല്ല ചിന്തകളാണെങ്കിൽ മാത്രമേ മറ്റുള്ളവർക്ക് പ്രകാശമാകാൻ നമുക്ക് കഴിയൂ.
നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവരുടെ വഴിയിൽ വെളിച്ചമാകുക എന്നത് ഏറ്റവും മനോഹരമായ കാര്യമാണ്. ഈ ചെറിയ കാര്യങ്ങൾ മനസ്സിൽ വച്ചാൽ നമ്മൾ നിൽക്കുന്ന ഇടങ്ങളെല്ലാം കൂടുതൽ മനോഹരമാകും. ഇന്ന് മുതൽ തന്നെ ഈ സ്നേഹത്തിന്റെ വെളിച്ചം എല്ലാവരിലേക്കും പകരാൻ നമുക്ക് ശ്രമിക്കാം.
വിവർത്തനം: ഡിൻസി തോമസ്




