വിശുദ്ധ കുർബാനയിൽ സംബന്ധിക്കുമ്പോൾ ശ്രദ്ധ പതറിയാൽ എന്തു ചെയ്യണം?

വിശുദ്ധ കുർബാന ഒരു അനുഭവമാകാൻ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ജീവിതവ്യഗ്രതകളിൽ മനസ് പതറിയും പലവിചാരപ്പെട്ടും കുർബാനയിൽ സംബന്ധിക്കേണ്ടിവരുന്നതിൽ നാം അസ്വസ്ഥരാകാറുമുണ്ട്. വിശുദ്ധ കുർബാനയിൽ കൂടുതൽ ശ്രദ്ധയോടെ പങ്കുചേരാൻ ഫാ. ഫ്രാൻസിസ്കോ ജാവിയർ എന്ന സ്പാനിഷ് വൈദികൻ പങ്കുവയ്ക്കുന്ന ഏഴ് മാർഗ്ഗങ്ങൾ പരിചയപ്പെടാം.

1. വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുക

വിശുദ്ധ കുർബാനയിൽ സംബന്ധിക്കുമ്പോൾ ശ്രദ്ധ പതറിയാൽ അതിന് അമിത പ്രാധാന്യം നൽകരുത്. അത് നമ്മെ കൂടുതൽ അസ്വസ്ഥരാക്കും. മനസ് അശ്രദ്ധമായി എന്ന് തിരിച്ചറിയുമ്പോൾ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇത് ആവർത്തിക്കുമ്പോൾ ക്രമേണ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ നാം പ്രാപ്തരാകുന്നു.

2. സ്ഥിരതയോടെ പരിശ്രമിക്കുക

ഒന്നോ രണ്ടോ തവണ ശ്രദ്ധ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചതിനു ശേഷം ആ ശ്രമം അവസാനിപ്പിക്കാതെ നിരന്തരമായി തുടരണം. അക്കാര്യം ആവർത്തിക്കുന്നതിലൂടെ മാത്രമേ കൂടുതൽ സമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ നാം പ്രാപ്തരാകുകയുള്ളൂ. നൂറു തവണ ചെയ്യേണ്ടിവരികയാണെങ്കിൽ അത്രയും തവണ തന്നെ ചെയുക. അത് പിന്നീട് ഉപകാരപ്രദമായിരിക്കും.

3. നിരുത്സാഹപ്പെടാതെ മുന്നേറുക

പലവിചാരപ്പെട്ട് പോകുന്നതിനെക്കുറിച്ച് അമിതമായി ആശങ്കപ്പെടാതിരിക്കുക. അശ്രദ്ധമായിപ്പോയ സമയത്തെക്കുറിച്ച് ചിന്തിച്ച് വിശുദ്ധ കുർബാന മുഴുവനും നഷ്ടമായി എന്ന് ചിന്തിക്കുന്നത് നമ്മെ തളർത്തിക്കളയും.

4. വിശുദ്ധ കുർബാനക്കു മുൻപ് പ്രാർത്ഥിച്ചൊരുങ്ങുക

വിശുദ്ധ കുർബാന ആരംഭിക്കുന്നതിന് അല്പസമയം മുൻപ് ദേവാലയത്തിൽ പ്രവേശിച്ച് പ്രാർത്ഥിച്ചൊരുങ്ങുന്നത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായകരമാണ്. അല്പം നേരത്തെ ദേവാലയത്തിൽ വന്ന്, ഹൃദയപൂർവ്വം വിശുദ്ധ കുർബാന അർപ്പിക്കാനുള്ള കൃപ ലഭിക്കുന്നതിനായി ദൈവത്തോടു പ്രാർത്ഥിക്കുക.

5. വിശുദ്ധ കുർബാനക്കുള്ള വചനഭാഗങ്ങൾ നേരത്തെ വായിക്കുക

വിശുദ്ധ കുർബാനക്കുള്ള തിരുവചനഭാഗങ്ങൾ നേരത്തെ വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നതിലൂടെ, കുർബാനമധ്യേ വൈദികൻ അത് വായിക്കുമ്പോൾ അത് നമുക്ക് കൂടുതൽ ഗ്രഹിക്കാനാകുന്നു. എല്ലാ പ്രാർത്ഥനകളിലും പാട്ടുകളിലും ബോധപൂർവ്വം, അർത്ഥം മനസിലാക്കി പങ്കെടുക്കുന്നതും കൂടുതൽ ഏകാഗ്രതയോടെ പ്രാർത്ഥനയിൽ സംബന്ധിക്കാൻ നമ്മെ സഹായിക്കുന്നു.

6. വിശുദ്ധ കുർബാന സ്വീകരണത്തിനൊടുവിൽ നന്ദി പറയുക

വിശുദ്ധ കുർബാന സ്വീകരണശേഷം പ്രത്യേകം നന്ദി പറയണം. കാരണം ദൈവം നമ്മോട് ഒന്നായിത്തീരുന്ന അമൂല്യമായ നിമിഷങ്ങളാണ് അത്.

7. വിശുദ്ധ കുർബാനക്കൊടുവിലും അല്പസമയം പ്രാർത്ഥിക്കുക

വിശുദ്ധ കുർബാന കഴിഞ്ഞ ഉടനെ തന്നെ ഇറങ്ങിപ്പോകരുത്. കുറച്ചു സമയം ദൈവസാന്നിധ്യം അനുസ്മരിച്ച് ശാന്തമായി പ്രാർത്ഥിക്കണം. തിരുസക്രാരിക്കരികിൽ പരിശുദ്ധ കുർബാനയിലൂടെ ലഭിച്ച കൃപകൾക്ക് നന്ദി പറഞ്ഞുകൊണ്ട്, അവ ജീവിക്കാൻ വേണ്ട അനുഗ്രഹങ്ങൾക്കായി യാചിച്ചുകൊണ്ടു വേണം ദേവാലയത്തിൽ നിന്നും തിരിച്ചുപോകാൻ.

വിവർത്തനം: സി. നിമിഷ റോസ് CSN

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.