കോംഗോയിൽ എബോള ബാധിതരുടെ എണ്ണം 8,000 കവിഞ്ഞു; രാജ്യത്തെ എക്കാലത്തെയും വലിയ വ്യാപനം

ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിൽ (ഡിആർസി) എബോള ബാധിതരുടെ എണ്ണം 8,000 കടന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എബോള വ്യാപനത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

കോംഗോ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ റിപ്പോർട്ട് പ്രകാരം, ആകെ രോഗബാധിതരുടെ എണ്ണം 8,067 ഉം മരണം 3,901 ഉം ആണ്. ഏകദേശം 48.4 ശതമാനമാണ് രോഗബാധയേറ്റുള്ള മരണനിരക്ക്. സർക്കാരിന്റെ പ്രതിരോധ നയങ്ങളോട് ജനങ്ങൾക്കിടയിലുള്ള അവിശ്വാസവും അമർഷവുമാണ് എബോള നിയന്ത്രണത്തിലെ പ്രധാന തടസ്സങ്ങളിലൊന്ന്. എബോള ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തതിനു പിന്നാലെ ഭരണകക്ഷി നേതാവായ മേരി-സെലെസ്റ്റിൻ കറോണ്ട്വയെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു.

രാജ്യത്തെ ദുർബലമായ ആരോഗ്യസംവിധാനങ്ങളും, വിദൂര പ്രദേശങ്ങളും, അതിർത്തി പ്രദേശങ്ങളിലെ നിലവിലുള്ള സംഘർഷങ്ങളും രോഗബാധയെ പ്രതിരോധിക്കുന്നതിന് വലിയ തിരിച്ചടിയായിട്ടുണ്ട്. അതേസമയം, എബോള പ്രതിരോധത്തിനായി യുണൈറ്റഡ് സ്റ്റേറ്റ്സ് അടുത്തിടെ 267 ദശലക്ഷം ഡോളർ അനുവദിച്ചിരുന്നു. ആഗോളതലത്തിൽ മറ്റ് രാജ്യങ്ങളുടെ സഹായത്തോടെ വലിയ തോതിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.