
ജീവിതത്തിൽ ലഭിക്കാതെ പോയ കാര്യങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കുമ്പോൾ, ഇതിനകം നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ പലപ്പോഴും നാം മറന്നുപോകുന്നു. ഓരോ പ്രഭാതവും, ശ്വസിക്കുന്ന ഓരോ നിമിഷവും, സ്നേഹിക്കുന്ന കുടുംബവും കരുതലുള്ള ബന്ധങ്ങളും ദൈവം നമുക്കു നൽകുന്ന വിലമതിക്കാനാവാത്ത സമ്മാനങ്ങളാണ്. എന്നാൽ ഇവയുടെ മഹത്വം തിരിച്ചറിയാൻ നാം എപ്പോഴും ശ്രദ്ധിക്കാറില്ല. ജീവിതത്തിലെ സന്തോഷങ്ങളിലും കണ്ണീരിലും ദൈവത്തിന്റെ സ്നേഹവും കരുതലും തിരിച്ചറിഞ്ഞ് നന്ദിയോടെ ജീവിക്കാനാണ് ബൈബിൾ നമ്മെ പഠിപ്പിക്കുന്നത്. ദൈവത്തോടുള്ള കൃതജ്ഞത വളർത്താനും ജീവിതത്തെ കൂടുതൽ പ്രത്യാശയോടെ കാണാനും സഹായിക്കുന്ന പത്ത് പ്രധാന ബൈബിൾ പാഠങ്ങൾ ഇതാ.
1. സാഹചര്യങ്ങൾക്കപ്പുറം സംതൃപ്തി കണ്ടെത്താം
“എനിക്ക് എന്തെങ്കിലും കുറവുള്ളതുകൊണ്ടല്ല ഞാന്‍ ഇതു പറയുന്നത്. കാരണം, ഏതു സാഹചര്യത്തിലും സംതൃപ്തിയോടെ കഴിയാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.” (ഫിലിപ്പി 4:11)
സന്തോഷം സമ്പത്തിലോ സൗകര്യങ്ങളിലോ മാത്രം ആശ്രയിച്ചല്ല നിലനിൽക്കുന്നത്. ജീവിതത്തിൽ ചിലപ്പോൾ സമൃദ്ധിയും മറ്റു ചിലപ്പോൾ കുറവുകളും ഉണ്ടായേക്കാം. എന്നാൽ ഏതു സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിച്ച് സംതൃപ്തിയോടെ ജീവിക്കാൻ കഴിയുക എന്നതാണ് പ്രധാനം. ഉള്ളതിനെ വിലമതിക്കാനും ലഭിച്ച അനുഗ്രഹങ്ങളിൽ സന്തോഷം കണ്ടെത്താനും പഠിക്കുമ്പോൾ നമ്മുടെ ജീവിതം കൂടുതൽ അർഥപൂർണമാകും.
2. സന്തോഷവും പ്രാർഥനയും നന്ദിയും കൈവിടാതിരിക്കാം
“എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍.” (1തെസലോനിക്കാ 5:16–18)
ജീവിതം എപ്പോഴും നമ്മുടെ പ്രതീക്ഷകൾക്കനുസരിച്ച് മുന്നോട്ടുപോകണമെന്നില്ല. എങ്കിലും ദൈവത്തിലുള്ള വിശ്വാസം നമ്മുടെ സന്തോഷത്തിന്റെ ഉറവിടമാകണം. പ്രാർഥനയിലൂടെ അവിടുത്തോട് ചേർന്നുനിൽക്കുകയും ഓരോ സാഹചര്യത്തിലും നന്ദിയുള്ളവരായിരിക്കുകയും ചെയ്യുമ്പോൾ പ്രതിസന്ധികൾക്കിടയിലും പ്രത്യാശ നഷ്ടപ്പെടാതെ മുന്നോട്ടുപോകാൻ നമുക്ക് കഴിയും.
3. ഒരിക്കലും മങ്ങാത്ത ദൈവസ്നേഹത്തിന് നന്ദി പറയാം
“കര്‍ത്താവിനു നന്ദിപറയുവിന്‍; അവിടുന്നു നല്ലവനാണ്; അവിടുത്തെ കാരുണ്യം എന്നേക്കും നിലനില്ക്കുന്നു.” (സങ്കീർത്തനം 107:1)
മനുഷ്യരുടെ സ്നേഹവും കരുതലും ചിലപ്പോൾ മാറിയേക്കാം. എന്നാൽ ദൈവത്തിന്റെ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. തളർന്നുപോകുമ്പോൾ ശക്തി നൽകുകയും പ്രതിസന്ധികളിൽ കൈപിടിക്കുകയും ജീവിതത്തിലെ ഇരുണ്ട വഴികളിൽ വെളിച്ചമാകുകയും ചെയ്യുന്ന അവിടുത്തെ കരുതൽ എത്ര വലുതാണ്! ഈ സ്നേഹം തിരിച്ചറിയുമ്പോൾ നന്ദി നമ്മുടെ ഹൃദയത്തിൽ സ്വാഭാവികമായി നിറയും.
4. മറന്നുപോകരുത്, ദൈവം ചെയ്ത നന്മകൾ
“എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.” (സങ്കീർത്തനം 103:2)
ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ദൈവം നമുക്കു നൽകിയ അനുഗ്രഹങ്ങൾ മറന്നുപോകുന്നത് എളുപ്പമാണ്. രോഗങ്ങളിൽ ആശ്വാസം നൽകിയതും പ്രതിസന്ധികളിൽ താങ്ങായതും തെറ്റുകൾ ക്ഷമിച്ച് പുതിയ അവസരങ്ങൾ നൽകിയതുമെല്ലാം ഓർത്തുനോക്കാം. കഴിഞ്ഞകാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ ദൈവത്തിന്റെ കരുതലിന്റെ എത്രയോ അടയാളങ്ങൾ നമുക്ക് കാണാനാകും. അവയെല്ലാം നന്ദിയോടെ ഓർക്കാം.
5. ഓരോ പുതിയ പ്രഭാതവും ദൈവകരുണയുടെ അടയാളം
“കര്‍ത്താവിന്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല.” (വിലാപങ്ങൾ 3:22)
ഓരോ പ്രഭാതവും ദൈവം നമുക്കു നൽകുന്ന പുതിയൊരു അവസരമാണ്. ഇന്നലെയുടെ പരാജയങ്ങളും വേദനകളും മറികടന്ന് വീണ്ടും മുന്നോട്ടുപോകാനുള്ള പ്രത്യാശ അതിലുണ്ട്. നമ്മുടെ ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധികളുണ്ടായാലും ദൈവത്തിന്റെ കരുണ അവസാനിക്കുന്നില്ല. അവിടുത്തെ വിശ്വസ്തതയിൽ ആശ്രയിച്ച് പുതിയ ദിവസങ്ങളെ നന്ദിയോടെ വരവേൽക്കാം.
6. ആകുലതകൾ ദൈവത്തിനു സമർപ്പിച്ച് സമാധാനം കണ്ടെത്താം
“ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞ താസ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍.” (ഫിലിപ്പി 4:6)
നാളെയെക്കുറിച്ചുള്ള ഭയവും ഇന്നത്തെ പ്രശ്നങ്ങളും പലപ്പോഴും നമ്മുടെ മനസ്സിന്റെ സമാധാനം കവർന്നെടുക്കുന്നു. എന്നാൽ എല്ലാ ഭാരങ്ങളും ഒറ്റയ്ക്ക് ചുമക്കേണ്ടവരല്ല നാം. നമ്മുടെ ആശങ്കകളും ആവശ്യങ്ങളും നന്ദിയോടും വിശ്വാസത്തോടും കൂടി ദൈവത്തിനു സമർപ്പിക്കാം. അപ്പോൾ എല്ലാ ബുദ്ധിയെയും കവിയുന്ന അവിടുത്തെ സമാധാനം നമ്മുടെ ഹൃദയത്തെയും ചിന്തകളെയും കാത്തുസൂക്ഷിക്കും.
7. സ്തുതിയും നന്ദിയും നിറഞ്ഞ ആരാധനാജീവിതം നയിക്കാം
“കൃതജ്ഞതാസ്തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.” (സങ്കീർത്തനം 95:2)
ദൈവത്തെ ആരാധിക്കുന്നത് നമ്മുടെ ആവശ്യങ്ങൾ മാത്രം അവിടുത്തെ മുമ്പിൽ അവതരിപ്പിക്കാനല്ല; അവിടുത്തെ മഹത്വത്തെയും നന്മകളെയും ഓർത്ത് നന്ദി പറയാനും കൂടിയാണ്. പ്രാർഥനയിലും സ്തുതിഗീതങ്ങളിലും ഹൃദയം നിറഞ്ഞ കൃതജ്ഞത പ്രകടിപ്പിക്കുമ്പോൾ ദൈവവുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴമുള്ളതാകുന്നു. നന്ദിയുള്ള മനസ്സോടെ ദൈവസന്നിധിയിൽ എത്താൻ നമുക്ക് ശ്രമിക്കാം.
8. ഓരോ വാക്കിലും പ്രവൃത്തിയിലും നന്ദി പ്രകടമാകട്ടെ
“നിങ്ങള്‍ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് അവന്റെ നാമത്തില്‍ ചെയ്യുവിന്‍.” (കൊളോസോസ് 3:16–17)
ദൈവത്തോടുള്ള നന്ദി പ്രാർഥനകളിൽ മാത്രം ഒതുങ്ങേണ്ടതല്ല. മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിലും സംസാരത്തിലും പ്രവൃത്തികളിലും അത് പ്രതിഫലിക്കണം. സ്നേഹത്തോടെ സംസാരിക്കുക, ക്ഷമിക്കാൻ മനസ്സുകാണിക്കുക, ആവശ്യമുള്ളവരെ സഹായിക്കുക, ലഭിച്ച കഴിവുകൾ നന്മയ്ക്കായി ഉപയോഗിക്കുക എന്നിവയെല്ലാം കൃതജ്ഞതയുള്ള ജീവിതത്തിന്റെ മനോഹരമായ അടയാളങ്ങളാണ്.
9. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്താം
“എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍.” (എഫേസോസ് 5: 20)
പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ജീവിതം ദൈവസ്തുതിയും കൃതജ്ഞതയുംകൊണ്ട് നിറഞ്ഞതായിരിക്കും. ജീവിതത്തിലെ ഓരോ അനുഭവത്തിലും ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാനും യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് നന്ദി അർപ്പിക്കാനും നമുക്ക് കഴിയണം. സാഹചര്യങ്ങൾ എന്തുതന്നെയായാലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ജീവിതം നയിക്കാം.
10. എല്ലാ നന്മകളുടെയും ഉറവിടം ദൈവമാണെന്ന് തിരിച്ചറിയാം
“ഉത്തമവും പൂര്‍ണവുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.” (യാക്കോബ് 1:17)
നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന ഓരോ നല്ല കാര്യവും ദൈവത്തിന്റെ ദാനമായി കാണാൻ നമുക്ക് കഴിയണം. കുടുംബം, ആരോഗ്യം, സൗഹൃദങ്ങൾ, സ്നേഹബന്ധങ്ങൾ, കഴിവുകൾ, ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ എന്നിവയെല്ലാം വിലമതിക്കേണ്ട അനുഗ്രഹങ്ങളാണ്. അവയെല്ലാം ദൈവത്തിന്റെ സ്നേഹോപഹാരങ്ങളായി കാണുമ്പോൾ ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുതന്നെ മാറും. ലഭിച്ച നന്മകൾ പങ്കുവയ്ക്കാനും മറ്റുള്ളവർക്ക് അനുഗ്രഹമായി മാറാനും അപ്പോൾ നമുക്ക് സാധിക്കും.
പരാതികൾക്കപ്പുറം കൃതജ്ഞതയുടെ ജീവിതം
നന്ദി പറയാൻ ജീവിതത്തിൽ എല്ലാം സന്തോഷകരമായിരിക്കണമെന്നില്ല. ചിലപ്പോൾ സങ്കടങ്ങൾക്കിടയിലും ദൈവത്തിന് നന്ദി പറയാൻ നമുക്ക് കഴിയണം. കാരണം, നമ്മുടെ സാഹചര്യങ്ങൾ മാറിയാലും ദൈവത്തിന്റെ സ്നേഹവും കരുതലും മാറുന്നില്ല. ലഭിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നതിനുപകരം, ലഭിച്ച അനുഗ്രഹങ്ങളെ ഓർക്കാം. ഓരോ ദിവസവും ദൈവം നൽകുന്ന നന്മകൾ തിരിച്ചറിയാനും ചെറിയ സന്തോഷങ്ങൾക്കുപോലും നന്ദി പറയാനും നമുക്ക് പഠിക്കാം. നന്ദിയുള്ള മനസ്സ് ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയ്ക്കും. അതിനാൽ പരാതികൾക്കുപകരം നന്ദിയോടെയും നിരാശയ്ക്കുപകരം പ്രത്യാശയോടെയും ജീവിക്കാൻ നമുക്ക് ശ്രമിക്കാം.
വിവർത്തനം: ഡിൻസി തോമസ്




