ഞായർ പ്രസംഗം, ഉയിർപ്പ് രണ്ടാം ഞായർ (പുതുഞായർ) ഏപ്രിൽ 16 സ്നേഹത്തിന്റെ തിരുശേഷിപ്പുകൾ

ബ്ര. ജോഫിന്‍ ജോസഫ് തട്ടാറടിയില്‍ MCBS

ആഴ്ചയുടെ ആദ്യദിനം യഹൂദരെ ഭയന്ന് കതകടച്ചിരുന്ന ശിഷ്യസമൂഹത്തിന്റെ മേല്‍ പ്രത്യക്ഷനായ ക്രിസ്തു ഇപ്രകാരമരുളി: ‘നിങ്ങള്‍ക്കു സമാധാനം.’ ക്രിസ്തുവാകുന്ന സമാധാനത്തെ ശിഷ്യസമൂഹത്തിനു നല്‍കിയതിനെയും ഉയിര്‍ത്തെഴുന്നേറ്റ നാഥനെ അനുഭവിച്ചറിയാന്‍ അവന്റെ കൈകളില്‍ ആണിപ്പഴുതുകള്‍ കാണുകയും അവയില്‍ വിരലിടുകയും അവന്റെ പാര്‍ശ്വത്തില്‍ കൈവയ്ക്കുകയും ചെയ്യുന്ന വിശ്വസ്തനായ ക്രിസ്തുശിഷ്യന്റെ മാതൃക തന്ന തോമാശ്ലീഹായെ അനുസ്മരിക്കുകയും ചെയ്യുന്ന പുതുഞായറാണല്ലോ ഇന്ന്. ഏവര്‍ക്കും ഈ ദിനത്തിന്റെ മംഗളങ്ങള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു.

ലോകം കണ്ടിട്ടുള്ള സാഹിത്യകാരന്മാരില്‍ മഹാനായ സാഹിത്യകാരനാണ് കാല്‍വിന്‍ മില്ലര്‍. ഇദ്ദേഹത്തിന്റെ മനോഹരമായ കാവ്യങ്ങളിലൊന്നാണ് ‘ഗായകന്‍.’ ഇതിന്റെ ഇതിവൃത്തം സഹനവും മരണവും ഉത്ഥാനവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ശത്രുക്കളുടെ കരങ്ങളാല്‍ ക്രൂരമായ സഹനത്തിലേക്കും അതുവഴിയായി മരണത്തിനും ഏല്‍പിച്ചുകൊടുക്കപ്പെടുകയാണ് കഥയിലെ നായകനായ ഗായകന്‍. പക്ഷേ, ശത്രുക്കളുടെ വിചാരങ്ങള്‍ക്കതീതനായി ഗായകന്‍ അത്ഭുതകരമായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്. മരിച്ച് ഉയിര്‍ത്തെഴുന്നേറ്റ ഗായകന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ പോയി തിരിച്ചുവന്നതിനാല്‍ അഭൗമികമായ ശക്തികള്‍ക്ക് ഉടയവനാകുകയാണ്. ക്രിസ്തുവിനെപ്പോലെ, രോഗികളെ സുഖപ്പെടുത്താനും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും താനുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് സമാധാനം സമ്മാനിക്കാനും ഈ ഗായകന്‍ ശക്തി സ്വന്തമാക്കുകയാണ്. അദ്ദേഹത്തിന്റെ അധരം ഒന്ന് അനങ്ങിയാല്‍ മതി, കാറ്റ് പോലും നിശബ്ദമാകുന്ന അഭൗമികമായ ഒരു അത്ഭു തം അദ്ദേഹത്തിന്റെ സാന്നിധ്യം ജനങ്ങള്‍ക്ക് സമ്മാനിക്കുന്നു. പക്ഷേ, ഇതിന്റെ പിന്നാമ്പുറത്ത് കഥയിലെ നായകനായ ഗായകന്‍ അനുഭവിക്കുന്ന വലിയ വേദനയുണ്ട്. മറ്റുള്ളവര്‍ക്ക് സൗഖ്യം നല്‍കുന്ന ഗായകന് മരണനേരത്ത് ശത്രുക്കളേല്‍പിച്ച മുറിവ് ഒരിക്കലും ഉണക്കാന്‍, സൗഖ്യപ്പെടുത്താന്‍ സാധിക്കുന്നില്ല. രോഗികളെ സുഖപ്പെടുത്താന്‍ കരമുയര്‍ത്തുമ്പോഴും അധരങ്ങളില്‍ വചനം ഉരുവിടുമ്പോഴും ശത്രുക്കള്‍ ഏല്‍പിച്ച മുറിവുകളില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങുമായിരുന്നു.

ഒരു ദിവസം തന്നെ സുഖപ്പെടുത്തിയ അത്ഭുതഗായകനോട് സൗഖ്യം സ്വന്തമാക്കിയ ഒരു പെണ്‍കുട്ടി ചോദിക്കുന്നു: ‘എല്ലാവര്‍ക്കും സൗഖ്യം സമ്മാനിക്കുന്ന അങ്ങു മാത്രമെന്താണ് അങ്ങയുടെ മുറിവുകള്‍ ഉണക്കാത്തത്? അങ്ങേക്കു മാത്രമെന്താണ് സൗഖ്യം കിട്ടാത്തത്?’ ഗായകന്‍ തിരിച്ച് മറുപടി നല്‍കുകയാണ്: ‘ദൈവം കാട്ടിയ സ്‌നേഹത്തിന്റെ തിരുശേഷിപ്പുകളാണ് ഈ മുറിവുകള്‍. ഈ മുറിവുകള്‍ ഉണങ്ങാന്‍ പാടില്ല. കാരണം, മുറിവേറ്റ കരത്തിനേ മുറിവുണക്കാന്‍ സാധിക്കുകയുള്ളൂ. ഈ മുറിവുകള്‍ എനിക്ക് ഒത്തിരി ഓര്‍മ്മകള്‍ നല്‍കുന്നുണ്ട്. എന്റെ ഭൂതകാലത്തിലെ എന്റെ സഹനങ്ങള്‍, കണ്ണുനീരുകള്‍, വെറുപ്പുകള്‍, തെറ്റിദ്ധാരണകള്‍. ഓരോ പ്രാവശ്യവും കരമുയര്‍ത്തുമ്പോള്‍ ഇത്തരം ഓര്‍മ്മകള്‍ എന്നിലേക്ക് വരും. പിന്നെ സൗഖ്യമല്ലാതെ മറ്റൊന്നും എനിക്ക് സമ്മാനിക്കാന്‍ തോന്നില്ല.’

മുറിവേറ്റവനേ മുറിവുണക്കാന്‍ സാധിക്കുകയുള്ളൂ. ക്രിസ്തു മുറിവേറ്റവനാണ്. അവന്‍ മുറിവുണക്കുകയാണ് – തോമാശ്ലീഹായുടെ. തന്റെ ജീവിതത്തിലെ വലിയ മുറിവുകളില്‍ ഒന്നാണ് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത്. ഈ നികത്തപ്പെടാത്ത മുറിവിനെ ശിഷ്യസമൂഹത്തിന്റെ മുമ്പില്‍ പ്രസ്താവിക്കുകയാണ് തോമാശ്ലീഹാ.

‘അവന്റെ കൈകളില്‍ ആണിപ്പഴുതുകള്‍ ഞാന്‍ കാണുകയും അവന്റെ കൈകളില്‍ എന്റെ വി രലിടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസി ക്കുകയില്ല’ (യോഹ. 20:25). ഇത് സംശയം എന്നതിനേക്കാള്‍ ഒരു പിടിവാശിയാണ്. എന്തേ, ഞാനും നിന്റെ ശിഷ്യനല്ലേ? മൂന്നു വര്‍ഷം മറ്റ് ശിഷ്യന്മാരെപ്പോലെ ഞാനും ഗുരുവിന്റെ ഊണിലും ഉറക്കത്തിലും കൂട്ടു കൂടിയവനല്ലേ? മറ്റ് ശിഷ്യന്മാര്‍ പേടിയോടെ പിന്മാറിയപ്പോള്‍ ധൈര്യപൂര്‍വ്വം പലപ്പോഴും അങ്ങയെ അനുഗമിക്കാന്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും എനിക്കു മാത്രം ഉത്ഥിതനായ ക്രിസ്തുവിന്റെ ദര്‍ശനമില്ല. സമ്മതിക്കില്ല, അവന്‍ ഉയിര്‍ത്തെഴുന്നേറ്റെങ്കില്‍ അവനെന്റെ മുമ്പില്‍ വരണം. വിശ്വാസത്തിന്റെ പൂര്‍ണ്ണത സമ്മാനിക്കുന്ന ദര്‍ശനം എനിക്കു ലഭിക്കണം.

മുറിവേറ്റ സൗഖ്യദായകനാണ് ക്രിസ്തു. കാരണം, അവന്റെ മുറിവ് പോലും സൗഖ്യം നല്‍കുന്നതാണ്. ക്രിസ്തു, തോമാശ്ലീഹായുടെ മുറിവുകള്‍ നീക്കുന്നത് സ്‌നേഹത്തിന്റെ മുറിവുകള്‍ കാട്ടിയാണ്. കുറവുകള്‍ നികത്താന്‍ മുറിവുകള്‍ക്ക് സാധിക്കും. ക്രിസ്തുശിഷ്യന്റെ വിശ്വാസത്തിന്റെ പൂര്‍ണ്ണതയാണ് തോമാശ്ലീഹായുടെ വിശ്വാസപ്രഘോഷണം – എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്നുള്ളത്. യോഹ. 4:42-ാം വാക്യത്തില്‍, ക്രിസ്തുവിനെ ലോകരക്ഷകനായി കാണുന്നവരുണ്ട്; യോഹ. 1:49-ല്‍, ക്രിസ്തുവിനെ ദൈവത്തിന്റെ പുത്രനായി കാണുന്നവരുണ്ട്; യോഹ. 6:69 -ല്‍, ക്രിസ്തുവിനെ ദൈവത്തിന്റെ പരിശുദ്ധനായി കാണുന്നവരുണ്ട്; യോഹ. 11:2-ല്‍, ക്രിസ്തുവിനെ മിശിഹായായി കാണുന്നവരുണ്ട്… ഇങ്ങനെ പല തരത്തിലും പല വിധത്തിലും ക്രിസ്തുവിനെ മനസിലാക്കുന്നവരുണ്ടെങ്കിലും ക്രിസ്തുവിന്റെ മുറിവിന്റെ ആഴവും തന്റെ വിശ്വാസത്തിന്റെ ആര്‍ദ്രമായ പ്രഘോഷണവും തൊട്ടറിഞ്ഞത് തോമാശ്ലീഹായാണ്.

പ്രിയമുള്ളവരേ, ഇന്നത്തെ വചനഭാഗങ്ങളോരോന്നും നമ്മുടെ ജീവിതത്തിലേക്ക് വച്ചുനീട്ടുന്ന ചോദ്യങ്ങള്‍ ഇപ്രകാരമാണ്: ഒന്നാമതായി, നമ്മുടെ വിശ്വാസജീവിതത്തില്‍ നാം എത്രമാത്രം നിര്‍ബന്ധബുദ്ധി ഉള്ളവരാണ്? കൃത്യനിഷ്ഠയോടെ ദേവാലയത്തില്‍ വരാനും കുടുംബപ്രാര്‍ത്ഥനാ വേളകളില്‍ പ്രാര്‍ത്ഥിക്കാന്‍ മാതാപിതാക്കള്‍ വിളിക്കുമ്പോള്‍ ഒരഞ്ചു മിനിറ്റ് എന്നുപറഞ്ഞ് നീട്ടിവയ്ക്കുന്ന സ്വഭാവം എനിക്കുണ്ടോ എന്ന് ചിന്തിക്കുക. ഉണ്ടെങ്കില്‍ തീരുമാനമെടുക്കാം, എന്റെ ജീവിതത്തില്‍ എന്റെ ഈശോയെ അനുഭവിക്കണമെന്ന ആഗ്രഹം, നിര്‍ബന്ധബുദ്ധി, ആഴമായ ആഗ്രഹം എന്നും കൂടെയുണ്ടാകട്ടെ.

രണ്ടാമതായി, വിശ്വാസം പരസ്യമായി ഏറ്റുപറയാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്നു ചിന്തിക്കാം. ദൈവാനുഭവത്തിന്റെ അഭാവമാണ് ഭയം. ഈ ഭയമുള്ളവന്‍ കതകടച്ചിരിക്കുന്നു; എന്നാല്‍ കര്‍ത്താവിന്റെ മുറിവിന്റെ ആഴമറിഞ്ഞവന്‍ അത് പ്രഘോഷിക്കാന്‍ മൈലുകള്‍ താണ്ടുന്നു. എന്റെ വിശ്വാസജീവിതത്തില്‍ വിശ്വസ്തനാകുവാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്നു ചിന്തിക്കാം. അവന്‍ പറഞ്ഞു: ‘നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍’ (മര്‍ക്കോ. 16: 15-16).

സ്‌നേഹമുള്ളവരേ, ഈ പുതുഞായറാഴ്ച ന മ്മുടെ ജീവിതങ്ങളെ ആത്മപരിശോധന ചെയ്ത് ക്രിസ്ത്വാനുഭവത്തില്‍ മുറിവുകളെ തിരുമുറിവുകളാക്കാനും തിരുമുറിവുകളെ തിരുശേഷിപ്പുകളാക്കാനും നമുക്ക് പ്രാര്‍ത്ഥിക്കാം.

സര്‍വ്വേശ്വരന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

ബ്ര. ജോഫിന്‍ ജോസഫ് തട്ടാറടിയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.