പ്രതികൂല കാലാവസ്ഥകളിൽ കുട്ടികളെ ദൈവാശ്രയമുള്ളവരാക്കാൻ സഹായിക്കുന്ന മാർഗങ്ങൾ

താളം തെറ്റിയ മഴയുടെയും അപ്രതീക്ഷിതമായെത്തുന്ന കാറ്റിന്റെയും മറ്റു പ്രകൃതിക്ഷോഭങ്ങളുടെയും നടുവിലാണ് നമ്മൾ ജീവിക്കുന്നത്. ഇടിമിന്നലിന്റെ ശബ്ദവും കാറ്റിന്റെ വേഗതയിലും ഭയപ്പെട്ട് നമ്മുടെ അരികിലേക്ക് ഓടിയണയുന്ന കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുന്നവരാണ് നാം. ഇത്തരം സാഹചര്യങ്ങളിൽ എങ്ങനെ നമ്മുടെ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാമെന്നു നോക്കാം.

1. ഒരുമിച്ചു പ്രാർഥിക്കുക

അപ്രതീക്ഷിതമായെത്തുന്ന കാറ്റിലും പേമാരിയിലും ഭയപ്പെടുന്ന കുഞ്ഞുങ്ങളെ ചേർത്തിരുത്തി കുടുംബം ഒന്നിച്ചു പ്രാർഥിക്കുക. പ്രകൃതിയുടെമേൽ ശക്തിയുള്ള ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന ബോധ്യം ഈ പ്രവൃത്തിയിലൂടെ കുഞ്ഞുങ്ങളുടെ ഹൃദയങ്ങളിൽ പകർന്നുനൽകാം.

2. ഒരുമിച്ചു പാടുക

രക്ഷയുടെ സങ്കീർത്തനങ്ങളോ, പാട്ടുകളോ ഒരുമിച്ചുപാടുന്നതും ചൊല്ലുന്നതും ഉചിതമാണ്. അത് ഒരു പ്രാർഥനയായി കുഞ്ഞുങ്ങളുടെയുള്ളിൽ അലയടിക്കാൻ കാരണമാകും. കൂടാതെ, ഭയപ്പെട്ടിരിക്കുന്ന കുഞ്ഞുങ്ങളെ ചിരിപ്പിക്കാനുതകുന്ന പാട്ടുകൾ പാടുന്നതും കുട്ടികളുടെ ആശങ്കകളെ ദുരീകരിക്കും.

3. കഥകൾ പറഞ്ഞുകൊടുക്കുക

ഒരിക്കൽ വലിയ ഇടിമിന്നലുണ്ടായ സമയത്ത് ഒരു കുഞ്ഞ് കുരുത്തോലയുമായി വീടിന്റെ ഉമ്മറപ്പടിയിലിരുന്നുകൊണ്ട് ‘കടലിനെ ശാസിച്ച ഈശോയേ, ഞങ്ങളെ സംരക്ഷിക്കണമേ’ എന്നു പ്രാർഥിച്ചു. സുവിശേഷത്തിലെ ഉപമകളെയും കഥകളെയും വിശുദ്ധരുടെ ജീവിതങ്ങളെയും കഥകളിലൂടെ നിരന്തരം പരിചയപ്പെടുത്തിക്കൊടുത്തിരുന്ന മാതാപിതാക്കളുടെ കുഞ്ഞായിരുന്നു അത്. കഥകളിലൂടെ, ദൈവം സർവശക്തനാണ് എന്ന ബോധ്യം ആ കുഞ്ഞിന്റെ ഹൃദയത്തിൽ രൂപപ്പെട്ടിരുന്നു. അത് ആ കുഞ്ഞിനെ ഭയത്തിന്റേതായ സമയങ്ങളിൽ  സംരക്ഷിച്ചുകൊണ്ടിരുന്നു. ഇത്തരത്തിൽ കഥകളിലൂടെ നമ്മുടെ കുഞ്ഞുങ്ങളുടെ ആശ്വസിപ്പിക്കാം.

4. നന്ദി പറയാം

ഓരോ പ്രതിസന്ധികൾ കടന്നുപോയതിനുശേഷവും കുഞ്ഞുങ്ങളോടൊപ്പം ജീവൻ സംരക്ഷിച്ച ദൈവത്തിനു നന്ദിപറയണം. നിരന്തരം നന്ദിപറയുന്നതിലൂടെ നമ്മുടെ കഷ്ടപ്പാടുകളിലും ദൈവത്തിനു നന്ദിപറയാൻ അവർ പരിശീലിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.