ഈശോ വി. ഫൗസ്റ്റീനക്ക് വെളിപ്പെടുത്തിയ 25 ആത്മീയ ആയുധങ്ങള്‍

ജീവിച്ചിരുന്ന സമയം ഈശോയില്‍ നിന്ന് ധാരാളം വെളിപ്പെടുത്തലുകള്‍ ലഭിച്ച വ്യക്തിയാണ് വി. ഫൗസ്റ്റീന. ആത്മീയമായ പ്രലോഭനങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ അതില്‍ നിന്ന് സ്വയരക്ഷക്കായി ഈശോ ചില കാര്യങ്ങള്‍ ഫൗസ്റ്റീനക്ക് വെളിപ്പെടുത്തിയിരുന്നു. ഈ കാര്യങ്ങള്‍ തന്റെ ഡയറിയില്‍ വിശുദ്ധ രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഈശോ വെളിപ്പെടുത്തിയതായി വി. ഫൗസ്റ്റീന തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയ ആ 25 ആത്മീയമാര്‍ഗ്ഗങ്ങള്‍ ഇതാ:

1. നീ നിന്നില്‍ത്തന്നെ ഒരിക്കലും ആശ്രയിക്കരുത്. നിന്നെ പരിപൂര്‍ണ്ണമായും എന്റെ ഇഷ്ടത്തിനു സമര്‍പ്പിക്കുക.

ഈശോയുടെ ഹിതത്തിനു സമര്‍പ്പിക്കുക എന്നത് വലിയ ഒരു ആത്മീയ സംരക്ഷണത്തിനുള്ള മാര്‍ഗ്ഗമാണ്.

2. നിരാശയിലും, ഇരുട്ടിലും, പലവിധത്തിലുള്ള ആശയക്കുഴപ്പങ്ങളിലും എന്നില്‍ ആശ്രയിക്കുന്നതോടൊപ്പം നിന്റെ ആത്മീയഗുരുവിനോട് ഉപദേശം തേടുക. എന്റെ നാമത്തില്‍ അവന്‍ നിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തരും.

ആത്മീയപോരാട്ടങ്ങളുടെ അവസരങ്ങളില്‍ ഉടന്‍തന്നെ യേശുവിനോട് പ്രാര്‍ത്ഥിക്കണം. കുമ്പസാരം എന്ന കൂദാശയിലൂടെ ആത്മീയഗുരുവിനോട് അത് തുറന്നുപറയുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുക.

3. പ്രലോഭനത്തിന്റെ അവസരത്തില്‍ പെട്ടെന്നുതന്നെ നീ എന്റെ ഹൃദയത്തിന്റെ സംരക്ഷണയില്‍ ആവുക.

നമ്മള്‍ യേശുവിന്റെ തിരുഹൃദയത്തില്‍ അഭയം തേടേണ്ടത് ആവശ്യമാണ്. യേശുവിലേക്ക് ചേരുന്നതുവഴി നാം പൈശാചികശക്തികളുടെ പ്രലോഭനങ്ങളില്‍ നിന്നും പുറംതിരിയുകയാണ് ചെയ്യുന്നത്.

4. പ്രലോഭനത്തിന്റെ ആദ്യം തന്നെ കുമ്പസാരക്കാരന്റെയടുത്ത് തുറന്നുപറയുക.

ഒരു നല്ല കുമ്പസാരം നടത്തുന്നത് സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മാര്‍ഗ്ഗമാണ്.

5. നിനക്ക് നിന്നോട് തന്നെ തോന്നുന്ന സ്‌നേഹം ഏറ്റവും പിന്നിലേക്ക് മാറ്റുക. 

നമുക്ക് നമ്മളോട് തന്നെ അമിതമായ സ്‌നേഹം തോന്നുന്നത് സാധാരണമാണ്. എന്നാല്‍ ഇത് സ്വാര്‍ത്ഥതയിലേക്കും അഹങ്കാരത്തിലേക്കും നയിക്കാം. അത് സാത്താന്റെ ചതിക്കുഴിയാണെന്നു തിരിച്ചറിയാം.

6. ‘ക്ഷമ’ എന്ന കവചം ധരിക്കുക.

ക്ഷമയാകുന്ന കവചം ധരിക്കുകയെന്നത് വിശ്വസ്തതയുടെയും എളിമയുടെയും ഒരു ഭാഗമാണ്. അക്ഷമരാകുവാനും കോപാകുലരാകുവാനും പിശാച് നമ്മളെ പ്രലോഭിപ്പിച്ചു കൊണ്ടിരിക്കും. ദൈവം അനന്തമായ ക്ഷമയാണ്. അതിനാല്‍ത്തന്നെ ദൈവത്തിന്റെ വീക്ഷണകോണില്‍ നിന്നും നമ്മളെ കാണുക.

7. ആന്തരികമായ സഹനങ്ങള്‍ അവഗണിക്കരുത്. 

പ്രാര്‍ത്ഥനയും ഉപവാസവും വഴി മാത്രമേ ചില പിശാചുക്കളെ നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുവാന്‍ കഴിയുകയുള്ളൂ. സഹനങ്ങള്‍ ആത്മീയപോരാട്ടത്തിലെ പ്രധാനപ്പെട്ട ആയുധങ്ങളാണ്. അതിന് പിശാചിനെ ഇല്ലാതാക്കുവാനുള്ള ശക്തിയുണ്ട്.

8. എപ്പോഴും നിന്റെ മേലധികാരികളുടേയും കുമ്പസാരകന്റേയും ഉപദേശമനുസരിച്ച് ജീവിക്കുക. 

വി. ഫൗസ്റ്റീന ഒരു കന്യാസ്ത്രീയാണ്. അവിടെയൊക്കെ അധികാരികളെ അനുസരിക്കാനാണ് യേശു ആവശ്യപ്പെട്ടത്. നമ്മളെയും നമ്മുടെ മേലധികാരികളെയും തമ്മില്‍ ഭിന്നിപ്പിക്കാനാണ് പിശാച് ലക്ഷ്യമിടുന്നത്. അതിനാല്‍ മേലധികാരികളോട് എളിമയും അനുസരണയും ഉള്ളവരായിരിക്കുക എന്നത് ഒരു ശക്തമായ ആത്മീയ ആയുധമാണ്.

9. പരദൂഷണം പ്ലേഗിന് തുല്യമാണ്. അതിനെ ഒഴിവാക്കുക. 

പരദൂഷണം ഒട്ടുംതന്നെ ദൈവികമല്ല. ഒരുവന്റെ സത്കീര്‍ത്തിയെ നശിപ്പിക്കുവാന്‍ കഴിയുന്ന തെറ്റായ ആരോപണങ്ങള്‍ ഇടകലര്‍ത്തി നുണകള്‍ പറയുന്നത് സാത്താന്റെ പ്രവര്‍ത്തിയാണ്. അതിനാല്‍ അനാവശ്യമായ സംസാരങ്ങള്‍ ഒഴിവാക്കുക.

10. മറ്റുള്ളവര്‍ അവരുടെ ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കട്ടെ. നീ, ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക. 

സ്വന്തം ആത്മീയകാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുക എന്നത് ആത്മീയമായ പോരാട്ടങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ്. മറ്റുള്ളവരിലേക്ക് നോക്കാതെ ദൈവത്തെ പ്രീതിപ്പെടുത്തുന്നതില്‍ എപ്പോഴും താല്‍പര്യം കാണിക്കുക.

11. നിന്റെ കഴിവിന്റെ പരമാവധി നിയമങ്ങളോട് വിശ്വസ്തത പുലര്‍ത്തുക. 

സന്യാസ സഭയുടെ നിയമങ്ങളെയാണ് യേശു ഇവിടെ പരാമര്‍ശിക്കുന്നത്.  വിശ്വാസ വഞ്ചകരും നിയമങ്ങള്‍ പാലിക്കാത്തവരും അനുസരണയില്ലാത്തവരുമായിരിക്കുവാന്‍ സാത്താന്‍ നമ്മളെ പ്രേരിപ്പിച്ചു കൊണ്ടിരിക്കും. അതിനാല്‍ ദൈവത്തിന് മുന്നില്‍ നീതിനിഷ്ഠയോടെ ജീവിക്കുക.

12. വേദനിപ്പിക്കുന്നവര്‍ക്കുവേണ്ടി എന്ത് നന്മ ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കുക.

വെറുപ്പ്, അമര്‍ഷം, പ്രതികാരം, ക്ഷമിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവ സാത്താന്റെ പ്രലോഭനങ്ങളാണ്. പല അവസരങ്ങളിലും മറ്റുള്ളവര്‍ നമ്മളെ വേദനിപ്പിച്ചിട്ടുണ്ട്. അവരോട് പ്രതികാരം ചെയ്യുന്നതിനുപകരം അവര്‍ക്കുവേണ്ടി നമുക്ക് എന്ത് നന്മ ചെയ്യുവാന്‍ സാധിക്കും എന്ന് ചിന്തിക്കുക. അത് വലിയ അനുഗ്രഹമായി മാറും.

13. നിന്റെ വിചാരങ്ങളെ പുറത്തേക്ക് പ്രവഹിപ്പിക്കരുത്. 

അമിതമായി സംസാരിക്കുന്ന ഒരാള്‍ സാത്താന്റെ ആക്രമണങ്ങള്‍ക്ക് എളുപ്പം വിധേയമാകും. വിചാരങ്ങള്‍ ക്ഷണികമാണ്. നീ ഉച്ചത്തില്‍ പറയുന്ന കാര്യങ്ങള്‍ നന്മയുടേയും തിന്മയുടേയും ശക്തികള്‍ ശ്രവിക്കുന്നുണ്ടെന്നത് ഓര്‍ക്കുക. നിന്റെ വിചാരങ്ങളെ ദൈവത്തിലേക്ക് മാത്രം ഒഴുക്കുക.

14. ആക്ഷേപങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നിശബ്ദയായിരിക്കുക. 

ചില അവസരങ്ങളില്‍ നമുക്ക് ആക്ഷേപങ്ങളെ നേരിടേണ്ടി വരാറുണ്ട്. അവയ്ക്കുമേല്‍ നമുക്ക് ഒരു നിയന്ത്രണവുമില്ലെങ്കിലും നമ്മുടെ പ്രതികരണങ്ങളെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്. സത്യം എന്താണെന്ന് ദൈവത്തിനറിയാം.

15. എല്ലാവരുടെയും അഭിപ്രായം ആരായരുത്. നിന്റെ കുമ്പസാരകന്റെ അഭിപ്രായം മാത്രം ആരായുക. ഒരു ശിശുവിനെപ്പോലെ എളിമയോടുകൂടി എല്ലാക്കാര്യങ്ങളും അവനോടു തുറന്നുപറയുക.

ജീവിതത്തിന്റെ ലാളിത്യം പിശാചിനെ ആട്ടിപ്പായിക്കും. നുണയനായ സാത്താനെ തോല്‍പ്പിക്കുവാനുള്ള ഒരായുധമാണ് സത്യസന്ധത. നമ്മള്‍ ഒരു നുണ പറയുമ്പോള്‍ സാത്താന്റെ കൂടാരത്തിലേക്ക് ഒരു ചുവടുകൂടി വച്ച് അവനോട് അടുക്കുകയാണ് ചെയ്യുന്നത്.

16. നന്ദികേടില്‍ നിരുത്സാഹപ്പെടാതിരിക്കുക.

നമ്മള്‍ ആര്‍ക്കെങ്കിലും നന്മ ചെയ്തിട്ട് അവരില്‍ നിന്നും നന്ദികേട് നേരിടേണ്ടി വരുമ്പോള്‍ അത് നമ്മെ നിരാശപ്പെടുത്തുന്നു. വാസ്തവത്തില്‍ ഇത് നമ്മുടെ ആത്മാവിനെ പിടികൂടുന്നു. പിശാചിന്റെ ഏറ്റവും ഫലവത്തായ പ്രലോഭനങ്ങളില്‍ ഒന്നാണിത്.

17. ഞാന്‍ നിന്നെ നയിക്കുന്ന വഴികളെ ആകാംക്ഷയാല്‍ പരിശോധിക്കരുത്. 

ആഴമായ വിശ്വാസത്തില്‍ ജീവിതം മുന്നോട്ട് നീക്കുവാന്‍ ശ്രമിക്കുക. സ്വര്‍ഗ്ഗത്തിലേക്ക് നമ്മെ നയിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുവാന്‍ തീരുമാനിക്കുക. ആകാംക്ഷയെ എപ്പോഴും ക്രിസ്തുവിലുള്ള വിശ്വാസംകൊണ്ട് പ്രതിരോധിക്കുക.

18. മടുപ്പും നിരുത്സാഹവും നിന്നെ പിടികൂടുമ്പോള്‍ നിന്നില്‍ നിന്നും ഓടിയകന്ന് എന്റെ ഹൃദയത്തില്‍ അഭയം തേടുക.

അലസരുടെ ആത്മാക്കളെ പിശാച് എളുപ്പത്തില്‍ വേട്ടയാടുമെന്ന് അവിടുന്ന് ഫൗസ്റ്റീനയോട് പറഞ്ഞതായി ഡയറിയില്‍ മുന്‍പ് രേഖപ്പെടുത്തിയിട്ടുണ്ട്. മടുപ്പിനെതിരെ ജാഗ്രത പുലര്‍ത്തുക. മാന്ദ്യവും നിദ്രാലസതയും നമ്മെ കീഴടക്കുന്ന പിശാചാണ്.

19. കഷ്ടതകളെ ഒരിക്കലും ഭയക്കരുത്.

പിശാചിന്റെ സാധാരണ ആയുധങ്ങളില്‍ രണ്ടാമത്തേതാണ് ഭയം. ദൈവത്തില്‍ ആശ്രയിച്ചു കൊണ്ടുള്ള നമ്മുടെ ധൈര്യം സാത്താനെ ഭയപ്പെടുത്തുന്നു. യേശുക്രിസ്തുവിലുള്ള ഉറച്ച വിശ്വാസത്തില്‍ നിന്നും ഉടലെടുക്കുന്ന ധൈര്യത്തിന്റെ മുന്‍പില്‍ നിന്നും സാത്താന്‍ ഓടി ഒളിക്കുന്നു.

20. ‘ഞാന്‍ നിന്നോട് കൂടെയുണ്ട്’ എന്ന ദൃഢമായ വിശ്വാസത്തോടുകൂടി എപ്പോഴും പോരാടുവിന്‍. 

ഒരു മഠത്തിലെ കന്യാസ്ത്രീയോട് ദൃഢനിശ്ചയത്തോടുകൂടി പോരാടുവാന്‍ യേശു നിര്‍ദ്ദേശിക്കുന്നു. യേശു അവളുടെ കൂടെയുള്ളതുകൊണ്ടാണ് അവള്‍ക്ക് അപ്രകാരം പോരാടുവാന്‍ കഴിഞ്ഞത്.

21. നീ ഒരിക്കലും നിന്റെ വിചാരങ്ങളാല്‍ നയിക്കപ്പെടുന്നവളാകരുത്. കാരണം, അത് എപ്പോഴും നിന്റെ നിയന്ത്രണത്തില്‍ ആയിരിക്കണമെന്നില്ല.

നാം ഒരിക്കലും നമ്മുടെ വിചാരങ്ങളാല്‍ നയിക്കപ്പെടുന്നവരാകരുത്. കാരണം, ബാഹ്യശക്തികള്‍ക്ക് പലപ്പോഴും നമ്മുടെ വിചാരങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കും. എല്ലാ യോഗ്യതകളും നമ്മുടെ ഇച്ഛയിലാണ് കുടികൊള്ളുന്നത്. കാരണം, ഇച്ഛയില്‍ നിന്നുമാണ് സ്‌നേഹത്തിന്റെ ഒരു പ്രവര്‍ത്തി ഉടലെടുക്കുന്നത്.

22. ചെറിയ കാര്യങ്ങളില്‍പോലും മേലധികാരികളോട് വിധേയത്വം പുലര്‍ത്തുക.

ദൈവത്തില്‍ ആശ്രയിക്കുകയും അവിടുത്തെ കല്പനകള്‍ പാലിക്കുകയും ചെയ്യുക എന്നത് ആത്മീയ യുദ്ധത്തിലെ ഒരു ശക്തമായ ആയുധമാണ്. കാരണം, ഈ യുദ്ധത്തില്‍ നമുക്ക് ഒരിക്കലും ഒറ്റയ്ക്ക് വിജയിക്കുവാന്‍ സാധിക്കുകയില്ല. ക്രിസ്തുവിലുള്ള വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിക്കുക.

23. സമാധാനത്തിന്റേയും ആശ്വാസത്തിന്റേയും വാഗ്ദാനങ്ങളുമായി ഞാന്‍ നിന്നെ ഭ്രമിപ്പിക്കുകയില്ല; മഹായുദ്ധങ്ങള്‍ക്കു വേണ്ടി തയ്യാറെടുക്കുവിന്‍. 

ശാരീരികമായും ആത്മീയമായും നിരവധി സഹനങ്ങള്‍ വി. ഫൗസ്റ്റീന നേരിട്ടിട്ടുണ്ട്. തന്നെ ശക്തിപ്പെടുത്തിയ ദൈവത്തിന്റെ സഹായം വഴി അവള്‍ സാത്താനെതിരെ മഹായുദ്ധങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

24. സ്വര്‍ഗ്ഗവും ഭൂമിയും നിന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന കാര്യം എപ്പോഴും ഓര്‍മ്മിക്കുക.

നമ്മള്‍ എല്ലാവരും ഒരു വലിയ വേദിയിലാണ് ജീവിക്കുന്നത്. സ്വര്‍ഗ്ഗവും ഭൂമിയും സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഇടത്തിലാണ് നാം ജീവിക്കുക.

25. ഒരു യോദ്ധാവിനെപ്പോലെ യുദ്ധം ചെയ്യുക. ഞാന്‍ നിനക്ക് പ്രതിഫലം തരും. യാതൊരു കാര്യവുമില്ലാതെ ഭയചകിതയാകരുത്. 

ക്രിസ്തുവിനുവേണ്ടി യുദ്ധം ചെയ്യുന്ന ഒരു പോരാളിയാണ് താന്‍ എന്ന തിരിച്ചറിവ് ഉണ്ടാവുക. ക്രിസ്തുവിനായി തളരാതെ പോരാടുക. ദൈവം പ്രതിഫലം നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.