യേശുക്രിസ്തുവിന്റെ പ്രശസ്തമായ ചില ചിത്രങ്ങൾ

കലാകാരന്മാർക്കിടയിലും എഴുത്തുകാർക്കിടയിലും എക്കാലവും ഒരു പ്രധാനപ്പെട്ട വ്യക്തിയാണ് യേശുക്രിസ്തു. ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ ക്രിസ്തുവിന്റെ രൂപത്തെ ചിത്രീകരിക്കാൻ കലാകാരന്മാർ വളരെയധികം താത്പര്യം കാണിച്ചുവരുന്നു. വ്യക്തിപരമായും ആത്മീയപരമായും ബന്ധപ്പെടുത്തിക്കൊണ്ട് ചിത്രകാരന്മാർ യേശുവിന്റെ നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഇതിൽ മിക്കവാറും ചിത്രങ്ങളിലും യേശുവിനെ ഒരു യുവാവായിട്ടാണ്  ചിത്രീകരിച്ചിരിക്കുക.

ചരിത്രപരമായ വസ്തുതകളായിരിക്കാം ഈ പ്രത്യേകതക്കു കാരണം. നിരവധി മികച്ച കലാകാരന്മാർ യേശുക്രിസ്തുവിനെയും അവിടുത്തെ ശിഷ്യന്മാരെയും അടിസ്ഥാനമാക്കി ദൃശ്യപരമായി ശ്രദ്ധേയവും കാലാതീതവുമായ കലാസൃഷ്ടികൾ നിർവഹിച്ചിട്ടുണ്ടെന്ന് ചരിത്രം കാണിക്കുന്നു. ലോകപ്രശസ്തമായ ഇത്തരം ചിത്രങ്ങളെക്കുറിച്ചാണ് ലൈഫ് ഡേ ഇന്ന് പങ്കുവയ്ക്കുന്നത്.

1. ലിയനാർഡോ ഡാ വിഞ്ചിയുടെ ‘അവസാനത്തെ അത്താഴം’ (The Last Supper by Leonardo Da Vinci)

യേശുക്രിസ്തുവിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഏറ്റവും പ്രശസ്തമായ പെയിന്റിംഗ് ആണ് ലിയനാർഡോ ഡാ വിഞ്ചിയുടെ ‘അവസാനത്തെ അത്താഴം’ അഥവാ ‘ദി ലാസ്റ്റ് സപ്പർ.’ അപ്പസ്തോലന്മാരുടെ കൂടെ തന്റെ അവസാന അത്താഴം കഴിക്കുന്ന യേശുക്രിസ്തുവിനെയാണ് ഡാ വിഞ്ചി ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.

ഡാ വിഞ്ചിയുടെ മറ്റു പെയിന്റിംഗുകൾ പോലെ തന്നെ ഈ രചനയിലും പല രഹസ്യങ്ങളും ഉൾക്കൊണ്ടിരിക്കുന്നതായി ചരിത്രകാരന്മാരും കലാസ്വാദകരും രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ പ്രതിഭയെ പ്രത്യേകമായും ഈ ചിത്രത്തിൽ ഉപയോഗപ്പെടുത്തിയ ഡാ വിഞ്ചി നിരവധി രഹസ്യങ്ങളാണ് ഇതിൽ സൂക്ഷിച്ചിരിക്കുന്നത്. എന്നാൽ നിർഭാഗ്യവശാൽ, നനവുള്ള പ്രതലത്തിൽ വരച്ച (ഫ്രെസ്കോ) ചിത്രമായതിനാൽ കാലക്രമേണ ഇതിലെ പല ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി തവണ പുനരുദ്ധാരണം നടത്തിയ ഈ ചിത്രം ഇപ്പോഴുള്ളത് ഇറ്റലിയിലെ സാന്റാ മരിയ ഡെല്ല ഗ്രാസി (ഹോളി മേരി ഓഫ് ഗ്രേസ്) ഡൊമിനിക്കൻ കോൺവെന്റിലെ ഊട്ടുമുറിയിലാണ്.

2. മൈക്കലാഞ്ചലോയുടെ ‘അന്ത്യവിധി’ (The Last Judgement by Michelangelo)

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിലൊന്നാണ് വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൽ സ്ഥിതിചെയ്യുന്ന മൈക്കലാഞ്ജലോയുടെ ‘അന്ത്യവിധി’ എന്ന ചിത്രം. ക്രിസ്തുവിന്റെ രണ്ടാം വരവിനെ ഓർമ്മിപ്പിക്കുന്ന ചിത്രമാണിത്. എന്നാൽ അതിനുമുപരിയായി പല അർത്ഥങ്ങളും ഈ ചിത്രത്തിനുണ്ടെന്ന് ചരിത്രകാരന്മാർ പറയുന്നു.

സിസ്റ്റെയ്ൻ ചാപ്പലിലെ ഈ കലാസൃഷ്ടിക്കായി ചിത്രകാരൻ വർഷങ്ങളോളം അദ്ധ്വാനിച്ചു. അവിശ്വസനീയമായ ഈ രചനയിലൂടെ ജനിച്ചത് ലോക ക്ലാസിക്കുകളിൽ ഒന്നാണ്. മനുഷ്യരാശിയുടെ രക്ഷയെ സൂചിപ്പിക്കുന്ന ഏറ്റവും ശക്തമായ ഒരു ചിത്രം എന്ന് നൂറ്റാണ്ടുകൾ പിന്നിടുമ്പോഴും നിരൂപകരടക്കം ശരി വയ്ക്കുന്ന ഒരു രചനയാണിത്.

3. ജിയോട്ടോയുടെ ‘ഓഗ്‌നിസാന്റി മഡോണ’ (Ognissanti Madonna by Giotto)

പരിശുദ്ധ കന്യകാമറിയത്തിന്റെ മടിയിലിരിക്കുന്ന ബാലനായ യേശുവിന്റെ ചിത്രമാണിത്. നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കത്തിൽ വരച്ച ചിത്രമായതിനാൽ ഈ രചന വളരെയധികം ശ്രദ്ധയാകർഷിച്ച ഒന്നാണ്. നവോത്ഥാന കാലഘട്ടത്തിലെ വളരെ പ്രസ്ഥാനമായ ഒരു കലാകാരനായിരുന്നു ജിയോട്ടോ.

4. എൽ ഗ്രിക്കോയുടെ ‘കുരിശു ചുമക്കുന്ന ക്രിസ്തു’ (Christ Carrying The Cross by El Greco)

എൽ ഗ്രിക്കോയുടെ വളരെ പ്രസിദ്ധമായ ഒരു ചിത്രമാണ് ‘കുരിശു ചുമക്കുന്ന ക്രിസ്തു’ അഥവാ ‘ക്രൈസ്റ്റ് ക്യാരിയിങ് ദി ക്രോസ്സ്.’ മുൾമുടി അണിഞ്ഞു കുരിശും വഹിച്ചുകൊണ്ടു പോകുന്ന യേശുക്രിസ്തുവിനെയാണ് പേര് സൂചിപ്പിക്കുന്നതു പോലെ ഈ ചിത്രത്തിൽ കാണാൻ സാധിക്കുക. യാതൊരുവിധ വിഷമതകളോ, പീഡകളോ ഇല്ലാതെയാണ് യേശു കുരിശു വഹിക്കുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. കഠിനമായ പീഡാസഹനത്തിലും ലോകത്തോടുള്ള തന്റെ സ്നേഹത്തെ സൂചിപ്പിക്കുന്നതിനാണ് കുരിശു വഹിക്കുമ്പോൾ അത്യധികം ശാന്തനായി കാണപ്പെടുന്ന യേശുവിന്റെ മുഖം എൽ ഗ്രിക്കോ തന്റെ കലാസൃഷ്ടിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൽ, യേശു സ്വർഗ്ഗത്തിലേക്ക് മുഖമുയർത്തി നിൽക്കുന്നു. ഈ ലോകത്തിന്റേതായ യാതൊന്നിലും യേശുവിന്റെ മനസ്സോ, ചിന്തയോ പോകുന്നില്ല എന്ന സൂചനയാണ് ഇത് നൽകുന്നത്. ചിത്രത്തിൽ നിറങ്ങളുടെ വൈദഗ്ധ്യതയോടെയുള്ള ഉപയോഗം എൽ ഗ്രിക്കോ എന്ന കലാകാരന്റെ പ്രതിഭയെ എടുത്തു കാണിക്കുന്ന ഒന്നാണ്.

5. റാഫേലിന്റെ ‘രൂപാന്തരീകരണം’ (The Transfiguration by Raphael)

നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാണ് റാഫേൽ. രൂപാന്തരീകരണം അദ്ദേഹത്തിന്റെ ഏറ്റവും അവസാനത്തെ സൃഷ്ടിയായി കരുതപ്പെടുന്നു. താബോർ മലയിൽ വച്ച് മോശയോടും ഏലിയായോടുമൊപ്പം യേശു രൂപാന്തരപ്പെടുന്ന ചിത്രമാണിത്.

ഈ ചിത്രത്തിനുള്ളിൽ രോഗിയായ ഒരു കുഞ്ഞിനെ അപ്പസ്തോലന്മാർ സുഖപ്പെടുത്തുന്നതും കാണാം. ഈ ചിത്രത്തിന് ആഴത്തിലുള്ള അർത്ഥവും അനുസരണവും ഉണ്ട്. മരണസമയത്ത് ചിത്രകാരനായ റാഫേലിന്റെ കട്ടിലിനരികിൽ ഈ ചിത്രം സൂക്ഷിച്ചിരുന്നു. അതിനാൽ തന്നെ ഇത് അദ്ദേഹത്തിന്റെ ഒരു മാസ്റ്റർ പീസ് രചനയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

6. സാൽവദോർ ഡാലിയുടെ ‘കുരിശിലെ വിശുദ്ധ യോഹന്നാന്റെ ക്രിസ്തു’ (Christ of Saint John on The Cross by Salavdore Dali)

കലയോടുള്ള ആധുനികവും റിയലിസ്റ്റിക് സമീപനവുമായിരുന്നു സാൽവദോർ ഡാലിയെ പ്രശസ്തനാക്കിയത്. അതോടൊപ്പം തന്നെ ‘കുരിശിലെ വിശുദ്ധ യോഹന്നാന്റെ ക്രിസ്തു’ എന്ന രചനയും ഇത് എടുത്തു കാണിക്കുന്ന ഒന്നായിമാറി.

ചിത്രത്തിന്റെ ശോകഭാവവും നാടകീയതയും കാലാതീതമാണ്. ആധുനിക കലയുടെ ഈ പ്രസിദ്ധമായ സൃഷ്ടി യേശുക്രിസ്തുവിനെ ഒരു അമൂർത്ത രൂപത്തിൽ ചിത്രീകരിക്കുന്നു. കുരിശല്ല മനുഷ്യനാണ് പ്രധാനം എന്ന് ഈ ചിത്രം എടുത്തു കാണിക്കുന്നു. യേശുക്രിസ്തുവിന്റെ പിൻഭാഗത്തായി മറ്റൊന്നും കാണപ്പെടുന്നില്ല. ഇ ത് ഈ ക്രിസ്തുവിനെ മാത്രം കേന്ദ്രീകരിക്കണം എന്നുമുള്ള സന്ദേശം നൽകുന്നു.

ചിത്രം തനിക്ക് സ്വപ്നത്തിൽ വെളിപ്പെട്ടു കിട്ടിയതാണെന്നും ക്രിസ്തുവെന്ന കേന്ദ്രബിന്ദുവിനെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഡാലി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

7. ഡിഗോ വാലസ്ക്വാസിന്റെ ‘ക്രൂശിതനായ ക്രിസ്തു’ ( Christ Crucified by Diego Valazquez)

A 4158

1632 -ൽ ഡീഗോ വാലസ്ക്വാസ് വരച്ച ചിത്രമാണിത്. മരണത്തിനു തൊട്ടു മുൻപായി കുരിശിൽ കിടക്കുന്ന യേശുവിന്റെ അവസാന നിമിഷങ്ങളുടെ ആഴമേറിയതും അതിരു കടന്നതുമായ കാഴ്ചയാണ് ഈ ചിത്രത്തിലൂടെ ഡീഗോ വരച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ അവസാന നിമിഷങ്ങളെക്കുറിച്ചുള്ള ഒരു ധ്യാനമായി ഈ രചനയെ ദർശിക്കാവുന്നതാണ്. കൂടാതെ മറ്റൊന്നിന്റെയും സാന്നിധ്യം ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കില്ല. അതിനാൽ തന്നെ ശ്രദ്ധ പതറാതെ ആ നിമിഷത്തെ ധ്യാനിക്കാൻ ഈ ചിത്രം കാഴ്ചക്കാരനെ അനുവദിക്കുന്നു.

ചിത്രത്തിന്റെ ഈ മിനിമലിസ്റ്റ് പ്രത്യേകത ഏകാന്തതയുടെ പ്രതിഫലനത്തെയും സൂചിപ്പിക്കുന്നു. യേശുവിന്റെ ഏകാന്തത, മനുഷ്യരാശിയുടെ പാപവുമായി താൻ തനിച്ചാണെന്നുമുള്ള ഒരു അർത്ഥതലത്തിലേക്കും കാഴ്ചക്കാരനെ എത്തിക്കുന്നു. എങ്കിലും യേശുവിന്റെ തലക്കു ചുറ്റുമുള്ള സ്വർണ്ണത്തിളക്കം അവിടുന്ന് യഥാർത്ഥത്തിൽ തനിച്ചല്ലെന്നും സൂചന നൽകുന്നുണ്ട്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.