ഒരു കത്തോലിക്കാ കുടുംബത്തിൽ ആവശ്യമായി ഉണ്ടായിരിക്കേണ്ട ഏഴു കാര്യങ്ങൾ

ഒരു കത്തോലിക്കനായി ജീവിക്കുമ്പോൾ വിശ്വാസത്തിൽ ആഴപ്പെടാനും ആ വിശ്വാസം പങ്കുവയ്ക്കാനും നമ്മെ സഹായിക്കുന്ന നിരവധി കാര്യങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നുണ്ട്. ഇത്തരത്തിൽ ഒരു ക്രൈസ്തവരായി ജീവിക്കുന്ന നമ്മുടെ കുടുംബങ്ങളിൽ അവശ്യമായി ഉണ്ടായിരിക്കേണ്ട ഏഴു കാര്യങ്ങളെ നാം പരിചയപ്പെടുകയാണ്. ഒരുപക്ഷേ, ഇവയെല്ലാംതന്നെ നമ്മുടെ കുടുംബത്തിൽ ഉണ്ടായിരിക്കാം. എന്നാൽ ഇവ പരിചയപ്പെടുന്നതിലൂടെ ഇവയുടെ ശ്രേഷ്ഠതയെക്കുറിച്ചും വിശ്വാസവളർച്ചയിൽ ഇവ എപ്രകാരം ഉപകാരപ്പെടുന്നു എന്നതിനെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ നമുക്ക് സഹായകരമാകുന്നു.

1. ബൈബിൾ

എല്ലാ കത്തോലിക്കരുടെയും ഭവനങ്ങളിൽ അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട പുസ്തകമാണിത്. വായിക്കാനും ധ്യാനിക്കാനും നമ്മുടെ വീട്ടിൽ ഒരു ബൈബിൾ ഉണ്ടായിരിക്കേണ്ടത് പ്രധാനകാര്യമാണ്. നമുക്കുമുമ്പേ പോയ പ്രിയപ്പെട്ടവർ കൈമാറി ഉപയോഗിച്ച ബൈബിളാണെങ്കിൽ അത് കൂടുതൽ നല്ലതായിരിക്കും. കാരണം, അവരെ സ്വാധീനിച്ച ഖണ്ഡികകൾ ബൈബിളിൽ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടാനും അത് മറ്റു തലമുറകളെ സ്വാധീനിക്കാനും കാരണമായേക്കാം.

നിങ്ങളുടെ കുടുംബത്തിൽ അത്തരമൊരു ബൈബിൾ ലഭിക്കാൻ സാധ്യതയില്ലെങ്കിൽ ബൈബിളിൽ നിങ്ങളെ സ്പർശിച്ചിട്ടുള്ള വചനഭാഗങ്ങൾ അടിവരയിട്ടുകൊണ്ട് അത് ഭാവിതലമുറകൾക്ക് ഉപകാരപ്രദമാക്കാനും ആരംഭിക്കാം.

2. ക്രൂശിതരൂപം

എല്ലാ കത്തോലിക്കരുടെയും കേന്ദ്രചിഹ്നമാണ് കുരിശ്. ഇത് കുരിശിലെ യേശുവിന്റെ ത്യാഗത്തെക്കുറിച്ച് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. കുരിശിന്റെ ചിഹ്നം വിശ്വാസത്തിന്റെ ശക്തമായ പ്രതീകമായി നിലകൊള്ളുന്നു. ദൈനംദിന ജീവിതത്തിൽ നമ്മുടെ വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലിനായി നമ്മുടെ പ്രാർഥനാമുറിയിൽ ഒരു ക്രൂശിതരൂപം ഉണ്ടായിരിക്കുന്നത് നല്ലതാണ്. ക്രൂശിതരൂപം സംരക്ഷണത്തിന്റെ സാന്നിധ്യം കൂടിയാണ്.

3. ജപമാല

പ്രാർഥനയിൽ വളരാൻ നമ്മെ സഹായിക്കുന്ന ലളിതമായ പ്രാർഥനയാണ് ജപമാല. കൂടെകൊണ്ടുനടക്കാവുന്നതും യാത്രകളിൽപോലും ചൊല്ലാവുന്നതുമായ ജപമാല ഒരു പ്രാർഥനയോടൊപ്പം തന്നെ സംരക്ഷണംതീർക്കുന്ന ഒരു ആയുധവും ആഭരണവുമാണ്.

4. വിശുദ്ധ ജലം

കത്തോലിക്കരായ നമ്മുടെ കുടുംബങ്ങളിൽ നാം കരുതേണ്ട മറ്റൊന്നാണ് വിശുദ്ധജലം. നമ്മുടെ വീട്ടിൽ രോഗികളുണ്ടെങ്കിൽ അവരെ വിശുദ്ധ ജലത്തിൽ മുദ്രചെയ്ത് പ്രാർഥിക്കുന്നതു നല്ലതാണ്. വിശുദ്ധ ജലം നൽകാൻ ഇടവക വികാരിയോട് ആവശ്യപ്പെടുകയും അത് വീട്ടിൽ സൂക്ഷിക്കുകയും ചെയ്യാം. ഇത് പലപ്പോഴും ആത്മീയ സംരക്ഷണത്തിനുപയോഗിക്കുന്നു.

5. അനുദിന പ്രാർഥനാപുസ്തകം

അനുദിന പ്രാർഥനാപുസ്തകം വ്യക്തിപരവും കുടുംബപരവുമായ പ്രാർഥനയ്ക്ക് സഹായകരമാണ്. ഓൺലൈൻ പ്രാർഥനാപുസ്തകങ്ങളോ, പ്രാർഥനയുമായി ബന്ധപ്പെട്ട ആപ്പുകളോ ഇന്സ്ടാൾ ചെയ്ത് വ്യകതിപരമായി കൂടെ കൊണ്ടുനടക്കാവുന്നതാണ്.

6. മെഴുകുതിരികൾ

പ്രാർഥനയ്ക്കായി വിശുദ്ധരുടെയോ മറ്റോ ചിത്രങ്ങളോടുകൂടിയ മെഴുകുതിരികൾ കരുതാവുന്നതാണ്.

7. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം

കത്തോലിക്കാ സഭയുടെ വിശ്വാസപരമായ പഠനങ്ങളുടെ ചിട്ടയായ വിശദീകരണം മതബോധനഗ്രന്ഥം നമുക്കു നൽകുന്നു. വിശ്വാസപരമായ സംശയങ്ങൾക്കുള്ള വ്യക്തമായ ഉത്തരങ്ങളും മതബോധനഗ്രന്ഥം നൽകുന്നുണ്ട്. സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കുമ്പോൾ സഭയുടെ വീക്ഷണം അറിയാൻ മതബോധനഗ്രന്ഥം സഹായിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.