എങ്ങനെ ഉപവസിക്കണം? വി. ജോണ്‍ ക്രിസോസ്‌തോം നല്‍കുന്ന നിര്‍ദേശങ്ങള്‍ 

നോമ്പുദിവസങ്ങളില്‍ ദൈവവുമായി കൂടുതല്‍ അടുക്കാന്‍, പ്രാര്‍ഥനയില്‍ ആഴപ്പെടാൻ ഒക്കെ നാം ഉപവാസമനുഷ്ഠിക്കാറുണ്ട്. ഭക്ഷണപദാര്‍ഥങ്ങള്‍ ഉപേക്ഷിച്ച് നാമെടുക്കുന്ന ഒരു ത്യാഗപ്രവൃത്തിയാണ് ഉപവാസം. എന്നാല്‍ ഉപവാസം എന്നതുകൊണ്ട് അതു മാത്രമല്ല ഉദ്ദേശിക്കുന്നത്. നോമ്പുദിവസങ്ങളില്‍ നമ്മുടെ ഉപവാസം എങ്ങനെ ആയിരിക്കണമെന്ന് നാലാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന വി. ജോണ്‍ ക്രിസോസ്‌തോം പറയുന്നുണ്ട്. നമ്മുടെ നോമ്പ് കൂടുതല്‍ അനുഗ്രഹീതമാക്കി മാറ്റാന്‍ വി. ജോണ്‍ ക്രിസോസ്‌തോം നല്‍കുന്ന നിര്‍ദ്ദേശങ്ങളിലൂടെ കടന്നുപോകാം…

1. എടുക്കേണ്ട രീതിയില്‍ എടുത്താല്‍ ഉപവാസം ഒരു മരുന്നാണ് 

ഉപവാസം ഒരു മരുന്നാണ്. എന്നാല്‍, ഈ മരുന്ന് എടുക്കേണ്ടരീതിയില്‍ എടുത്തില്ലെങ്കില്‍ ഗുണത്തിനുപകരം ദോഷമാകും ഉണ്ടാവുക. മരുന്നുകള്‍ കൃത്യസമയത്ത്, കൃത്യമായ അളവില്‍ എടുത്താലേ പ്രയോജനമുള്ളൂ. അതുപോലെതന്നെ ശരീരത്തിന് കഴിയുമെങ്കില്‍മാത്രം ഉപവാസമെടുക്കുക.

2. പാപകരമായ ജീവിതത്തില്‍നിന്ന് അകന്നിരിക്കുക

നമ്മുടെ ഉപവാസം ഏതാനും ചില ഭക്ഷണപദാര്‍ഥങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ടുമാത്രം ഫലപ്രദമാകുന്നില്ല. ആ ഉപവാസം ഫലപ്രദമാകണമെങ്കില്‍ പാപകരമായ ജീവിതസാഹചര്യങ്ങള്‍ ഉപേക്ഷിക്കാന്‍കൂടി നാം തയാറാകണം. തെറ്റെന്നു കരുതുന്ന ജീവിതചര്യകള്‍ ഉപേക്ഷിച്ചില്ലെങ്കില്‍ നീയെടുക്കുന്ന ഉപവാസം വിലമതിക്കപ്പെടുകയില്ല.

3. ജീവകാരുണ്യപ്രവൃത്തികളിലൂടെ ഫലപ്രദമാകുന്ന ഉപവാസം 

ഉപവാസവും ഒപ്പം ജീവകാരുണ്യപ്രവൃത്തികളും നമ്മുടെ നോമ്പിനെ അനുഗ്രഹപ്രദമാക്കിമാറ്റും. നോമ്പുസമയം ഉപവാസമെടുക്കുന്നതിനേക്കാളുപരിയായി നമ്മുടെ ശ്രദ്ധ പതിയേണ്ട ഒരു മേഖലയാണ് നമുക്കുചുറ്റും വേദനിക്കുന്നവരുടെ സമൂഹം. അവര്‍ക്ക് ആവശ്യമായവ ചെയ്തുകൊടുക്കാന്‍ ഈ പുണ്യനിമിഷങ്ങളില്‍ കഴിയണം.

4. ഭക്ഷണത്തില്‍ നിന്നും വ്യര്‍ഥഭാഷണത്തില്‍ നിന്നും മാറിനില്‍ക്കാം

നോമ്പില്‍ ഉപവസിക്കുന്നതിനൊപ്പം വ്യര്‍ഥഭാഷണങ്ങളില്‍ നിന്നും അകന്നിരിക്കാന്‍ ശ്രമിക്കാം. തെറ്റായ സംസാരരീതികള്‍, മറ്റുള്ളവരെക്കുറിച്ചുള്ള അപഖ്യാതി പരത്തല്‍, പരദൂഷണം തുടങ്ങിയവ ഒഴിവാക്കാം. എല്ലാവരിലെയും നന്മകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.