മതാധ്യാപകരുടെ മധ്യസ്ഥനായ വി. ചാള്‍സ് ബൊറോമിയോ

നവംബർ നാലിന് കത്തോലിക്കാ സഭ മതാധ്യാപകരുടെ മധ്യസ്ഥനായ വി. ചാള്‍സ് ബൊറോമിയോയുടെ തിരുനാൾ ആഘോഷിക്കുന്നു.

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചെന്ന് പറയാൻപറ്റുന്ന തരത്തിൽ അത്രയും ഉയർന്ന കുടുംബത്തിലായിരുന്നു ഇറ്റലിയിൽ വിശുദ്ധന്റെ ജനനം. അദ്ദേഹത്തിന്റെ അമ്മയുടെ ഇളയസഹോദരനായിരുന്നു പിന്നീട് പീയൂസ് നാലാമൻ എന്ന പേരിൽ മാർപാപ്പയായിത്തീർന്നത്. പക്ഷേ, പണത്തിനും പ്രതാപത്തിനുമൊന്നും ചാൾസിനെ എന്നേക്കുമായി സ്വാധീനിക്കാൻ കഴിഞ്ഞില്ല. ഇറ്റലിയിലെ മിലാനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ധനികരുമടങ്ങുന്ന ഒരു കുടുംബത്തിലാണ് ചാള്‍സ് ബൊറോമിയോ ജനിച്ചത്. പതിനാറാം നൂറ്റാണ്ടിലെ ധനികരുടെ ജീവിതരീതികള്‍പോലെതന്നെ, കായികപ്രകടനങ്ങളും സംഗീതവും കലയും കൂടാതെ രുചികരമായ ഭക്ഷണങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെയായിരുന്നു അദ്ദേഹവും പ്രശസ്തമായ മെഡിസി കുടുംബത്തില്‍ ജീവിച്ചിരുന്നത്.

ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ സിവില്‍ നിയമങ്ങളും കാനോന്‍ നിയമങ്ങളും പഠിച്ച് ചാള്‍സ് ഡോക്ടറേറ്റെടുത്തു. അമ്മാവനായ പോപ്പ്, ചാള്‍സിനെ റോമിലേക്കു വിളിച്ചുവരുത്തി 1560 -ല്‍, പേപ്പല്‍ സംസ്ഥാനങ്ങളുടെ അഡ്മിനിസ്‌ട്രേറ്ററും പാപ്പായുടെ പ്രതിനിധിയുമായി നിയമിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വെറും ഡീക്കന്‍ മാത്രമായിരുന്ന ചാള്‍സ്, മിലാന്‍ അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായി. വര്‍ഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ട്രെന്റ് എക്യുമെനിക്കല്‍ കൗണ്‍സിലിനെ പുനര്‍ജീവിപ്പിക്കാനുള്ള ഉത്തരവാദിത്വവും ചാള്‍സിനെയാണ് പോപ്പ് ഏല്പിച്ചത്. പുതിയ കൗണ്‍സിലിന്റെ ആത്മാവ് ചാള്‍സായിരുന്നു. സഭയുടെ വിശ്വാസസത്യങ്ങള്‍ക്കും സഭാപരിഷ്‌ക്കരണത്തിനുംവേണ്ട വിശദീകരണങ്ങള്‍ നല്‍കാനുള്ള ഉത്തരവാദിത്വവും ചാള്‍സിനായിരുന്നു. ഈ സമയത്ത് ചാള്‍സ് പൗരോഹിത്യം സ്വീകരിച്ചു.

‘സ്നേഹസമ്പന്നനായ പരിഷ്കർത്താവ്’ എന്നറിയപ്പെടുന്ന വി. ചാൾസ് ബോറോമിയോ ആളുകളെക്കുറിച്ച് ശ്രദ്ധാലുവായിരുന്നു. കൂടാതെ, സഭ എല്ലാവരെയും പരിഗണിക്കുന്നുവെന്ന് അവർ അറിയാണമെന്നും അദ്ദേഹം ആഗ്രഹിച്ചു. സഭയെ സംഘടിപ്പിക്കുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ മാറ്റങ്ങളും പരിഷ്കാരങ്ങളും വിശ്വാസികളെ സഭയോട് അടുപ്പിച്ചു.

വിശുദ്ധൻ തന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവച്ചു. എല്ലാ ആഡംബരങ്ങളും സ്വയം വിലക്കി, കഠിനമായ ശിക്ഷകൾ സ്വയം ചുമത്തി. ദരിദ്രനാകാൻ അദ്ദേഹം സമ്പത്തും ഉന്നതസ്ഥാനമാനങ്ങളും ബഹുമാനവും സ്വാധീനവും ത്യജിച്ചു. 1576 -ൽ പ്ലേഗും ക്ഷാമവും ഉണ്ടായപ്പോൾ വി. ബോറോമിയോ പ്രതിദിനം 60,000 മുതൽ 70,000 വരെ ആളുകൾക്ക് ഭക്ഷണം നൽകാൻ ശ്രമിച്ചു.

വിശ്വാസം സംരക്ഷിക്കാനും പുരോഹിതഗണങ്ങളെ പുനഃസംഘടിപ്പിക്കാനും മതബോധന പരിശീലനത്തിനും ആരാധനാക്രമത്തെ പുനരുജ്ജീവിപ്പിക്കാനും ശരിയായ ഇടയന്റെ മാതൃക കാണിക്കാനുമൊക്കെയായി പ്രത്യേക വിളി ലഭിച്ച വിശുദ്ധനായിരുന്നു ചാൾസ് ബൊറോമിയോ. അദ്ദേഹം സ്‌കൂളുകളും സെമിനാരികളും കോൺവെന്റുകളും സ്ഥാപിച്ചു. മതപരമായ പരിശീലനങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. കുട്ടികൾക്ക് മതബോധനപരിശീലനത്തിനുള്ള ക്രിസ്തീയതത്വസഖ്യങ്ങൾ സ്ഥാപിച്ചു. പ്രൊവിൻഷ്യൽ കൗൺസിലുകൾ, രൂപത സിനഡുകൾ, ഇടയലേഖനങ്ങൾ ഇതിലൂടെയൊക്കെ പുരോഹിതരുടെയും അത്മായരുടെയും ആത്മീയത ഉണർത്താൻ വേണ്ടതെല്ലാം ചെയ്തു.

ചാൾസ് ആൽപ്പൈൻ താഴ്‌വരകളിലേക്കും മലമുകളിലേക്കും യാത്രകൾ നടത്തി. കർഷകരോട് ദൈവത്തെപ്പറ്റി പറഞ്ഞു, ഇടയന്മാരോട് ക്രിസ്തുമതത്തെക്കുറിച്ചു സംസാരിച്ചു.

തന്റെ കുടുംബസ്വത്തൊക്കെ പാവങ്ങൾക്കുവേണ്ടി വിനിയോഗിച്ചു. വെള്ളിപ്പാത്രങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും വിറ്റ് ദരിദ്രരെ ഊട്ടി. വളരെ ലളിതമായ ജീവിതം നയിച്ചു. കുറച്ചു ഭക്ഷണം മാത്രം കഴിച്ചു. ഭവനത്തിനുള്ളിൽ ബിഷപ്പിന്റേതായ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പഴയതും കീറിയതുമായ ളോഹ ധരിച്ചു. പ്രാർഥനയിലും പഠനത്തിലും സമയം ചെലവിട്ടു. ഒന്നിലും തളരാത്ത തൊഴിലാളിയായിക്കൊണ്ട് അഭംഗുരം അധ്വാനിച്ചു.

ഒരു സ്ഥിരം മെത്രാനില്ലാതെയിരുന്ന മിലാനില്‍ അധികം താമസിയാതെതന്നെ അദ്ദേഹം മെത്രാനായി നിയമിതനായി. ഒരു സമ്പന്നനായാണ്‌ ജനിച്ചതെങ്കിലും തന്റെ ജീവിതത്തിന്റെ നല്ലഭാഗവും ഞെരുക്കത്തിലും സഹനത്തിലുമാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്.

‘Nunc Coepi’ ഇതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. അതിന്റെ അർഥം ‘ഞാനിതാ തുടങ്ങുന്നു’ എന്നാണ്. കുറച്ചെങ്കിലും വിശ്രമിക്കാൻ മറ്റുള്ളവർ പറയുമ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: “ഞാനിപ്പോൾ തുടങ്ങിയതല്ലേയുള്ളൂ; എനിക്കെങ്ങനെ വിശ്രമിക്കാൻ കഴിയും?”

1570 -ൽ വിളകളെല്ലാം നശിച്ച് മിലാനിൽ വലിയ ക്ഷാമം ഉണ്ടായി. അതുപോലെ 1576 -ൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ ആയിരങ്ങൾ മിലൻ നഗരത്തിലേക്കു വന്നു; ദണ്ഡവിമോചനങ്ങൾക്കായി. വ്യവസായങ്ങൾ തകർന്നു, വരുമാനം നിലച്ചു, ഗവർണറും മറ്റ് മേലുദ്യോഗസ്ഥരും ഒളിച്ച് നാടുവിട്ടു. ആ സാഹചര്യത്തിൽ, ചാൾസ് ഗവണ്മെന്റിന്റെ നടത്തിപ്പ് ഏറ്റെടുത്തു. പാവങ്ങൾക്ക് വസ്ത്രത്തിനായി മാളികയിലെ മേശവിരിപ്പുകളും കർട്ടനുകളും ബെഡ്ഷീറ്റുകളും വലിച്ചെടുത്തുകൊടുത്തു. അവർക്ക് ഭക്ഷണംകൊടുക്കാൻ ബാക്കിയുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ ഉപയോഗിച്ച്, വലിയ കടത്തിലായി. എന്നിട്ടും വളരെപ്പേരെ അദ്ദേഹം സംരക്ഷിച്ചു. മരിക്കാറായവർക്ക് അന്ത്യകൂദാശകൾ കൊടുത്തു. ചാൾസിന്റെ പ്രവൃത്തികൾ, ഒളിച്ചോടിപ്പോയ ഗവർണറെയും മറ്റുള്ളവരെയും ലജ്ജിപ്പിച്ചു. അവസാനം അവർ തിരിച്ചുവന്നു.

ചാൾസ് കാരണം സഭാധികാരികളുടെ മുന്നില്‍ താൻ വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നുചിന്തിച്ച് നീരസംപൂണ്ട ഒരു മതപുരോഹിതന്‍ അദ്ദേഹത്തെ വധിക്കാനുള്ള ശ്രമവും നടത്തി. ചാള്‍സ് അള്‍ത്താരയ്ക്കു മുന്നില്‍ മുട്ടിന്മേല്‍നിന്നു പ്രാർഥിക്കുന്ന സമയം ഈ പുരോഹിതന്‍ പിറകില്‍നിന്നും അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്തു. ആദ്യം താന്‍ മരിക്കുകയാണെന്നാണ് അദ്ദേഹം കരുതിയത്. പക്ഷേ, ആ വെടിയുണ്ടയ്ക്ക് അദ്ദേഹത്തിന്റെ മേല്‍വസ്ത്രത്തെ തുളച്ചുപോകാന്‍ കഴിഞ്ഞില്ല; ഒരു ക്ഷതമേല്പിക്കാന്‍മാത്രമേ ഇതുകൊണ്ട് കഴിഞ്ഞുള്ളൂ.

എല്ലാ കൊല്ലവും വാർഷികധ്യാനങ്ങൾക്കായി ചാൾസ് പോയിരുന്നു. എല്ലാദിവസവും കുമ്പസാരിച്ചിരുന്നു. 1584 ഒക്ടോബറിൽ വാർഷികധ്യാനത്തിനായി പോയ ചാൾസ് ഒക്ടോബർ 24 -ന് രോഗഗ്രസ്തനായി. ഒക്ടോബർ 29 -ന് മിലാനിലേക്കു തിരിച്ചു. വരുന്നവഴി തന്റെ ജന്മസ്ഥലമായ അരോണയിൽ സകല മരിച്ചാത്മാക്കളുടെ ദിവസം അവസാനമായി കുർബാന അർപ്പിച്ചു.

അടുത്ത ദിവസം മിലാനിലെത്തി നേരെ കിടക്കയിലേക്കു പോയി. അദ്ദേഹത്തിന് അന്ത്യകൂദാശകൾ നൽകപ്പെട്ടു. ചാക്കുവസ്ത്രം ധരിച്ച് ചാരംപൂശിയ നിലയിൽ ക്രൂശിതന്റെ ചിത്രം ഉറ്റുനോക്കിക്കിടന്ന ചാൾസ് ബൊറോമിയോ 1584 നവംമ്പർ 3 -ന് രാത്രി, തന്റെ 46 -മത്തെ വയസ്സിലാണ് മരിച്ചത്.

മിലാനിലെ പള്ളിയിൽ അദ്ദേഹത്തിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നു. 1610 നവംബർ ഒന്നിന് പോൾ അഞ്ചാമൻ മാർപാപ്പ ചാൾസ് ബൊറോമിയോയെ വിശുദ്ധ പദവിയിലേക്കുയർത്തുകയും നവംബർ 4 -ന് വിശുദ്ധന്റെ തിരുനാളായി പ്രഖ്യാപിക്കുകയും ചെയ്തു.

വിശുദ്ധന്റ അപ്പസ്തോലിക തീക്ഷ്ണതയും വീരോചിതമായ ഉപവിയുംകൊണ്ട് രണ്ടാം അംബ്രോസ് എന്ന് അക്കാലത്ത് വിശുദ്ധൻ വിളിക്കപ്പെട്ടു. അഴിമതിക്കും പാഷണ്ഡതകൾക്കുമിടയിൽ ജീവിച്ചിട്ടും സുഖലോലുപതയ്ക്കുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും വിശുദ്ധിയും ലാളിത്യവുമാണ് വി. ചാൾസ് ബൊറോമിയോ തിരഞ്ഞെടുത്തത്. അധികാരത്തിന്റെയും സമ്പത്തിന്റെയും മഹത്വത്തിൽ വിരാജിച്ചിരുന്നവരെല്ലാം കാലയവനികക്കുള്ളിൽ മണ്മറഞ്ഞു മറവിയിലാണ്ടപ്പോൾ എളിമയുടെയും ശൂന്യവൽക്കരണത്തിന്റെയും വിശുദ്ധിയുടെയും പാത തിരഞ്ഞെടുക്കുന്നവരെ ദൈവം ഉയർത്തുന്നു. എന്നെന്നും അവർ മറ്റുള്ളവർക്ക് മാതൃകയായി വണങ്ങപ്പെടുന്നു.

ജിൽസ ജോയ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.