നിങ്ങളുടെ ഡയറ്റിങ് പരാജയപ്പെട്ടോ? വി. ചാൾസ് ബോറോമിയോയോട് പ്രാർഥിക്കാം

വി. ചാൾസ് ബോറോമിയോ ഒരു കർദിനാളും ഒരു പ്രമുഖ അധ്യാപകനുമായിരുന്നു. അദ്ദേഹം തന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ദാനധർമ്മങ്ങൾക്ക് ഉദാരമായി സംഭാവന ചെയ്യുകയും പ്ലേഗ് ബാധിതരെ സഹായിക്കാൻ സ്വന്തം ആരോഗ്യം ത്യജിക്കുകയും ചെയ്തു. ആ സമയത്ത് മറ്റ് പല അധികാരികളും പലായനം ചെയ്തിരുന്നു. മതാധ്യാപകരുടെ മധ്യസ്ഥനാണെങ്കിലും അദ്ദേഹം ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ചെയ്യുന്ന ഒരു കാര്യവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നത്. ഡയറ്റിങ്!

ആമാശയ രോഗങ്ങളുടെയും അമിതവണ്ണത്തിന്റെയും ഡയറ്റിംഗിന്റെയും സ്വർഗീയ മധ്യസ്ഥനായി അദ്ദേഹം വണങ്ങപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ജീവ ചരിത്രത്തിൽ എവിടെയും വിശുദ്ധൻ ഒരു പൊണ്ണത്തടിയുള്ള ആളായിരുന്നു എന്ന് പറയുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹവും ഡയറ്റിങ്ങും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്നും വ്യക്തമല്ല. എന്നാൽ ക്ഷാമകാലത്തെ അദ്ദേഹത്തിന്റെ ഇടപെടലുകൾ നിരവധിയാളുകളെ പട്ടിണിയിൽ നിന്നും രക്ഷിച്ചിട്ടുണ്ട്.

1571-ൽ, ചാൾസ് ജോലി ചെയ്തിരുന്ന പ്രദേശത്ത് കടുത്ത ക്ഷാമം അനുഭവപ്പെട്ടു. ആ സമയത്ത് അദ്ദേഹം പട്ടിണി കിടക്കുന്നവരെ സഹായിക്കാൻ അക്ഷീണം പ്രവർത്തിച്ചു. മൂന്ന് മാസത്തേക്ക് സ്വന്തം ചെലവിൽ 3,000-ത്തോളം ആളുകളെ പോറ്റി. അതേസമയം, ചാൾസിന് നേരിയ പനി ഉൾപ്പെടെ വിവിധ രോഗങ്ങൾ അനുഭവപ്പെട്ടു.

കുറച്ച് വർഷങ്ങൾക്ക് ശേഷം, മിലാനിൽ ഒരു പ്ലേഗ് ബാധിച്ചു. പാപത്തിനുള്ള ശിക്ഷയായിട്ടാണ് പ്ലേഗ് അയച്ചതെന്ന് ചാൾസിന് ബോധ്യപ്പെട്ടു. തന്റെ ജനങ്ങൾക്ക് വേണ്ടിയുള്ള പ്രാർഥനയ്ക്കും സേവനത്തിനും തന്നെത്തന്നെ കൂടുതൽ സമർപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാൻ അദ്ദേഹം പ്ലേഗ് ബാധിത വീടുകളിൽ വ്യക്തിപരമായ സന്ദർശനങ്ങൾ നടത്തി, ഒരു ആത്മീയ പ്രായശ്ചിത്തമെന്ന നിലയിൽ, കഴുത്തിൽ ഒരു കയറും കൈയിൽ ഒരു തിരുശേഷിപ്പും വഹിച്ചുകൊണ്ട് നഗ്നപാദനായി അദ്ദേഹം യാത്ര നടത്തി.

1584 അവസാനത്തോടെ, ചാൾസിന്റെ ഒരു കാലിൽ ചർമ്മ അണുബാധയുണ്ടായെങ്കിലും, രൂപതയുടെ കാര്യങ്ങൾ നോക്കുന്നതിനായി അദ്ദേഹം യാത്ര തുടർന്നു. 1584 നവംബർ മൂന്നിന് 46 വയസ്സുള്ളപ്പോൾ അദ്ദേഹം മരിച്ചു. 26 വർഷങ്ങൾക്ക് ശേഷം 1610 ൽ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു.

തന്റെ സമ്പത്തു മറ്റുള്ളവരുടെ പട്ടിണി മാറ്റാൻ ഉപയോഗിച്ച ഈ വിശുദ്ധനോട് ഭക്ഷണ കാര്യങ്ങളിൽ നിയന്ത്രണം ആവശ്യമുള്ളവർക്ക് പ്രാർഥിക്കാമെന്നതിൽ അതിശയോക്തിയില്ല.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.