

“ഓരോ ദിവസവും കടന്നുപോകുന്നത് വ്യത്യസ്തമായ ദൈവപരിപാലനയുടെ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ടാണ്,” ടാൻസാനിയായിലെ തന്റെ 15 വർഷത്തെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് ഫാ. ജേക്കബ് തട്ടാംപറമ്പിൽ എം.സി.ബി.എസ്. എന്ന മലയാളി വൈദികൻ സംസാരിച്ചുതുടങ്ങിയത് ഇപ്രകാരമാണ്. കഴിഞ്ഞ 15 വർഷമായി ടാൻസാനിയായിൽ സേവനം ചെയ്യുന്ന ഫാ. ജേക്കബിന്റെ മിഷനറി അനുഭവങ്ങൾ. തുടർന്നു വായിക്കുക.
2012 ജനുവരി രണ്ടിന് തിരുപ്പട്ടം സ്വീകരിച്ച് കൃത്യം രണ്ടുമാസത്തിനു ശേഷം മാർച്ച് അഞ്ചിനാണ് അദ്ദേഹം ടാൻസാനിയായിലെത്തുന്നത്. ഏതു പ്രതിസന്ധിയിലും ദൈവം കൈവിടില്ല എന്ന വിശ്വാസം അച്ചനിൽ ശക്തമായിരുന്നു. ആ വിശ്വാസമാണ് ആയിരക്കണക്കിന് ആളുകളുടെ വിശ്വാസജീവിതത്തിന് ശക്തമായ അടിത്തറ പാകാൻ അച്ചനെ സഹായിച്ചത്.
കൂടെ നടക്കുന്ന ദൈവത്തെ തിരിച്ചറിഞ്ഞ നാളുകൾ!
2012 ൽ ടാൻസാനിയായിലെത്തിയ അച്ചൻ പ്രാദേശികഭാഷയായ സ്വാഹിലി പഠിച്ചുകൊണ്ടാണ് തന്റെ ദൗത്യം ആരംഭിക്കുന്നത്. തുടർന്ന് 2013 ജനുവരിയിൽ ദാർ എസ് സലാമിലെ ചാനിക്ക സെന്റ് തോമസ് ഇടവക രൂപീകൃതമായപ്പോൾ ഫാ. ലിജീഷ് വടക്കേടത്തോടൊപ്പം അസിസ്റ്റന്റ് വികാരിയായി ഫാ. ജേക്കബും ചുമതലയേറ്റു. അന്ന് പത്ത് സബ് സ്റ്റേഷനുകൾ മാത്രമുണ്ടായിരുന്ന ആ കുരിശുപള്ളി ഒരു ഇടവകയായി വളർത്തിയെടുക്കുക എന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നു.
ടാറിംഗ് പോലുമില്ലാത്ത പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, സ്വന്തമായി വാഹനമില്ലാത്ത അവസ്ഥ. ഇടവകക്കാരന്റെ വാഹനം കടം വാങ്ങിയോ, ബൈക്കിലോ ആയിരുന്നു യാത്രകളൊക്കെയും. രാവിലെ ആറുമണിക്ക് അജപാലന ശുശ്രൂഷകൾക്കായി ഇറങ്ങിയാൽ മൂന്നുമണിയാകും തിരികെയെത്താൻ.
ഇടയ്ക്ക് വാഹനം കേടായി മണിക്കൂറുകൾ വൈകിയാലും, മാസത്തിലൊരിക്കൽ മാത്രം കിട്ടുന്ന വിശുദ്ധ കുർബാനയ്ക്കായി പരാതികളൊന്നുമില്ലാതെ കാത്തിരിക്കുന്ന മനുഷ്യർ. ആ ദാഹമാണ് മിഷനറിമാരുടെ ഏറ്റവും വലിയ ഊർജമെന്ന് തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്. തങ്ങളുടെ ചെറിയ വരുമാനത്തിൽ നിന്നും വൈദികർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങൾ എല്ലാ ഞായറാഴ്ചയും കാഴ്ചവസ്തുക്കളായി ഇവർ നൽകുമ്പോൾ അവരിലൂടെ തങ്ങൾക്കായി പ്രവർത്തിക്കുന്ന ദൈവത്തിന്റെ സാമീപ്യത്തെ തിരിച്ചറിയുകയായിരുന്നു ഈ വൈദികർ.
മസായ് ഗോത്രങ്ങൾക്കിടയിലെ ചില പ്രത്യേകതകൾ
2016 ൽ 650 കിലോമീറ്റർ അകലെയുള്ള അരുഷയിലെ മുറൈറ്റിലേക്ക് പുതിയൊരു മിഷൻ ആരംഭിക്കാനായി ജേക്കബ് അച്ചനെ നിയോഗിച്ചു. താമസിക്കാൻ ഇടമില്ലാത്തതിനാൽ അടുത്തുള്ള ഇടവകയിൽ താമസിച്ചാണ് അച്ചൻ പള്ളിമുറിയുടെ പണി തീർത്തത്. അവിടെ കൂടുതലും മസായ് ഗോത്രവർഗക്കാരായിരുന്നു. പ്രത്യേക മതങ്ങളൊന്നുമില്ലാത്ത, നാലും അഞ്ചും ഭാര്യമാരുള്ള മനുഷ്യർ. അവരുടെ ഇടയിലുള്ള രീതിയനുസരിച്ച് കുടുംബനാഥൻ ഏത് മതമാണോ സ്വീകരിക്കുന്നത് അതനുസരിച്ചാണ് ആ കുടുംബം മുഴുവൻ തങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നത്. അങ്ങനെ ക്രിസ്തുമതം സ്വീകരിച്ച കുടുംബങ്ങളും അവർക്കിടയിൽ നിരവധിയുണ്ട്.
തുടർന്ന് വാർത്താവിനിമയ ഉപാധികളോ, വൈദ്യുതിയോ ഇല്ലാത്ത തീർത്തും ഉൾപ്രദേശമായ ഇഫക്കര, നാംവാവാല സെന്റ് മത്യാസ് ഇടവകയിലേക്ക് സ്ഥലം മാറി. 2019-2022 കാലഘട്ടത്തിൽ ദാർ എസ് സലാം, കിബാംബ സെന്റ് വിൻസെന്റ് ഡി പോൾ ഇടവകയിലും അവിടത്തെ സ്കൂൾ മാനേജരായും അച്ചൻ സേവനം ചെയ്തു. തുടർന്ന് 2022 ഡിസംബറിൽ ദാർ എസ് സലാമിലെ സെന്റ് തോമസ് ഇടവകയിലേക്ക് വികാരിയായി തിരിച്ചെത്തി. അവിടെ ഫാ. സെബാസ്റ്റ്യൻ വടക്കേടത്ത് ദൈവാലയത്തിന്റെ പണി തുടങ്ങിയിരുന്നു. ആ ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്ന ദൗത്യമായിരുന്നു അച്ചനെ കാത്തിരുന്നത്. കൈയിൽ പണമായി ഒന്നുമില്ലാതിരുന്നപ്പോഴും ദൈവപരിപാലനയുടെ വഴികൾ കണ്ടെത്തിയ ദിനങ്ങളായിരുന്നു അവ. അങ്ങനെ 2026 ഒക്ടോബർ 31 ന് നാലുവർഷത്തെ പരിശ്രമത്തിനൊടുവിൽ 1,200 കുടുംബങ്ങൾക്കായി സെന്റ് തോമസ് ദൈവാലയം കൂദാശ ചെയ്യപ്പെട്ടു. 350 കുടുംബങ്ങളിൽ തുടങ്ങി ഇന്ന് 1,200 കുടുംബങ്ങളുള്ള വലിയൊരു ഇടവക സമൂഹമായി അത് വളർന്നുകഴിഞ്ഞു.
“നമ്മൾ എന്ത് മിഷൻ പ്രവർത്തനങ്ങൾ ചെയ്താലും മടുപ്പില്ലാതെ വീണ്ടും ചെയ്യണമെന്ന് തോന്നുന്ന സ്ഥലമാണിത്,” ഫാ. ജേക്കബ് ടാൻസാനിയായിലെ മിഷൻ അനുഭവങ്ങളെക്കുറിച്ച് പറയുന്നു. ഇടുക്കി ജില്ലയിലെ നീലിവയൽ സെന്റ് മേരീസ് ഇടവകാംഗമാണ് ഫാ. ജേക്കബ്. പരേതരായ ചാക്കോയും എലിക്കുട്ടിയുമാണ് മാതാപിതാക്കൾ. കുടുംബത്തിലെ അഞ്ചു മക്കളിൽ നാലുപേരും സന്ന്യാസ പൗരോഹിത്യ ദൈവവിളി സ്വീകരിച്ചവരായിരുന്നു. മൂത്തമകൻ ഫാ. ജെയിംസ് ബെനഡിക്റ്റയിൻ സന്ന്യാസ സമൂഹാംഗമാണ്. രണ്ടാമത്തെയാൾ ജോൺസൺ വിവാഹിതനാണ്. സഹോദരി സി. ലിസ്യു സ്പെയിനിൽ സേവനം ചെയ്യുന്നു. മറ്റൊരു സഹോദരി ദൈവദാൻ സന്ന്യാസ സമൂഹാംഗമായ സി. ജെമിയാണ്.
എംസിബിഎസ് എമ്മാവൂസ് പ്രോവിന്സിന്റെ മുൻപ്രൊവിൻഷ്യൽ ഫാ. ജോസഫ് ചൊവ്വേലിക്കുടിയാണ് ഇപ്പോൾ അച്ചന്റെകൂടെ ശുശ്രൂഷ ചെയ്യുന്നത്. ദൈവത്തിൽ ആശ്രയിച്ചുള്ള പ്രവർത്തനത്തിലൂടെ കൂടുതൽ നന്മകൾ ആഫ്രിക്കൻ മണ്ണിൽ ചെയ്യാമെന്നുള്ള പ്രതീക്ഷയിലാണ് ഈ രണ്ടു വൈദികരും.
സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ




