പ്രതീക്ഷയുടെ യാത്ര 184: മരണത്തിന്റെ സാർവത്രികത

ഈ പ്രപഞ്ചത്തിൽ ജനിച്ചുവീഴുന്ന ഏതൊരു മനുഷ്യനും ഉറപ്പായിട്ടുള്ളത് ഒരേയൊരു കാര്യം മാത്രമേയുള്ളൂ; അത് മരണമാണ്. ജീവിതത്തിന്റെ പാതയിൽ നമ്മൾ വേർതിരിക്കുന്ന സകല മതിലുകളെയും ഒറ്റ നിമിഷം കൊണ്ട് തകർത്തെറിയുന്ന ഒന്നാണ് മരണം. അധികാരിയുടെ കിരീടവും അധ്വാനിക്കുന്നവന്റെ വെട്ടുകത്തിയും മണ്ണിൽ ഒന്നാകുന്ന സമത്വത്തിന്റെ ഇടമാണ് മരണം.

ഇംഗ്ലീഷ് കവി ജെയിംസ് ഷെർലി തന്റെ പ്രസിദ്ധമായ ‘ഡെത്ത് ദ ലെവലർ’ (Death the Leveller) എന്ന കവിതയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

ചെങ്കോലും രാജകിരീടവും
മണ്ണിലേക്ക് നിലംപതിക്കും;
പാവപ്പെട്ടവന്റെ അരിവാളിനും തൂമ്പയ്ക്കുമൊപ്പം
അവയും ആ മണ്ണിൽ തുല്യമായി മാറും.

(Sceptre and Crown
Must tumble down,
And in the dust be equal made
With the poor crooked scythe and spade)

രാജാവെന്നോ, പ്രഭുവെന്നോ, സാധാരണക്കാരനെന്നോ വ്യത്യാസമില്ലാതെ മരണം ഏവരെയും ഒരുപോലെ തണുത്ത കൈകളാൽ തൊടും. ഭൗതികലോകത്തിൽ നമ്മൾ കെട്ടിപ്പടുക്കുന്ന പദവികളും സാമ്രാജ്യങ്ങളും കേവലം നിഴലുകൾ മാത്രമാണെന്ന് മരണം നമ്മെ നിശ്ശബ്ദമായി ഓർമ്മിപ്പിക്കുന്നു. രാജസിംഹാസനത്തിലിരിക്കുന്നവനും തെരുവിൽ കഴിയുന്നവനും ഒടുവിൽ ഒരേ മണ്ണിലേക്കു തന്നെ മടങ്ങണം.

വിശുദ്ധ ഗ്രന്ഥത്തിൽ സഭാപ്രസംഗകൻ ഈ സത്യത്തെ വളരെ ആഴത്തിൽ വരച്ചുകാട്ടുന്നുണ്ട്: “എന്തെന്നാല്‍ നീതിമാനും നീചനും, സന്മാര്‍ഗിക്കും ദുര്‍മാര്‍ഗിക്കും, ശുദ്ധനും അശുദ്ധനും,  ബലിയര്‍പ്പിക്കുന്നവനും അര്‍പ്പിക്കാത്തവനും, നല്ലവനും ദുഷ്ടനും, ശപഥം ചെയ്യുന്നവനും ചെയ്യാത്തവനും ഗതി ഒന്നുതന്നെ” (സഭാ. 9:2).

മരണത്തിന്റെ ഈ സാർവത്രികത മനുഷ്യനെ ഭയപ്പെടുത്താനല്ല, മറിച്ച് അവനെ കൂടുതൽ വിനീതനാക്കാനാണ് ഉതകേണ്ടത്. നമ്മുടെ അഹങ്കാരചിന്തകളും അതിർവരമ്പുകളും മരണമെന്ന യാഥാർഥ്യത്തിനു മുന്നിൽ അലിഞ്ഞുപോകും. ഇന്ന്  നമ്മൾ ചവിട്ടിനിൽക്കുന്ന ഈ ഭൂമി നാളെ മറ്റൊരാളുടേതാകും. ഈ നശ്വരതയെ തിരിച്ചറിയുമ്പോൾ മാത്രമാണ് ജീവിതത്തിന് യഥാർഥ അർഥമുണ്ടാകുന്നത്.

എന്നാൽ, മരണത്തിന്റെ ഈ സമത്വത്തിനു മുന്നിൽ തകരാത്തതായി ഒന്നേയുള്ളൂ; നമ്മൾ ചെയ്തുവച്ച നന്മകൾ. ഷെർലി തന്റെ കവിതയുടെ അവസാന വരികളിൽ കുറിക്കുന്നതുപോലെ, മണ്ണടിയുന്ന ശരീരത്തിനപ്പുറം നീതിമാന്മാരുടെ പ്രവൃത്തികൾ മാത്രമാണ് സുഗന്ധമുള്ള പൂക്കളായി വിരിഞ്ഞുനിൽക്കുന്നത്. മരണത്തിന്റെ നിഴൽ വീണ ഈ വഴിയിൽ, ക്രിസ്തീയപ്രത്യാശ നമ്മെ പഠിപ്പിക്കുന്നത് ഭൂമിയിലെ ഈ വേർപാട് നിത്യതയിലേക്കുള്ള ഒരു വാതിൽ മാത്രമാണെന്നാണ്.

നമ്മുടെയൊക്കെ കുടുംബജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കൂ. ജീവിതകാലം മുഴുവൻ വലിയ മോഹങ്ങളോ, ആർഭാടങ്ങളോ ഇല്ലാതെ, സ്വന്തം വീടിന്റെയും നാടിന്റെയും അതിരുകൾക്കുള്ളിൽ മാത്രം ലോകം ഒതുക്കിജീവിച്ച മനുഷ്യരെ നാം കണ്ടിട്ടുണ്ടാകാം. ആയിരിക്കുന്ന ഇടത്തെ ലോകമാക്കി ജീവിതം തീർത്ത ആ പഴയ തലമുറയിലെ വലിയ മനുഷ്യർ നമ്മെ വിട്ടുപിരിയുമ്പോൾ അവശേഷിക്കുന്നത് സ്നേഹത്തിന്റെ അക്ഷയഖനിയാണ്. അത്തരമൊരു വിയോഗത്തിന്റെ നിമിഷത്തിൽ, സകല ഭൗതികനേട്ടങ്ങളുടെയും നിരർഥകത നമുക്ക് ബോധ്യമാകുന്നു. ആ വേർപാടുകൾ നമ്മെ പഠിപ്പിക്കുന്നത് മരണത്തിന്റെ ഈ അലംഘനീയമായ സാർവത്രികത തന്നെയാണ്.

പ്രായോഗികം

ഇന്നത്തെ ദിവസം നമുക്ക് നമ്മോടു തന്നെ ചോദിക്കാം: മരണത്തിന് മായ്ച്ചുകളയാൻ കഴിയാത്ത എന്തു നന്മയാണ് ഞാൻ ഈ ലോകത്തിൽ ബാക്കിവയ്ക്കുന്നത്?

ചിന്ത

മരണം സകലരുടെയും സമത്വമാണ്; എന്നാൽ പ്രത്യാശ സകലരുടെയും വീണ്ടെടുപ്പാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.