
95-ാം പുനരൈക്യ വാര്‍ഷികാഘോഷങ്ങളുടെ തീം സോങ് പത്തനംതിട്ട ഭ്രദാസനം പ്രകാശനം ചെയ്തു. ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവ് തെളിച്ചുതന്ന പുനരൈക്യത്തിന്റെ പ്രസക്തി, ശതാബ്ദിയിലേക്കുള്ള സഭയുടെ ഒരുക്കം, സുവിശേഷകയായ മലങ്കര സുറിയാനി കത്തോലിക്കാ സഭ തുടങ്ങിയവയെല്ലാം പ്രതിപാദിക്കുന്ന ഈ പുനരൈക്യ ഗാനത്തിന്റെ പ്രകാശനം 2025 ആഗസ്റ്റ് 24 ന് പത്തനംതിട്ട ഭ്രദാസനാധ്യക്ഷന്‍ അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായും അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയും ചേര്‍ന്നു നിര്‍വഹിച്ചു.
പുനരൈക്യ ഗാനവും അതിന്റെ ആശയവും
ദൈവജനത്തെ ഒരുമിച്ചുകൂട്ടുന്നതിനും സമാഗമകൂടാര വാതില്‍ക്കല്‍ സമ്മേളിക്കുന്നതിനും (സംഖ്യ 10: 2-3), വിജയവും ഐക്യവും പ്രഖ്യാപിക്കുന്നതിനും (ജോഷ്വാ 6:20, ന്യായാ. 7:22), രക്ഷയും ഉയിര്‍ത്തെഴുന്നേല്‍പ്പും സൂചിപ്പിക്കുന്നതിനും (1 കൊറി 15:52, 1 തെസ 4:16), സങ്കീര്‍ത്തനങ്ങളില്‍ ദൈവത്തെ പാടിവാഴ്ത്തുന്നതിനും കാഹളനാദം ഉപയോഗിക്കുന്നു. അപ്രകാരം കാഹളമൂതിയും പാട്ടുകള്‍ പാടിയും പുനരൈക്യത്തിന്റെ സന്തോഷം പകരുന്ന ഈണങ്ങളുമായി നമുക്ക് ഒന്നായ് അണിചേരാം.
നമ്മുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ ജനനത്തിന്റെ ജൂബിലിവര്‍ഷമാണ് 2025. ‘പ്രത്യാശയുടെ തീർഥാടകർ’ എന്നാണ് ജൂബിലിവര്‍ഷത്തിന്റെ പ്രമേയം. മഹാജൂബിലിയുടെ നിറവിലായിരിക്കുന്ന നമ്മുടെ സാക്ഷൃത്തിലൂടെ, പ്രത്യാശ തേടുന്ന എല്ലാവരിലേക്കും പ്രത്യാശയുടെ കിരണങ്ങള്‍ പകരുന്ന വിധത്തില്‍ ഈ തീര്‍ഥാടനത്തില്‍ ആയിരിക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ജൂബിലിവര്‍ഷം പ്രഖ്യാപിച്ചുകൊണ്ട് നമ്മെ ക്ഷണിച്ചത്. സാര്‍വ്രത്രികസഭയുടെ അനുഗ്രഹീതമായ കൂട്ടായ്മയിലായിരിക്കുന്ന നമുക്ക് പ്രത്യാശയുടെ തീര്‍ഥാടകരാകാം. ഒപ്പം സുവിശേഷകയായ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ അസംബ്‌ളിയുടെ പ്രമേയമായിരുന്ന ‘കൃപ നിറയുന്ന കുടുംബങ്ങള്‍’ പണിയാന്‍, ഈ വചനവര്‍ഷത്തില്‍ വചനവിളക്ക് തെളിച്ച്, വചനവെളിച്ചം പകര്‍ന്ന്, സ്‌നേഹത്തിന്റെ നിറവില്‍ ഒരേ മനസ്സോടും ഐക്യത്തോടും കാല്‍വരിബലിയില്‍ നമുക്ക് പങ്കുകാരാകാം.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്‍പി ധന്യൻ ആര്‍ച്ച്ബിഷപ്പ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ദര്‍ശനവും നേതൃത്വവുമാണ് അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനത്തിന് പ്രകാശത്തിന്റെ തിരിതെളിക്കാന്‍ വേണ്ടി ദൈവം തിരഞ്ഞെടുത്തത്. ആ പുണ്യതാതന്‍ 1930 സെപ്റ്റംബർ 20 ന് തെളിച്ച വിശ്വാസദീപവുമായി, അഭിവന്ദ്യ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടേയും മോറാന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്കാ ബാവായുടെയും കാലങ്ങള്‍ പിന്നിട്ട് മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലിമ്മീസ് കാതോലിക്കാ ബാവായിലൂടെ സഭയെ ദൈവം മുന്നോട്ടുനയിക്കുന്നു. അനുഗ്രഹീതമായ നൂറാം വര്‍ഷത്തിലേക്കു നടന്നടുക്കുമ്പോള്‍ പുതുജീവിതവും പ്രത്യാശയും നല്‍കുന്ന ശതാബ്ദിയുടെ പുലരൊളി കാണാന്‍ പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. ഒരേ മനസ്സോടെ, നന്ദിനിറഞ്ഞ ഹൃദയത്തോടെ, നമ്മുടെ കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കാം (സങ്കീ. 96:1). ആ നല്ല നാഥനെ മഹത്വപ്പെടുത്താം.
2024 ഫെബ്രുവരി 19 മുതല്‍ 23 വരെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദിനാള്‍ ക്ലീമ്മിസ് കാതോലി ക്കാബാവായുടെ അധ്യക്ഷതയില്‍ നടന്ന ഇരുപത്തിയെട്ടാമത് പരിശുദ്ധ സൂനഹദോസ്, ശതാബ്ദിയുടെ പുലരൊളിയിലേക്ക് നടന്നടുക്കുന്ന തിരുസഭയുടെ നവീകരണത്തിനും വിശ്വാസികളുടെ ആത്മീയവളര്‍ച്ചയ്ക്കും സഹായകമാകുന്ന വിധത്തില്‍ പുനരൈക്യ ശതാബ്ദി ഒരുക്കത്തിനായി വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് ഏഴുവര്‍ഷക്കാലം ഒരുക്കത്തിന്റേതായി പ്രഖ്യാപിച്ചു. 2024 സെപ്റ്റംബര്‍ 20 മുതല്‍ 2025 സെപ്റ്റംബര്‍ 19 വരെ വചനവര്‍ഷം, 2025 സെപ്റ്റംബര്‍ 20 മുതല്‍ 2026 സെപ്റ്റംബര്‍ 19 വരെ കൂദാശാവര്‍ഷം, 2026 സെപ്റ്റംബര്‍ 20 മുതല്‍ 2027 സെപ്റ്റംബര്‍ 19 വരെ കുടുംബവര്‍ഷം, 2027 സെപ്റ്റംബര്‍ 20 മുതല്‍ 2028 സെപ്റ്റംബര്‍ 19 വരെ പ്രേഷിതവര്‍ഷം, 2028 സെപ്റ്റംബര്‍ 20 മുതല്‍ 2029 സെപ്റ്റംബര്‍ 19 വരെ ബാല-യുവജന സമര്‍പ്പണവര്‍ഷം, 2029 സെപ്റ്റംബര്‍ 20 മുതല്‍ 2030 സെപ്റ്റംബര്‍ 20 വരെ ശതാബ്ദി വര്‍ഷം (കൃതജ്ഞതാവര്‍ഷം).
വചനവര്‍ഷത്തില്‍ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമായ വചനം (സങ്കീ. 119:105) ഹൃദയത്തില്‍ വഹിച്ചുകൊണ്ട് ദൈവം നമുക്കു നല്‍കിയ ആത്മീയജീവനും വെളിച്ചവും പകരുന്ന കൂദാശകളാല്‍ വിശുദ്ധീകരിക്കപ്പെട്ട്, സ്‌നേഹത്തിന്റെ നിറവില്‍ ഗാര്‍ഹികസഭയായ (Lumen gentium, 11) കുടുംബങ്ങള്‍ പണിത് പ്രേഷിതരായി മുന്നേറാം. പൗരോഹിത്യ-സന്യസ്ത ദൈവവിളികള്‍ക്കായി പ്രാർഥിക്കാം. പുതുതലമുറയില്‍ വിശ്വാസം പകര്‍ന്ന് അവരെ ദൈവവോനമുഖരായും സഭാഭിമുഖ്യമുള്ളവരായും വളര്‍ത്താം. അങ്ങനെ പുനരൈക്യ പ്രേഷിതരായി നമുക്ക് ശതാബ്ദിയുടെ പുലരൊളിയില്‍ അനുഗ്രഹീതരായി ഒന്നിച്ചണിചേരാം.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദൈവമക്കള്‍ ഒന്നുചേര്‍ന്ന് പുനരൈക്യ ഗീതങ്ങളും കൃതജ്ഞതാഗീതങ്ങളും പാടി ഐകൃത്തിന്റെയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കൃപയുടെയും ശതാബ്ദിയെ പ്രശോഭിതമാക്കാം. സഭയെ ഇക്കാലമത്രയും നയിക്കുകയും വളര്‍ത്തുകയും ചെയ്യാന്‍ ദൈവം നിയോഗിച്ച എല്ലാ അഭിവന്ദ്യ പിതാക്കന്മാരെയും ആചാര്യന്മാരെയും പൂര്‍വപിതാക്കന്മാരെയും നന്ദിയോടെ ഓര്‍ക്കാം. കൃപതന്‍ നിറവില്‍ സുവിശേഷകയായി മലങ്കരസഭയെ വളര്‍ത്തുന്ന ദൈവത്തിന് നന്ദിയര്‍പ്പിക്കാം.
കാഹളമൂതി കാഹളമൂതി
ഐക്യകാഹളമൂതി
ഗീതികള്‍ പാടി ഗീതികള്‍ പാടി
പുനരൈക്യ ഗീതികള്‍ പാടി
ചേരാം ചേരാം ഒന്നായ് അണിചേരാം
പാടാം പാടാം ഐകൃത്തിന്‍ ഗീതികള്‍ പാടാം
പുനരൈകൃഗീതികള്‍ പാടാം
മഹാജൂബിലി തന്‍ നിറവില്‍
പ്രത്യാശ തന്‍ തീർഥാടകരായ്
കൃപ നിറവില്‍ പ്രയാണം ചെയ്യാം
വചനവെളിച്ചം തൂകീടാം
സ്‌നേഹത്തിന്‍ നിറവില്‍ കാല്‍വരിബലി നാം
ഒരുമനമോടര്‍പ്പിക്കാം (ചേരാം ചേരാം…)
ധന്യതാതന്‍ ഈവാനിയോസ്
തെളിച്ചുനല്‍കിയ ദീപവുമായ്
ശതാബ്ദിതന്‍ പുലരൊളി കാണാന്‍
അണിയണിയായ് മുന്നേറാം
നന്ദിതന്‍ നവഗീതങ്ങള്‍ പാടാം
നല്ല നാഥനെ വാഴ്ത്താം (ചേരാം ചേരാം…)
വചനദീപവാഹകരായ്
കൂദാശയാല്‍ പാവനരായ്
സ്നേഹത്തിന്‍ നിറവില്‍
കുടുംബങ്ങള്‍ പണിയാം
പ്രേഷിതരായ് മുന്നേറാം
പുതുതലമുറയില്‍ വിശ്വാസമേകി
പുനരൈക്യപ്രേഷിതരാകാം
ചേരാം അണിചേരാം
മലങ്കരസഭ തന്‍ മക്കള്‍
പാടാം പാടാം പുനരൈകൃഗീതികള്‍ പാടാം
ശതാബ്ദി ശോഭിതമാക്കാം
രചന, സംഗീതം: ഫാ. സ്ലീബാദാസ് ചരിവുപുരയിടത്തിൽ




