

ഫ്രാൻസിൽ നിന്നുള്ള ഒരു ഗണിതശാസ്ത്രജ്ഞനും ഓറട്ടോറിയൻ സന്യാസ സമൂഹത്തിലെ അംഗവുമായിരുന്നു ബെർണാഡ് ലാമി. ബലവ്യവസ്ഥകളെ വിശകലനം ചെയ്യുന്നതിന് അദ്ദേഹം ആവിഷ്‌ക്കരിച്ച ഒരു ജ്യാമിതീയ രീതി ‘ലാമീസിന്റെ നിയമം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ശാസ്ത്രീയ വിഷയങ്ങളുടെ പഠനം എളുപ്പമാക്കുന്നതിന് വേണ്ടി അദ്ദേഹം ജ്യോമട്രി, യന്ത്രപ്രവർത്തനം, ഭൗതികശാസ്ത്രം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പാഠപുസ്തകങ്ങൾ തയ്യാറാക്കുകയും അത് അദ്ദേഹം അംഗമായിരുന്ന സന്യാസ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുകയും ചെയ്തു. തർക്കശാസ്ത്രം, തത്വശാസ്ത്രം, വ്യാകരണം, ധാർമ്മികത, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്.
1640-ൽ ഫ്രാൻസിലെ ല മാൻസ് നഗരത്തിലാണ് ബെർണാഡ് ലാമി ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ ചെറുപ്പകാലത്തെക്കുറിച്ചോ വലിയ വിവരങ്ങൾ നമുക്ക് ലഭ്യമല്ല. എന്നാൽ അദ്ദേഹം ബുദ്ധിമാനും പഠനത്തിൽ വളരെയധികം താത്പര്യം പ്രകടിപ്പിച്ചവനുമായിരുന്നു. അതിനാൽ തന്നെ വിവിധ ഭാഷകൾ പഠിക്കുകയും ക്ഷേത്രഗണിതം, തർക്കശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അവഗാഹം നേടുകയും ചെയ്തു. പ്രോട്ടസ്റ്റന്റ് നവീകരണത്തെ ചെറുക്കുന്നതിനായി യൂറോപ്പിൽ ധാരാളം സന്യാസ സഭകൾ നിലവിൽ വന്നു. അതിലൊന്നായിരുന്നു പിയറെ ദെ ബെറുല്ലെ സ്ഥാപിച്ച ഓറട്ടോറിയൻസ്. ബെർണാഡ് ലാമി ഈ സമൂഹത്തിൽ ചേരുകയും ഒരു സന്യാസ വൈദികനാകാനുള്ള പരിശീലനം നടത്തുകയും ചെയ്തു. പതിനെട്ടാമത്തെ വയസ്സിലാണ് ബെർണാഡ് ലാമി ഓററ്റോറിയൻ കോളേജിൽ പഠനത്തിനായി ചേർന്നത്. ഫ്രാൻസിലെ പുരോഗമന ചിന്ത പുലർത്തിയിരുന്ന കോളേജുകളിൽ ഒന്നായിരുന്നു ഇത്. അവിടെ ലത്തീൻ, ഗ്രീക്ക്, ഹീബ്രു ഭാഷകൾ, ഗണിത ശാസ്ത്ര വിഷയങ്ങൾ, പ്രഭാഷണ കല, ബൈബിൾ, ശാസ്ത്രവിഷയങ്ങൾ തുടങ്ങിയവ പഠിപ്പിച്ചിരുന്നു. ബെർണാഡ് ലാമി ഈ വിഷയങ്ങളിൽ അസാധാരണമായ പ്രാഗത്ഭ്യം നേടിയെടുത്തു.
1662-ൽ ഇരുപതാമത്തെ വയസ്സിലാണ് ബെർണാഡ് ലാമി ഓറട്ടറി സന്യാസ സമൂഹത്തിൽ ചേർന്നത്. വിദ്യാഭ്യാസത്തിലൂടെ സുവിശേഷവത്ക്കരണം എന്ന അവരുടെ രീതിയിൽ അദ്ദേഹം വളരെയധികം ആകൃഷ്ടനായിരുന്നു. പാരീസിൽ അദ്ദേഹത്തിന്റെ വൈദിക പരിശീലനം പൂർത്തിയാക്കുകയും അതിനുശേഷം ഒരു വൈദികനായി അഭിഷിക്തനാവുകയും ചെയ്തു. പിന്നീട് ആങ്കേഴ്സ് നഗരത്തിലും വെൻഡോമേ നഗരത്തിലും തത്വശാസ്ത്രവും പഠിപ്പിച്ചു. ഗണിതത്തിലെയും ശാസ്ത്രത്തിലെയും തത്വങ്ങൾ ലളിതമായി വിശദീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് കാരണം ധാരാളം വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ ക്ലാസ്സുകൾ ഇഷ്ടപ്പെട്ടിരുന്നു. ഗണിതശാസ്ത്ര തത്വങ്ങൾ യന്ത്രങ്ങളുടെ പ്രവർത്തനത്തിൽ അദ്ദേഹം ധാരാളമായി പ്രാവർത്തികമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കഴിവുകളെ പൂർണ്ണമായും ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സൗമൂറിലുള്ള പ്രശസ്ത ഓറട്ടോറിയൻ സ്‌കൂളിലെ ഗണിത-തത്വശാസ്ത്ര അധ്യാപകനായി ബെർണാഡ് ലാമിയെ നിയമിച്ചു.
ബെർണാഡ് ലാമിയുടെ രചനകൾ ദൈവശാസ്ത്രം, തത്വശാസ്ത്രം, ഗണിതം, ബോധനശാസ്ത്രം തുടങ്ങിയ മേഖലകൾ എല്ലാം ഉൾക്കൊള്ളുന്നതായിരുന്നു. യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ ശാസ്ത്രീയ കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി എഴുതിയതാണ്. ഒരു ബിന്ദുവിൽ പ്രവർത്തിക്കുന്ന ബലങ്ങൾ തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്ന തത്വം അദ്ദേഹത്തിന്റെ പേരിനോട് ചേർത്ത് ‘ലാമിയുടെ നിയമം’ (Lamy’s Rule) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ഗ്രന്ഥം ഫ്രാൻസിലെ നിരവധി സ്‌കൂളുകളിൽ പാഠപുസ്തകമായി വളരെക്കാലം ഉപയോഗിച്ചു.
കൂടാതെ ക്ഷേത്രഗണിതം സംബന്ധിച്ച പാഠപുസ്തകങ്ങളും പ്രഭാഷണ കല സംബന്ധിച്ച പുസ്തകങ്ങളും ബെർണാഡ് ലാമി രചിക്കുകയും അവയും പാഠപുസ്തക ഗണത്തിൽ സ്ഥാനം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ വി. ഗ്രന്ഥവുമായി ബന്ധപ്പെട്ട രചന എങ്ങനെയാണ് ബൈബിൾ പ്രസംഗത്തിനായി ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചാണ്. ദൈവശാസ്ത്ര മേഖലയിലുള്ള അദ്ദേഹത്തിന്റെ കൃതികളും വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു ഗ്രന്ഥം ‘ബിബ്ലിക്കൽ അപ്പരാറ്റസ്’ വിശുദ്ധ ഗ്രന്ഥത്തിനുള്ള ഒരു ആമുഖമാണ്. ബിബ്ലിക്കൽ ഭൂമിശാസ്ത്രം, ചരിത്രം, വ്യാഖാനം എന്നിവ അദ്ദേഹം ഈ ഗ്രന്ഥത്തിൽ കൈകാര്യം ചെയ്യുന്നു. 1715 ജനുവരി 29-ന് ഫ്രാൻസിലെ റൂവൻ നഗരത്തിലാണ് ബെർണാഡ് ലാമി അന്തരിച്ചത്.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




