

ഡെന്മാർക്കിൽ നിന്നുള്ള ഒരു ശരീര-ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞനും ബിഷപ്പുമായിരുന്നു വാഴ്ത്തപ്പെട്ട നീൽസ് സ്റ്റെൻസൻ. ഭൂമിശാസ്ത്ര സംബന്ധിയായ നിരവധി ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ശരീരഘടന, സ്തരശാസ്ത്രം (stratigraphy), പുരാണജീവിവിജ്ഞാനീയം, സ്ഫടികശാസ്ത്രം എന്നീ മേഖലകളിൽ വലിയ സംഭാവന നൽകിയ ശാസ്ത്രജ്ഞനാണ്. ഒരു ബിഷപ്പായിരുന്ന സമയത്ത് അദ്ദേഹം പാവങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ദാരിദ്ര്യത്തിൽ ജീവിക്കുകയും അങ്ങനെ വിശുദ്ധിയുടെ പടവുകൾ കയറുകയും ചെയ്തു.
1638 ജനുവരി ഒന്നിനാണ് നീൽസ് സ്റ്റെൻസൻ ഡെന്മാർക്കിലെ കോപ്പൻഹേഗൻ നഗരത്തിൽ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് പാദേർസൺ സ്റ്റെൻസൻ ഒരു സ്വർണ്ണപ്പണിക്കാരനായിരുന്നു. ഇവരുടെ കുടുംബം അക്കാലത്തു ഈ പ്രദേശങ്ങളിൽ വ്യാപിച്ച ലൂഥറൻ വിശ്വാസം നിഷ്ഠയോടെ ജീവിച്ചവർ ആയിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ വിവിധ ഭാഷകളും, ഗണിതവും, ശാസ്ത്രവും പഠിക്കാൻ നീൽസ് സ്റ്റെൻസൻ ധാരാളം സമയം ചിലവഴിച്ചു. 1656-ൽ അദ്ദേഹം പതിനെട്ടാമത്തെ വയസ്സിൽ മെഡിക്കൽ ഡോക്ടർ ആകുന്നതിനായി കോപ്പൻഹേഗൻ സർവ്വകലാശാലയിൽ ചേർന്നു. ഇക്കാലത്തു സ്വീഡൻ കോപ്പൻഹേഗൻ നഗരം ഉപരോധിക്കുകയും തത്ഫലമായി പഠനം തുടരുന്നതിനായി അദ്ദേഹം ജർമ്മനിയിൽ പോവുകയും ചെയ്തു. അവിടെനിന്നും ആംസ്റ്റർഡാമിലും പാരീസിലും അനാട്ടമിയിൽ ഉപരിപഠനം നടത്തി. 1665-ൽ അദ്ദേഹം ഇറ്റലിയിലെ ഫ്ലോറൻസിൽ ഡ്യൂക്കിന്റെ ഡോക്ടർ ആയി സേവനം അനുഷ്ടിച്ചു. 1666-ൽ പാദുവ സർവ്വകലാശാലയിലെ ആദ്യത്തെ മനുഷ്യ ശരീര ശാസ്ത്ര അധ്യാപകനായി അദ്ദേഹം നിയമിതനായി.
നീൽസ് സ്റ്റെൻസന്റെ ആദ്യകാല പരീക്ഷണമായിരുന്നു മൃഗങ്ങളിലും മനുഷ്യരിലും കാണപ്പെടുന്ന പരോട്ടിഡ് ഗ്രന്ഥിയെക്കുറിച്ചുള്ള പഠനം. അങ്ങനെ നിരവധി ശാസ്ത്ര പഠനങ്ങളിൽ ഏർപ്പെട്ട സമയത്താണ് അദ്ദേഹം തന്റെ ദൈവവിളി തിരിച്ചറിയുന്നത്. ലൂഥറൻ വിശ്വാസത്തിൽ വളർന്ന അദ്ദേഹം 1667-ൽ അത് ഉപേക്ഷിക്കുകയും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്തു. അതേത്തുടർന്ന് തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിക്കുകയും 1675-ൽ വൈദികനായി അഭിഷിക്തനാവുകയുംക് ചെയ്തു.
1679-ൽ ഇന്നസെന്റ് പതിനൊന്നാമൻ മാർപാപ്പ അദ്ദേഹത്തെ നോർഡിക്ക് മിഷന്റ ബിഷപ്പായി നിയമിച്ചു. പിന്നീട് ജർമ്മനിയിലെ പ്രസിദ്ധമായ മുൻസ്റ്റർ രൂപതയുടെ സഹായ മെത്രാനും തുടർന്ന് ഷ്വേറിൻ രൂപതയിലും മെത്രാനായി സേവനം അനുഷ്ടിച്ചു. (ഷ്വേറിൻ രൂപത കാലാന്തരത്തിൽ ഇല്ലാതായി). 1686 നവംബർ ഇരുപത്തഞ്ചിന് നാൽപ്പത്തെട്ടാമത്തെ വയസ്സിലാണ് അദ്ദേഹം മരിക്കുന്നത്. നീൽസ് സ്റ്റെൻസന്റെ മൃതദേഹം ഫ്ലോറൻസിൽ കൊണ്ടുവന്നു സാൻ ലോറെൻസോ ബസിലിക്കയിൽ അടക്കി. മെത്രാനായിരുന്ന സമയത്ത് അദ്ദേഹം പാവപ്പെട്ടവനായി ജീവിച്ചു, ലളിതമായി വസ്ത്രം ധരിച്ചു, ആഴ്ചയിൽ മൂന്ന് ദിവസം ഉപവസിച്ചു. ജീവിച്ചിരുന്നപ്പോൾ തന്നെ വിശ്വാസികൾ അദ്ദേഹത്തെ വിശുദ്ധനായി വാഴ്ത്തിയിരുന്നു. 1988-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ സഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തി. നീൽസ് സ്റ്റെൻസന്റെ തിരുനാൾ ഡിസംബർ 5-ന് ആഘോഷിക്കുന്നു.
മെത്രാനായതിന് ശേഷവും അദ്ദേഹം തലച്ചോറിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടു. പേശികളെയും ഗ്രന്ഥികളെയും കുറിച്ചുള്ള പ്രബന്ധം (1664), പേശി ജ്യാമിതി (1667) എന്നീ ഗ്രന്ഥങ്ങളിൽ പേശികളുടെ സങ്കോചവും വികാസവുമൊക്കെ അദ്ദേഹം പഠനവിധേയമാക്കി. 1669-ൽ പ്രസിദ്ധീകരിച്ച ‘ദെ സോളിത്തോ…’ എന്ന ഗ്രന്ഥത്തിൽ ശിലാപാളികൾക്കുള്ളിൽ ഫോസിലുകളും സ്ഫടികങ്ങളും എങ്ങനെ രൂപപ്പെടുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു ഖരവസ്തു മറ്റൊന്നിനുള്ളിൽ സ്വാഭാവികമായി ഉൾക്കൊണ്ടിരിക്കുന്നു എന്ന ആശയവും അദ്ദേഹം അവതരിപ്പിച്ചു.
1669-ൽ സ്ഫടികങ്ങളെക്കുറിച്ച് അദ്ദേഹം പഠിച്ചു പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഈ മേഖലയിലെ ആദ്യപഠനം. പിന്നീട് വന്ന ചില ശാസ്ത്രജ്ഞർ ക്രിസ്റ്റലോഗ്രാഫിയുടെ ആദ്യ നിരീക്ഷകൻ എന്ന നിലയിൽ ‘സ്റ്റീൻസെന്റെ നിയമം’ എന്ന ഒരു തത്വം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. 1666-ൽ മുക്കുവർ സമ്മാനിച്ച വലിയ ഒരു സ്രാവിന്റെ തലയും പല്ലുകളും അദ്ദേഹം പഠനവിധേയമാക്കുകയും അത് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഭൂമിയിൽ കാണുന്ന പല ഫോസിലുകളും വർഷങ്ങൾക്ക് മുൻപ് ജീവിച്ച മൃഗങ്ങളുടേതാണെന്ന് അദ്ദേഹം സമർത്ഥിച്ചു. ഈ പഠനങ്ങൾ പിൽക്കാല ശാസ്തജ്ഞന്മാരെ വളരെയധികം സഹായിക്കുന്നതായിരുന്നു.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




