പുരോഹിത ശാസ്ത്രജ്ഞർ 108: നിക്കൊളാസ് മലേബ്രാഞ്ചെ (1638–1715)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഫ്രാൻസിൽ നിന്നുള്ള ഒരു പ്രമുഖ തത്വജ്ഞാനിയും ശാസ്ത്രജ്ഞനുമാണ് സന്യാസ വൈദികനായിരുന്ന നിക്കൊളാസ് മലേബ്രാഞ്ചെ. വി. അഗസ്തീനോസിന്റെയും ഫ്രഞ്ച് ചിന്തകനായിരുന്ന ദെക്കാർഡിന്റെയും ചിന്തകളെയും സംയോജിപ്പിച്ച് ലോകത്തിന്റെ എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ കരം പ്രവർത്തിക്കുന്നു എന്ന് തെളിയിക്കാൻ പരിശ്രമിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം. ദൈവദർശനം, സന്ദർഭവാദം (occasionalism), ജീവതത്വശാസ്ത്രം (ontology) എന്നീ മേഖലകളിൽ അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.

നിക്കൊളാസ് മലേബ്രാഞ്ചെ 1638 ഓഗസ്റ്റ് ആറിന് ഫ്രാൻസിലെ പാരീസിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് നിക്കൊളാസ് മലേബ്രാഞ്ചെ സീനിയർ ലൂയി പതിമൂന്നാമൻ രാജാവിന്റെ സെക്രട്ടറിമാരിൽ ഒരാളായിരുന്നു. മാതാവ് കാതറൈന്റെ സഹോദരൻ കാനഡയുടെ (പുതിയ ഫ്രാൻസ്) ഗവർണർ ആയിരുന്നു. വീട്ടിലെ ഈ സാഹചര്യങ്ങൾ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിനു നല്ല വിദ്യഭ്യാസം ലഭിക്കുന്നതിന് കാരണമായി. ജനിച്ചപ്പോൾ തന്നെ വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന നിക്കൊളാസ് ചെറുപ്പകാലം മുഴുവൻ വീട്ടിൽ തന്നെ കഴിച്ചുകൂട്ടി. എന്നാൽ അദ്ദേഹം ശാസ്ത്ര പഠനത്തിനും ധ്യാനത്തിനും ഭാഷാപഠനത്തിനും സമയം ചിലവഴിച്ചു. ഇതിന്റെ ഒരു തുടർച്ച തന്നെ ആയിരുന്നു സന്യാസ വിളിയും.

1656-ൽ പതിനെട്ടാമത്തെ വയസ്സിൽ നിക്കൊളാസ് മലേബ്രാഞ്ചെ ജെസ്വിട്ട് വൈദികരുടെ നേതൃത്വത്തിലുള്ള കോളേജിൽ തത്വശാസ്ത്രവും മാനവിക വിഷയങ്ങളും പഠിച്ചു. മൂന്ന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം പാരീസിലെ ഓറട്ടോറിയൻ സന്യാസ സമൂഹത്തിൽ ചേർന്നു. ഇവിടെ ദൈവശാസ്ത്രം, വിശുദ്ധ ലിഖിതങ്ങൾ, സഭാപിതാക്കന്മാർ, തത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പാണ്ഡിത്യം നേടുകയും 1664-ൽ ഒരു വൈദികനാവുകയും ചെയ്തു. വൈദികനായതിന് ശേഷം അദ്ദേഹം ദെക്കാർഡിന്റെ ‘മനുഷ്യനെക്കുറിച്ചുള്ള ചെറുഗ്രന്ഥം’ വായിക്കുകയും അത് പുതിയ അറിവുകൾ പ്രദാനം ചെയ്യുകയും ചെയ്തു. മനുഷ്യ ശരീരശാസ്ത്രത്തെ വിശദമായി വിവരിക്കുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ പല സംശയങ്ങൾക്കും യുക്തിസഹമായ ഉത്തരം നൽകി. അതേത്തുടർന്ന് കാർത്തീസിയൻ തത്വശാസ്ത്രം നിക്കൊളാസ് മലേബ്രാഞ്ചെ വിശദമായി പഠിക്കുകയും അവയെ വി. അഗസ്തീനോസിന്റെ ചിന്തകളുമായി ബന്ധിപ്പിക്കുകയും ചെയ്തു. പ്രകൃതിനിയമങ്ങളാൽ നയിക്കപ്പെടുന്ന ലോകത്തിൽ ദൈവത്തിന്റെ പ്രവർത്തനം എങ്ങനെയാണ് നടക്കുന്നതെന്ന് അദ്ദേഹം വിവരിക്കാൻ ശ്രമിച്ചു.

നിക്കൊളാസ് മലേബ്രാഞ്ചെയുടെ ആദ്യത്തേതും ഏറ്റം പ്രശസ്തവുമായ ഗ്രന്ഥമാണ് ‘സത്യാന്വേഷണം’ (De la recherche de la vérité). മനുഷ്യന്റെ അറിവിന്റെ അന്വേഷണത്തിൽ പറ്റുന്ന തെറ്റുകളെക്കുറിച്ചും എങ്ങനെ അതിനെ യുക്തിയും വിശ്വാസവും ഉപയോഗിച്ച് അതിജീവിക്കാം എന്നതിനെക്കുറിച്ചുമാണ് ഈ ഗ്രന്ഥം പ്രതിപാദിക്കുന്നത്. ഒരേ സമയം തത്വശാസ്ത്രവും ദൈവശാസ്ത്രവും അദ്ദേഹം ഇതിൽ വിശകലന വിധേയമാക്കുന്നു. ഇതിൽ അദ്ദേഹം തന്റെ ‘ദൈവദർശനം’ എടുത്തു പറയുന്നു. മനുഷ്യമനസ്സ് എല്ലാം നേരിട്ട് കാണുന്നില്ല, മറിച്ച് ദൈവത്തിന്റെ മനസ്സിൽ ശാശ്വതമായി നിലനിൽക്കുന്ന ആശയങ്ങൾ വെളിപ്പെടുത്തപ്പെടുന്നതിലൂടെയാണ് നാം എല്ലാം അറിയുന്നത്. അദ്ദേഹത്തെ സംബന്ധിച്ചു സത്യം അറിയുക എന്നത് ദൈവത്തിന്റെ അറിവിൽ ഭാഗഭാക്കാകുക എന്നതാണ്. ‘അതിഭൗതികശാസ്ത്രവും മതവും സംബന്ധിച്ച സംവാദം’ എന്ന ഗ്രന്ഥത്തിൽ തന്റെ തത്വശാസ്ത്ര ആശയങ്ങളാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. സംഭാഷണ രൂപത്തിൽ ദൈവവും, ലോകവും, മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹം ഇവിടെ ചർച്ച ചെയ്യുന്നു. അദ്ദേഹത്തിന്റെ ധാർമ്മിക ചിന്തകളും ആത്മീയതയുടെ ആഴവും ഇവിടെ കാണാം. തത്വശാസ്ത്രം ദൈവാരാധനയുടെ ഭാഗം തന്നെയാണ്. ദൈവീക വെളിച്ചത്തിൽ ശരിയായി ചിന്തിക്കാനുള്ള ഉപാധി.

ഒരു ദൈവശാസ്ത്രജ്ഞൻ ആയിരുന്നെങ്കിലും അദ്ദേഹം ശാസ്ത്ര വിഷയങ്ങളിലും വളരെയധികം തത്പരനായിരുന്നു. ദെക്കാർഡിനെ ആഴത്തിൽ പഠിച്ചത് വഴി പ്രകൃതിയുടെ യാന്ത്രിക ഭാവങ്ങളെ ദൈവീക നിയമങ്ങളെ അടിസ്ഥാനമാക്കി മനസ്സിലാക്കാൻ അദ്ദേഹം പരിശ്രമിച്ചു. ജീവശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയൊക്കെ ദൈവീക വിജ്ഞാനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കണ്ടത്. പ്രകൃതിയെ അടുത്തറിയുന്നത് ദൈവത്തെ മഹത്വപ്പെടുത്തുന്നതിന് തുല്യമാണെന്നും ദൈവവുമായി ബന്ധിപ്പിക്കാതെ അതിനെ ശരിയായി മനസ്സിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം എഴുതി. ശാസ്ത്രവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ രചനകൾ വളരെയധികം സഹായകമായിരുന്നു. നിക്കൊളാസ് മലേബ്രാഞ്ചെ 1715 ഒക്ടോബർ 13-ന് പാരീസിൽ വച്ചാണ് അന്തരിച്ചത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.