പുരോഹിത ശാസ്ത്രജ്ഞർ 107: ഇഗ്‌നാസ്-ഗാസ്റ്റൻ പർദീസ്‌ (1636–1673)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഫ്രാൻസിൽ നിന്നുള്ള ഒരു ശാസ്ത്രജ്ഞനും ജെസ്വിട്ട് സന്യാസ വൈദികനുമായിരുന്നു ഇഗ്‌നാസ്-ഗാസ്റ്റൻ പർദീസ്‌. കേവലം 37 വർഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളുവെങ്കിലും പ്രസിദ്ധങ്ങളായ ഏഴ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ ശാസ്ത്രലോകത്തിന് വലിയ സംഭാവന നൽകിയ വ്യക്തിയാണ് അദ്ദേഹം. യന്ത്രങ്ങളുടെ പ്രവർത്തനം, നയനശാസ്ത്രം, ജ്യോതിശാസ്ത്രം, ജ്യാമിതി എന്നിവയിൽ ശാശ്വതസംഭാവനകൾ നൽകിയ അദ്ദേഹം വിശ്വാസവും യുക്തിയും യോജിച്ചു പ്രവർത്തിക്കാൻ സാധിക്കുമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. അദ്ദേഹത്തിന്റെ പല കൃതികളും പിന്നീട് ജെസ്വിട്ട് കോളേജുകളിൽ പഠനഗ്രന്ഥങ്ങളായി യൂറോപ്പിലുടനീളം ഉപയോഗിച്ചിരുന്നു.

ഫ്രാൻസിലെ ബയാൻ പ്രവിശ്യയിലെ പാവു (Pau) എന്ന പട്ടണത്തിൽ 1636 സെപ്റ്റംബർ അഞ്ചിനാണ് ഇഗ്‌നാസ്-ഗാസ്റ്റൻ പർദീസ്‌ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഗില്ലൗമേ പർദീസ്‌ നവാരേയിലെ പാർലമെന്റംഗമായിരുന്നു. ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന പിതാവിന്റെ മകനെന്ന നിലയിൽ ഇഗ്‌നാസ് പർദീസിനു ചെറുപ്പത്തിൽ സമൂഹത്തിൽ സ്വാധീനത്തോടൊപ്പം നല്ല വിദ്യാഭ്യാസവും ലഭിച്ചു. ഗണിതം, തത്വശാസ്ത്രം, പ്രകൃതി പ്രതിഭാസങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ചെറുപ്പം മുതലേ അദ്ദേഹം വലിയ താൽപര്യം കാണിച്ചിരുന്നു. പാവു നഗരത്തിലെ ജെസ്വിട്ട് കോളേജിലെ പഠനം അറിവിനു പുറമെ അച്ചടക്കവും അദ്ദേഹത്തിന്റെ ജീവിതത്തിൽ സമ്മാനിച്ചു.

1652 ൽ അദ്ദേഹം ജെസ്വിട്ട് സന്യാസ സമൂഹത്തിൽ ചേരുകയും അവരുടെ ആദർശങ്ങൾ ആഴത്തിൽ പഠിക്കുകയും ചെയ്തു. വിശ്വാസത്തോടൊപ്പം ബൗദ്ധികചിന്തകളിൽ വലിയ അറിവ് നേടുന്നതിന് അദ്ദേഹം പരിശ്രമിച്ചു. ജെസ്വിട്ട് സന്യാസികൾ ആത്മീയ അച്ചടക്കത്തോടൊപ്പം നല്ല വിദ്യാഭ്യാസവും ഇഗ്‌നാസ്-ഗാസ്റ്റൻ പർദീസിനു നൽകി. 1654 മുതൽ 1656 വരെ അദ്ദേഹം ടുളൂസ് നഗരത്തിൽ തത്വശാസ്ത്ര പഠനം നടത്തി. അരിസ്റ്റോട്ടിൽ, ഗലീലിയോ, ദെക്കാർഡ് എന്നിവരെ അദ്ദേഹം ആഴത്തിൽ പഠിച്ചു. ഇതിനുശേഷം ഇഗ്‌നാസ് പർദീസ്‌ മാനവികവിഷയങ്ങൾ, ഗ്രാമർ, പ്രഭാഷണകല തുടങ്ങിയ വിഷയങ്ങൾ പഠിപ്പിച്ചു. ദൈവശാസ്ത്ര പഠനത്തിനു മുൻപായിത്തന്നെ അദ്ദേഹം സെക്കുലർ വിഷയങ്ങളിൽ നൈപുണ്യം നേടി. തുടർന്ന് പാരീസിൽ ദൈവശാസ്ത്രം പഠിക്കുകയും 1663 ൽ ജെസ്വിട്ട് സന്യാസ വൈദികനായി അഭിഷിക്തനാവുകയും ചെയ്തു. വൈദികനായതിനു ശേഷം ഫ്രാൻസിലെ പല പ്രശസ്തമായ കോളേജുകളിലും അദ്ദേഹം ദീർഘകാലം ഗണിത-തത്വശാസ്ത്ര അധ്യാപകനായി സേവനം ചെയ്തു.

1662 ൽ പ്രസിദ്ധീകരിച്ച ‘ഹോറോലോഗിയും തൗമാന്തിക്കും ഡ്യൂപ്ലെക്സ്’ എന്ന ഗ്രന്ഥത്തിൽ സൂര്യഘടികാരം നിർമ്മിക്കാനായി അദ്ദേഹം വികസിപ്പിച്ചെടുത്ത മാർഗം വിവരിക്കുന്നു. അദ്ദേഹത്തിന്റെ ഗണിതശാസ്ത്രത്തിലും ഉപകാരണ നിർമ്മാണത്തിലുമുള്ള അറിവ് വെളിവാക്കുന്ന ഒരു ഗ്രന്ഥം കൂടിയാണിത്. ‘ഡിസ്കോർസ് ദു മൂവ്മെന്റ് ലോക്കാൽ’, ‘ലാ സ്റ്റാറ്റിക്കൂ’ എന്നീ ഗ്രന്ഥങ്ങളിൽ ഒരു വസ്തുവിന്റെ ചലനത്തിന്റെയും മെക്കാനിക്കൽ സന്തുലിതാവസ്ഥയുടെയും സ്വഭാവം അദ്ദേഹം പഠനവിധേയമാക്കി. ഗുരുത്വാകർഷണം, ചലനശക്തി, യാന്ത്രിക സന്തുലിതാവസ്ഥ എന്നിവയെക്കുറിച്ച് അദ്ദേഹം ഇവിടെ പ്രതിപാദിച്ചു. അതുപോലെതന്നെ അന്ന് ശാസ്ത്രലോകം ശരിയെന്ന് തെറ്റിധരിച്ചിരുന്ന പല കാര്യങ്ങളും അദ്ദേഹം തിരുത്തുകയും പല കാര്യങ്ങളിലുമുള്ള അറിവിനെ മെച്ചപ്പെടുത്തുകയും ചെയ്തു.

പ്രകാശസിദ്ധാന്തവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ കൃതി ശാസ്ത്രലോകത്ത് വളരെ പ്രശംസ നേടി. 1670 കളിൽ ലണ്ടനിലെ റോയൽ സൊസൈറ്റിയിൽ പ്രകാശത്തിന്റെയും നിറങ്ങളുടെയും സിദ്ധാന്തം അവതരിപ്പിച്ച ഐസക് ന്യൂട്ടണുമായി അദ്ദേഹം കത്തിടപാടുകൾ നടത്തി. ആദ്യകാലങ്ങളിൽ ചില വിയോജിപ്പുകൾ അവർ തമ്മിൽ ഉണ്ടായെങ്കിലും പിന്നീട് പല കാര്യങ്ങളിലും അവർ ഒരേപോലെ ചിന്തിക്കാൻ തുടങ്ങി. അവരുടെ കത്തിടപാടുകൾ പിന്നീട് ‘ഫിലോസഫിക്കൽ ട്രാൻസാക്ഷൻസ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഗണിതശാസ്ത്ര-ജ്യോതിശാസ്ത്ര അറിവുകളെ യോജിപ്പിച്ചുകൊണ്ട് ചെമ്പ് ഫലകങ്ങളിൽ ആറ് വലിയ നക്ഷത്രഭൂപടങ്ങൾ അദ്ദേഹം നിർമ്മിച്ചു. ശാസ്ത്രീയകൃത്യതയും സൗന്ദര്യാത്മക ചാരുതയും പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്ന ഒരു സൃഷ്ടിയാണിത്. പല ശാസ്ത്രജ്ഞന്മാരും തങ്ങളുടെ പഠനത്തിനായി ഈ ഭൂപടങ്ങളെ ആശ്രയിച്ചിരുന്നു.

1673 ലെ ഈസ്റ്റർ കാലയളവിൽ ജയിൽ ചാപ്ലിനായി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇഗ്‌നാസ്-ഗാസ്റ്റൻ പർദീസിന് അക്കാലത്ത് അവിടെയെല്ലാം വ്യാപിച്ച പകർച്ചവ്യാധി പിടിപെട്ട് ഏപ്രിൽ 21 ന് മരണപ്പെട്ടു. അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങളും കൃതികളും അങ്ങനെ പൂർത്തിയാകാതെ പോവുകയും ചെയ്തു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.