പുരോഹിതശാസ്ത്രജ്ഞർ 70: ജീൻ-ചാൾസ് ദെല്ല ഫായില്ലെ (1597-1652)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ബെൽജിയത്തു നിന്നുള്ള പേരുകേട്ട ഒരു ഗണിതശാസ്ത്രജ്ഞനും ഈശോസഭാ വൈദികനുമായിരുന്നു ജീൻ-ചാൾസ് ദെല്ല ഫായില്ലെ. ഓസ്ട്രിയായിലെ രാജകുമാരൻ യുവാൻ ഹോസെയുടെ (Juan José) അധ്യാപകനായും സ്പാനിഷ് രാജസദസ്സിലെ അംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്പാനിഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൽജിയത്തിലെ അന്ത്വേർപ്പ് എന്ന പട്ടണത്തിൽ 1597 മാർച്ച് 1-നാണ് അദ്ദേഹം ജനിച്ചത്. കച്ചവടക്കാരായ സമ്പന്നകുടുംബത്തിലെ അംഗമായിരുന്ന അദ്ദേഹത്തിന് ചെറുപ്പത്തിൽത്തന്നെ നല്ല വിദ്യാഭ്യാസം ലഭിച്ചു. പ്രശസ്ത ജെസ്വിട്ട് ശാസ്ത്രജ്ഞൻ ഫ്രാങ്കോയിസ്‌ ദ്അഗുലോൺ സ്ഥാപിച്ച സ്‌കൂളിൽ അദ്ദേഹം തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തി. അതിനുശേഷം മെഹലൻ എന്ന സ്ഥലത്തെ സ്‌കൂളിലും രണ്ടുവർഷത്തോളം പഠിച്ചു. തന്റെ ജന്മദേശമായ അന്ത്വേർപ്പിൽ തിരികെയെത്തി ഗ്രിഗറി ദെ സെന്റ് വിൻസെന്റ് എന്ന പ്രശസ്ത അധ്യാപകന്റെ ശിഷ്യനായി ഗണിതശാസ്ത്രം അഭ്യസിച്ചു. കുറേക്കാലം അദ്ദേഹത്തിന്റെ പിൻഗാമിയായി അധ്യാപകവൃത്തിയും നടത്തി. എന്നാൽ സന്യാസജീവിതത്തിലേക്കുള്ള വിളി തിരിച്ചറിഞ്ഞ ജീൻ-ചാൾസ് ഫ്രാൻസിലെ ദോൾ നഗരത്തിലേക്കു പോവുകയും ദൈവശാസ്ത്രപഠനം നടത്തി 1621 ഏപ്രിൽ 21-ന് ജെസ്വിട്ട് വൈദികനായി അഭിഷിക്തനാനാവുകയും ചെയ്തു.

വൈദികനായതിനുശേഷം 1626 മുതൽ 1628 വരെ ലൂവെനിലെ ജെസ്വിട്ട് സ്‌കൂളിൽ ഗണിതശാസ്ത്രം പഠിപ്പിച്ചു. സ്പെയിനിലെ രാജാവായിരുന്ന ഫിലിപ്പ് നാലാമൻ പട്ടാള ആവശ്യങ്ങൾക്കായി ഗണിതശാസ്ത്ര സംബന്ധമായ വിഷയങ്ങളിൽ പരിജ്ഞാനം നേടുന്നതിനായി അദ്ദേഹത്തെ മഡ്രിഡിലേക്കു കൊണ്ടുപോയി. തന്റെ മകന്റെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വവും രാജാവ് ജീൻ-ചാൾസിനെ ഏല്പിച്ചു. കൂടാതെ, അവിടുത്തെ ഇമ്പീരിയൽ കോളേജിലെ അധ്യാപകനായി നിയമിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റം പ്രശസ്തമായ പുസ്തകം 1632-ൽ പ്രസിദ്ധീകരിച്ച ‘തെയോറമാത്ത’യാണ്. ഇതിൽ ഒരു വൃത്തത്തിന്റെ ഗുരുത്വാകർഷണകേന്ദ്രം അദ്ദേഹം കണ്ടുപിടിച്ചത് എങ്ങനെയെന്ന് വിശദീകരിച്ചിരിക്കുന്നു. ബാർസിലോണ നഗരത്തിൽവച്ച് 1652 നവംബർ 4-ന് അദ്ദേഹം അന്തരിച്ചു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.