പുരോഹിതശാസ്ത്രജ്ഞർ 71: ജൊവാന്നി ബാറ്റിസ്റ്റ ഹൊദിയേർണ (1597-1660)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

ഇറ്റലിയിൽ നിന്നുള്ള ഒരു വാനശാസ്ത്രജ്ഞനും ബഹുമുഖപ്രതിഭയുമായിരുന്നു ഫാ. ജൊവാന്നി ബാറ്റിസ്റ്റ ഹൊദിയേർണ. പാൽമയിലെ ഡ്യൂക്കായിരുന്ന ജൂലിയോ തോമസിയുടെ ഉദ്യോഗസ്ഥവൃന്ദത്തിൽ ഉൾപ്പെട്ടിരുന്ന അദ്ദേഹം വാൽനക്ഷത്രങ്ങളുടെ പട്ടിക രൂപപ്പെടുത്തിയ ശാസ്ത്രജ്ഞൻ കൂടിയാണ്. വിവിധ വിഷയങ്ങളിൽ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ കൃതികളിൽ പലതും ഇരുപതാം നൂറ്റാണ്ടു മുതലാണ് കൂടുതലായി പഠനവിഷയമാക്കിയിട്ടുള്ളത്.

ഇറ്റലിയിലെ ലഗൂസ പട്ടണത്തിൽ 1597 ഏപ്രിൽ 13-ന് വിത്തോ ദിയേർണ – സെറാഫിന റീസൊ ദമ്പതികളുടെ മകനായി അദ്ദേഹം ജനിച്ചു. പിതാവ് ഒരു ഷൂ നിർമ്മാതാവും കല്പണിക്കാരനുമായിരുന്നു. അദ്ദേഹത്തിന്റ വിദ്യാഭ്യാസ ചിലവുകൾ ഏറ്റെടുത്തത് ബന്ധുവായിരുന്ന ഡോൺ ജുസേപ്പേ ആയിരുന്നു. മാരിയോ ബൊച്ചിയേരി എന്ന അക്കാലത്തെ പേരുകേട്ട ഗുരുവിന്റെ ശിക്ഷണത്തിലാണ് അദ്ദേഹം പഠനം ആരംഭിച്ചത്. അതിനുശേഷം റഗൂസയിലെ ഫ്രാൻസിസ്കൻ ആശ്രമത്തിലെ സ്‌കൂളിൽ തുടർപഠനവും നടത്തി.

സിറാക്കൂസിലെ ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 1622-ൽ വൈദികനായി അഭിഷിക്തനായി. അധികം താമസിയാതെ റോമിൽ ജോലിചെയ്യുന്നതിനായി സഭാധികാരികൾ അദ്ദേഹത്തെ അയച്ചു. ഇവിടുത്തെ നീണ്ടകാലത്തെ വാസത്തിനിടയിൽ പല ശാസ്ത്രജ്ഞരെയും പരിചയപ്പെടുന്നതിനും അവരുടെ പരീക്ഷണനിരീക്ഷണങ്ങളിൽ പങ്കാളിയാകുന്നതിനും അദ്ദേഹത്തിന് സാധിച്ചു. 1625 മുതൽ 1636 വരെ റഗൂസയിലെ വിവിധ ദൈവാലയങ്ങളിൽ സേവനമനുഷ്ഠിച്ചു. ഇവിടെയുണ്ടായിരുന്ന തൊമാസി കുടുംബം ഇദ്ദേഹത്തിന്റെ ശാസ്ത്രീയപരീക്ഷണങ്ങൾക്കു വേണ്ടുന്ന സഹായം നൽകി. ഇവരുടെ താത്പര്യപ്രകാരം പാൽമ ദി മോണ്ടെക്യാറോ എന്ന സ്ഥലത്തേക്ക് താമസം മാറ്റുകയും അവിടെ ഒരു അധ്യാപകനായും പുരോഹിതനായും സേവനമനുഷ്ഠിച്ചുകൊണ്ട്  ജീവിക്കുകയും ചെയ്തു. 1660 ഏപ്രിൽ 6-ന് അവിടെവച്ച് അദ്ദേഹം അന്തരിച്ചു.

1618-ൽ അഗോസ്റ്റിനോ നിഫോയുടെ ‘ഉൽക്കകൾ’ എന്ന കൃതി ജൊവാന്നി ബാറ്റിസ്റ്റ വായിക്കാൻ ഇടയാവുകയും നഗരത്തിൽ ഏറ്റം ഉയർന്ന സ്ഥലത്തു പണിതിരിക്കുന്ന സെൻ്റ് നിക്കോളാസ് ദൈവാലയത്തിന്റെ മണിഗോപുരത്തിൽ നിന്ന്, ഗലീലിയൻ ദൂരദർശിനി ഉപയോഗിച്ച് അദ്ദേഹം മൂന്ന് ധൂമകേതുക്കളെ നിരീക്ഷിക്കുകയും ചെയ്തു. 1644-ൽ ജ്യോതിശാസ്ത്രം, അന്തരീക്ഷ വിജ്ഞാനീയം, നയനശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ജന്തുശാസ്ത്രത്തിലുള്ള താത്പര്യം കാരണം ഈ മേഖലയിലും ജൊവാന്നി ബാറ്റിസ്റ്റ ധാരാളം പരീക്ഷണങ്ങൾ നടത്തി. പ്രാണികളുടെ ശരീരഘടന സംബന്ധിച്ചു പഠിക്കുകയും അത് ശാസ്ത്രീയമായി എഴുതിസൂക്ഷിക്കുകയും ചെയ്തു. അക്കാലത്ത് ലഭ്യമായിരുന്ന നിരവധി സൂക്ഷ്മദർശിനികൾ ഇതിനായി അദ്ദേഹം വാങ്ങിയിരുന്നു.

ജൊവാന്നി ബാറ്റിസ്റ്റയുടെ ചില കണ്ടുപിടുത്തങ്ങൾ ഇരുപതാം നൂറ്റാണ്ടുവരെ അറിയപ്പെടാതെയിരുന്നു. എന്നാൽ പുതിയ പഠനങ്ങൾ കാലത്തിനുമുൻപേ സഞ്ചരിച്ച ശാസ്ത്രജ്ഞൻ എന്ന നിലയിൽ ജൊവാന്നി ബാറ്റിസ്റ്റയെ വിലയിരുത്തുന്നതിനു കാരണമായി. ഇദ്ദേഹത്തിന്റെ ശാസ്ത്രസംഭാവനകൾക്കുള്ള അംഗീകാരമായി ‘21047’ എന്ന ഛിന്നഗ്രഹം ഹൊദിയേർണ എന്ന പേരിലാണ് അറിയപ്പെടുന്നത്. മുസ്സോമെലിയിലെ ഒരു ഹൈസ്കൂൾ, ടുണിസിലെ ഇറ്റാലിയൻ സ്കൂൾ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കും ഇദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്. കൂടാതെ, ഇറ്റലിയിലെ റോക്കാപാലുംബ നഗരം, ശാസ്ത്രമേഖലയിൽ ഗവേഷണം നടത്തുന്ന യുവശാസ്ത്രജ്ഞർക്ക് ‘ജിയോവൻ ബാറ്റിസ്റ്റ ഹൊദിയേർണ’ എന്നപേരിൽ എല്ലാ വർഷവും അവാർഡുകൾ നൽകുകയും ചെയ്യുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.