പുരോഹിത ശാസ്ത്രജ്ഞന്മാർ 73 : അന്തോയ്നെ ദെ ലലുബേരെ (1600-1664)

ഫ്രാൻസിൽ നിന്നുള്ള പ്രശസ്തനായ ഒരു ഗണിത-വാനശാസ്ത്രജ്ഞനായിരുന്നു ഈശോസഭാവൈദികനായിരുന്ന അന്തോയ്നെ ദെ ലലുബേരെ. അക്കാലത്തെ പേരുകേട്ട ശാസ്ത്രജ്ഞന്മാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അന്തോയ്നെ ശാസ്ത്രമേഖലയിൽ വലിയ അറിവുള്ള വ്യക്തിയായിരുന്നു. തന്റെ ജീവിതകാലം മുഴുവൻ ഫ്രാൻസിൽ തന്നെ ജീവിച്ചു പുരോഹിതവൃത്തിയും ശാസ്ത്രപരീക്ഷണങ്ങളും നടത്തിയത് ആളാണ് അന്തോയ്നെ.

ഫ്രാൻസിലെ ദക്ഷിണപശ്ചിമദിക്കിലുള്ള പുരാതനവും പ്രശസ്തവുമായ റിയൂ-വോൾവെസ്ത്രെ പട്ടണത്തിലെ ഒരു പ്രഭുകുടുംബത്തിൽ എ.ഡി. 1600 ഓഗസ്റ്റ് 24-ന് അന്തോയ്നെ ജനിച്ചു. അദ്ദേഹത്തെക്കുറിച്ചു വളരെക്കുറച്ചു ചരിത്ര വിവരങ്ങൾ മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളു. അന്തോയ്നെയുടെ കുടുംബത്തിന് ഈ പ്രദേശത്തു വലിയൊരു കൊട്ടാരം ഉണ്ടായിരുന്നു. 1620-ൽ അദ്ദേഹം തന്റെ ഇരുപതാമത്തെ വയസ്സിൽ ടുളൂസിലെ ഈശോസഭാ ആശ്രമത്തിൽ ചേർന്നു. പരിശീലനം പൂർത്തിയാക്കി 1631-ൽ അദ്ദേഹം വൈദികവൃത്തിയിൽ പ്രവേശിച്ചു. പ്രഭാഷണകല, മാനവികത, ദൈവശാസ്ത്രം, ഹീബ്രു ഭാഷ, ഗണിതശാസ്ത്രം തുടങ്ങിയ നിരവധി വിഷയങ്ങൾ അദ്ദേഹം ടുളൂസിലെ ജെസ്വിട്ട് കോളേജിൽ പഠിപ്പിച്ചു. ഇദ്ദേഹത്തിന്റെ സ്വാധീനത്തിൽ പല വിദ്യാർഥികളും ശാസ്ത്രമേഖലയിൽ പിന്നീട് വലിയ സംഭാവനകൾ നല്കുന്നവരായി വളർന്നു.

അക്കാലത്തെ പ്രശസ്ത ഗണിതശാസ്ത്രജ്ഞരോടൊപ്പം അന്തോയ്നെ കാൽക്കുലസിൽ പഠനങ്ങൾ നടത്തി. അന്തോയ്നെ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞന്മാരുടെ ഈ ഗണമാണ് ആധുനിക സമഗ്ര കാൽക്കുലസിന് അടിത്തറയിട്ടവർ. ബ്ലയിസ്‌ പാസ്ക്കൽ എന്ന ശാസ്ത്രജ്ഞനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കി.1651-ൽ അന്തോയ്നെ പ്രസിദ്ധീകരിച്ച ‘ക്വാദ്രത്തൂറ ചിർക്കുളി’ എന്ന കൃതിയിൽ വ്യാപ്തിയെക്കുറിച്ചും ഗുരുത്വകേന്ദ്രത്തെക്കുറിച്ചും അദ്ദേഹം ആഴമായി ചർച്ച ചെയ്തു. ഒരു പ്രൊപ്പല്ലറിന്റെ ഗുണവിശേഷണങ്ങളെക്കുറിച്ചു പഠിക്കുന്ന ആദ്യത്തെ ശാസ്ത്രജ്ഞനും ഇദ്ദേഹമാണ്. എ.ഡി. 1664 സെപ്റ്റംബർ 2-ന് ഫ്രാൻസിലെ ടുളൂസിൽ വച്ചാണ് അദ്ദേഹം അന്തരിച്ചത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.