വിശുദ്ധിയിലേക്ക് വളരാൻ ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന ലളിതമായ പത്ത് മാർഗ്ഗങ്ങൾ

വിശുദ്ധരാകാൻ ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യേണ്ടതില്ല. വലിയ പഠനമോ, കഴിവുകളോ ഒന്നും ആവശ്യവുമില്ല. ചെറിയ കാര്യങ്ങൾ പോലും ചെയ്യുന്നതിലെ മനോഭാവമാണ് ഒരുവനെ വിശുദ്ധിയിലേക്ക് നയിക്കുന്നത്. വിശുദ്ധി എന്നത് എപ്പോഴും പ്രാർത്ഥിക്കുന്നതു മാത്രമല്ല, സാധാരണ ജീവിതം വളരെ നന്നായി ജീവിച്ചുകൊണ്ടും വിശുദ്ധിയിലേക്ക് വളരാൻ സാധിക്കും. ഏതൊരു കൊച്ചുകുട്ടിക്കു പോലും വിശുദ്ധജീവിതം നയിക്കാൻ സാധിക്കും. ഏതൊരാൾക്കും അനുകരിക്കാൻ സാധിക്കുന്ന, ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്ന പത്ത് മാർഗ്ഗങ്ങൾ ചുവടെ ചേർക്കുന്നു.

1. വിശുദ്ധി നിങ്ങൾക്കു ചുറ്റിലുമുണ്ട്

ദൈവത്തിന്റെ വിശുദ്ധജനത്തിൽ നിലനിൽക്കുന്ന വിശുദ്ധിയെ വിലമതിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. മക്കളെ സ്നേഹത്തോടെ വളർത്തുന്ന മാതാപിതാക്കളിൽ, സമർപ്പണത്തോടെ ദൈനംദിന ജോലി ചെയ്യുന്ന സ്ത്രീകളിലും പുരുഷന്മാരിലും, രോഗങ്ങളും വൈകല്യങ്ങളും ക്ഷമയോടെ സഹിക്കുന്നവരിൽ, പ്രായമായവരിൽ, പുഞ്ചിരിക്കുകയും അവരുടെ ജ്ഞാനം പങ്കുവയ്ക്കുകയും ചെയ്യുന്നവരിലൊക്കെ വിശുദ്ധി അടങ്ങിയിരിക്കുന്നു.

2. വിശുദ്ധി സർവ്വപ്രധാനം

വിശുദ്ധി എന്നത് ആത്യന്തികമായി സമരത്തിന്റെയും പരിത്യാഗത്തിന്റെയും കാര്യമല്ല, മറിച്ച് അത് വളരെ വ്യത്യസ്തമായ ഒന്നാണ്. ഒന്നാമതായി, നാം ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്നും അവന്റെ സ്നേഹവും കരുണയും സ്വതന്ത്രമായി സ്വീകരിക്കുന്നുവെന്നുമുള്ള തിരിച്ചറിവാണ്. ഈ ദൈവികസമ്മാനം കൃതജ്ഞതയെ പ്രചോദിപ്പിക്കുകയും ക്ഷണികമായ വികാരമോ, കേവലം മാനുഷികമായ ശുഭാപ്തിവിശ്വാസമോ അല്ല, മറിച്ച് ദൈവത്തിൽ നിന്നുള്ള കൃപയോടും ഉറപ്പോടും കൂടി എല്ലാ വെല്ലുവിളികളെയും നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസമാണ്.

3. സന്തോഷം

സന്തോഷമില്ലാതെയുള്ള വിശ്വാസം അടിച്ചമർത്തലും മങ്ങിയതുമായ ഒരു കാര്യമായി ചുരുങ്ങുന്നു.

4. കൂടുതൽ സന്തോഷം

വിശുദ്ധരായവർ സന്തോഷമില്ലാതെ ജീവിക്കുന്നവരല്ല, ചിരിക്കാത്തവരല്ല. ഒരു വിശുദ്ധൻ/ വിശുദ്ധ പ്രത്യാശയിലേക്ക് തുറന്ന സന്തോഷമുള്ള ഹൃദയമുള്ള വ്യക്തികളാണ്.

5. സന്തോഷമുള്ള വിശുദ്ധ വ്യക്തികളുടെ ഉദാഹരണങ്ങൾ

ഈയിടെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ജോൺ പോൾ ഒന്നാമൻ പാപ്പാ, നല്ല നർമ്മബോധമുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ സന്തോഷപ്രകൃതവും പുഞ്ചിരിയും വിശുദ്ധിക്ക് തടസ്സമായില്ല. വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് കൗമാരക്കാർക്കും യുവജനങ്ങൾക്കും ക്രിസ്തീയസന്തോഷത്തിന്റെ മാതൃകയാണ്. അസീസിയിലെ വി. ഫ്രാൻസിസിന്റെ സുവിശേഷപരവും നിഷ്‍കളങ്കവുമായ സന്തോഷം അനേകരെ ആകർഷിക്കുന്നു.

6. സാധാരണ ആളുകൾ

ക്രൈസ്തവരുടെ മാതൃകാപരമായ ജീവിതത്തിൽ നിന്നാണ് വിശുദ്ധി ഉണ്ടാകുന്നത്. വിശുദ്ധർ ജനിക്കുന്നത് മറ്റൊരു ലോകത്തിൽ നിന്നല്ല, മറിച്ച് സാധാരണ ഇടങ്ങളിൽ നിന്നും ദൈവത്തിന് പ്രിയപ്പെട്ട ആളുകളായി ജീവിച്ച സാധാരണ ജനങ്ങളുടെ ഇടയിൽ നിന്നുമാണ്. കുടുംബ ബന്ധങ്ങൾ, പഠനം, ജോലി, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ജീവിതങ്ങൾ എന്നിവയാൽ നിർമ്മിച്ച ദൈനംദിന അസ്തിത്വത്തിൽ ഉറച്ചുനിൽക്കുന്ന വിശ്വാസികളുടെ ഇടയിൽ നിന്നുമാണ് ഒരു വിശുദ്ധൻ/ വിശുദ്ധ ജനിക്കുന്നത്.

7. സജീവമായും സമയോചിതമായും ഇടപെടുന്നവർ

വിശുദ്ധന്മാർ വിലയേറിയ മുത്തുകളാണ്. അവർ എല്ലായ്‌പോഴും സജീവമായും സമയോചിതമായും ഇടപെടുന്നവരാണ്. ഒട്ടും പ്രാധാന്യം നഷ്ടപ്പെടാതെ സുവിശേഷത്തിന്റെ കാലഘട്ടത്തിന് അനുസരിച്ചുള്ള, സമയബന്ധിതമായ വ്യാഖ്യാനം നൽകുന്നവരാണ് ഓരോ വിശുദ്ധരും.

8. ചിത്രങ്ങളിലൂടെയുള്ള മതബോധനം

വിശുദ്ധരുടെ ജീവിതം ചിത്രങ്ങളിലൂടെയുള്ള മതബോധനം പോലെയാണ്. യേശു മനുഷ്യരാശിയിലേക്ക് കൊണ്ടുവന്ന സദ്വാർത്തയുടെ ഒരു ദൃഷ്ടാന്തമാണ്. ദൈവം നമ്മുടെ പിതാവാണ്. എല്ലാവരെയും അപാരമായ സ്നേഹത്തോടെയും അനന്തമായ ആർദ്രതയോടെയും സ്നേഹിക്കുന്നു എന്ന സന്ദേശം വിശുദ്ധരുടെ ജീവിതം ഈ ലോകത്തിന് പകരുന്നു.

9. തമാശ പറയാനുള്ള കഴിവ് (സെൻസ് ഓഫ് ഹ്യൂമർ)

ജീവിതത്തെ നർമ്മബോധത്തോടെ സമീപിക്കുക. ജീവിതത്തിൽ നമ്മെ ചിരിപ്പിക്കുന്ന കാര്യങ്ങൾ ആസ്വദിക്കുന്നത് ആത്മാവിന് നല്ലതാണ്.

10. വിശുദ്ധജീവിതത്തിനായി പാപ്പാ നിർദ്ദേശിക്കുന്ന പ്രാർത്ഥന

40 വർഷത്തിലേറെയായി എല്ലാ ദിവസവും ചൊല്ലുന്ന ഒരു പ്രാർത്ഥനയെക്കുറിച്ചും ഫ്രാൻസിസ് പാപ്പാ നിർദ്ദേശിക്കുന്നുണ്ട്. അത് വി. തോമസ് മൂറിന്റെ ഒരു പ്രാർത്ഥനയാണ്.

വിശുദ്ധരായ വ്യക്തികളായി ജീവിക്കാൻ വലിയ അറിവോ, പാണ്ഡിത്യമോ ഒന്നും ആവശ്യമില്ല. വിശുദ്ധി നമ്മുടെ മനോഭാവത്തിലും ആന്തരികഭാവത്തിലും അടിസ്ഥാനമായതാണ്. പരിശുദ്ധ പിതാവ് നിർദ്ദേശിക്കുന്ന ഈ ലളിതമായ കാര്യങ്ങൾ ഏതൊരാൾക്കും അനുകരണീയമാണ്.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.