ജപമാല മാസത്തെ ഭക്തിപൂര്‍ണ്ണമാക്കാന്‍ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍

സി. റാണി മോളത്ത് SABS

ജപമാലയുടെ പുണ്യം വിതറി വീണ്ടും ഒക്ടോബർ വരവായി. ദൈവമാതാവായ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു യാത്ര ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്ന ദൈവസ്പർശനമാണ് ജപമാല. നരകപിശാചിന്റെ തല തകർക്കുന്ന ദൈവമാതാവ് തിന്മയുടെ സ്വാധീനങ്ങളിൽ നിന്ന് തന്റെ മക്കളെ സംരക്ഷിക്കാൻ വേണ്ടി ഒരുക്കിയിരിക്കുന്ന ദൈവീക അടയാളമാണിത്.

ജപമാല മാസത്തിൽ രണ്ടു കാര്യങ്ങൾക്ക് നമ്മൾ പ്രാധാന്യം കൊടുക്കണം. ഒന്ന് വെഞ്ചിരിച്ച ജപമാലകൾ ഉപയോഗിക്കണം. രണ്ടാമതായി പരമാവധി ജപമാല ചൊല്ലണം. ജപമാല ഒരു ആഭരണമല്ല. തിന്മയുടെ ശക്തികളിൽ നിന്നും ദൈവമക്കളെ സംരക്ഷിക്കുന്ന അമ്മയുടെ കവചമാണ് അത്. പലപ്പോഴും കുട്ടികളുടെ കയ്യിൽ ആഭരണമായി ഉപയോഗിക്കുന്ന ജപമാലകൾ കണ്ടിട്ടുണ്ട്. പല നിറത്തിലും വർണ്ണത്തിലും ഒക്കെയുള്ള ന്യൂ ജനറേഷൻ ജപമാലകൾ. ജപമാല എന്തെന്നു പോലും അറിയാത്തവർ വെറുതെ ഇത്തരം ജപമാലകൾ കഴുത്തിൽ അണിയുന്നതും കണ്ടിട്ടുണ്ട്. ജപമാലകൾ വെഞ്ചരിച്ച് ഉപയോഗിക്കാൻ നാം ശ്രദ്ധിക്കണം. അതിനുള്ള പരിശീലനം കുഞ്ഞുങ്ങൾക്ക് കൊടുക്കണം. കടയിൽ നിന്നു വാങ്ങുന്ന ജപമാല ഒരു മാല മാത്രമാണ്. പരിശുദ്ധ സഭയുടെ നാമത്തിൽ അത് ആശീർവദിക്കുമ്പോൾ മാത്രമാണ് ദൈവിക ആയുധമായി മാറുന്നത്.

ജപമാലഭക്തി തകർക്കാൻ ഉപയോഗിക്കുന്ന തിന്മയുടെ ഒരു തന്ത്രം കൂടിയാണ് ന്യൂ ജനറേഷൻ ജപമാലകൾ. മതബോധന ക്ലാസ്സുകളിലും കുട്ടികളുമായുള്ള വ്യക്തിസംഭാഷണത്തിലും ഒക്കെ ന്യൂ ജനറേഷൻ ജപമാലകളെക്കുറിച്ചുള്ള മുൻകരുതൽ കൊടുക്കാൻ കുട്ടികളുമായി ഇടപെടുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. പല തരത്തിലുള്ള തിന്മയുടെ പ്രതീകങ്ങൾ ആലേഖനം ചെയ്ത ജപമാലകൾ പോലും ഇന്ന് വിപണിയിലുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വെഞ്ചിരിപ്പ് പ്രാർത്ഥനയുടെ ശക്തി നമ്മൾ മനസ്സിലാക്കുന്നു.

വെഞ്ചരിച്ച ജപമാലകൾ ഉപയോഗിച്ച് നാം പ്രാർത്ഥിക്കുമ്പോൾ പ്രത്യേകമായൊരു ദൈവീക അനുഭവമുണ്ട്. ഭയത്തിന്റെ മേഖലയിൽ നിന്ന് വിടുതൽ പ്രാപിക്കാൻ വെഞ്ചരിച്ച ജപമാല വലിയ ഒരു ആയുധമാണ്. പരീക്ഷാപേടിയുള്ള കുട്ടികളോട് വെഞ്ചരിച്ച ജപമാലകൾ പരീക്ഷാഹാളിൽ ഉപയോഗിക്കാൻ പറയാറുണ്ട്. ആശീർവദിച്ച ജപമാലകൾ കൊണ്ടുനടക്കുമ്പോൾ നാം പോലുമറിയാതെ ആത്മബലവും ധൈര്യവും മാതാവ് നമുക്ക് നൽകുന്നു.

ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്നുള്ളത് ദൈവികസംരക്ഷണം കിട്ടുന്ന കാര്യമാണ്. ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും തിന്മകളിൽ നിന്നും മാതാവ് നമ്മെ സംരക്ഷിക്കുന്നു. ജപമാല ചൊല്ലാൻ കൂടുതൽ സമയം ചെലവഴിക്കേണ്ട ആവശ്യമില്ല. നമ്മുടെ അനുദിന ജീവിതത്തിലെ ഓരോ നിമിഷവും അറിയാതെ തന്നെ ജപമാല ചൊല്ലുന്ന ശീലം ആർജ്ജിച്ചെടുക്കാൻ കഴിയണം.

ഒരിക്കൽ ഒരു വീട്ടമ്മ റബ്ബർപാൽ എടുക്കാൻ പോകുമ്പോൾ ജപമാല ചൊല്ലുന്ന കാര്യം പറഞ്ഞതോർക്കുന്നു. ഓരോ റബർ മരത്തിന്റെ  ചുവട്ടിലെത്തുമ്പോഴും ഓരോ നന്മ നിറഞ്ഞ മറിയം ചെല്ലും, പാൽ എടുത്തുകഴിയുമ്പോഴേക്കും പരിശുദ്ധ അമ്മക്കു മുമ്പിൽ കുറേ ജപമാലകളാകും. അങ്ങനെ തന്റെ അദ്ധ്വാനം ആശീർവദിക്കപ്പെടുകയും അമ്മയുടെ നിരന്തരമായ സംരക്ഷണം ലഭിക്കുകയും ചെയ്യും.

ജപമാല സാധാരണക്കാരുടെ ബൈബിളാണ്. പരിശുദ്ധ അമ്മയുടെ കൈ പിടിച്ച് ഈശോയുടെ ജീവിതത്തിലൂടെ നടത്തുന്ന തീർത്ഥയാത്രയാണത്. സന്തോഷവും ദുഃഖവും മഹിമയും പ്രകാശവും മാറിമാറി വരുന്ന മനുഷ്യജീവിതവും ജപമാലമണികളാൽ ബന്ധിതമാകട്ടെ. അങ്ങനെ പരിശുദ്ധ അമ്മയോടൊപ്പം അനുഗ്രഹത്തിന്റെ ജീവിതം നയിക്കാൻ ജപമാല പ്രാർത്ഥന നമ്മെ സഹായിക്കട്ടെ. ഒക്ടോബർ ഒരു അനുഗ്രഹമാകട്ടെ.

സി. റാണി മോളത്ത് SABS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.