ഈ കാറ്റക്കിസം ക്ലാസ് കണ്ടുപിടിച്ചത് ആരാണാവോ? ഒരു മതാധ്യാപികയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

അന്ന് വേദപാഠ ക്ലാസിലേക്ക് കയറുമ്പോൾ ഒരു കുഞ്ഞ് ഇങ്ങനെ പറയുന്നതാണ് കേട്ടത്. “ഹൊ! ഈ ഞായറാഴ്ചകൾ ഇല്ലാതിരുന്നെങ്കിൽ! ഈ കാറ്റക്കിസം ക്ലാസ് കണ്ടു പിടിച്ചത് ആരാണാവോ!” തിരികെ വീട്ടിലെത്തിയപ്പോള്‍ ഞാന്‍ ദീര്‍ഘനേരം കരഞ്ഞു. അന്നുമുതല്‍ ഞാന്‍ ജീവിതത്തിലും പഠിപ്പിക്കുന്ന രീതിയിലും മാറ്റങ്ങള്‍ വരുത്തി; വലിയ മാറ്റങ്ങള്‍! മംഗള ഫ്രാൻസിസ് എന്ന കാറ്റക്കിസം ടീച്ചര്‍ എഴുതുന്നു. എല്ലാ മതാധ്യാപകരും മാതാപിതാക്കളും നിര്‍ബന്ധപൂര്‍വം വായിക്കേണ്ടത്. 

“ടീച്ചറേ, ഈ വർഷം ടീച്ചറുമതി അവന്റെ കാറ്റക്കിസം ടീച്ചറായിട്ടെന്ന് അവനെപ്പോഴും പറഞ്ഞോണ്ടിരിക്കുവാ.” ആ അമ്മ അങ്ങനെ പറഞ്ഞപ്പോൾ ആ കുഞ്ഞിനെ ചേർത്തു പിടിച്ച് നെറ്റിയിൽ ഒരുമ്മ കൊടുത്ത് ഒന്നും പറയാതെ ചിരിച്ചു.

സത്യം പറയാലോ, പിന്നെ മനസ്സിൽ നിറയെ അഹങ്കാര ചിന്തകളായിരുന്നു. ‘എന്റെ കഴിവ്, എന്റെ അറിവ്, എന്റെ വായന’ ഇങ്ങനെ ‘ഞാൻ’ എന്ന ഭാവത്തിലാണ് പ്രാർത്ഥിക്കാൻ തിരുഹൃദയ രൂപത്തിനു മുന്നിൽ മുട്ടുകുത്തിയത്. പക്ഷേ ഈശോ ചിരിക്കുന്ന കണ്ടപ്പോഴേ തോന്നി അഹങ്കാരം ഇത്തിരി കൂടി പോയിയെന്ന്. ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു ‘സോറീട്ടോ.’ ഒരു ഒഴികഴിവും കൂട്ടിച്ചേർത്തു. ‘പ്രശംസയും അംഗീകാരവുമൊക്കെ ആഗ്രഹിക്കുന്ന ഒരാളാണല്ലൊ ഈ ഞാനും’ ഈശോ പിന്നെയും ചിരിച്ചതേയുള്ളൂ.

കൊന്ത ചൊല്ലാൻ തുടങ്ങിയപ്പോൾ മനസ്സു നിറയെ അതു തന്നെയായിരുന്നു ചിന്ത. ഒരു വചനം മനസ്സിലേക്കു വന്നു. “എങ്കിലും വിജ്‌ഞാനികളെ ലജ്‌ജിപ്പിക്കാന്‍ ലോക ദൃഷ്‌ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരെഞ്ഞെടുത്തു. ശക്‌തമായവയെ ലജ്‌ജിപ്പിക്കാന്‍ ലോകദൃഷ്‌ടിയില്‍ അശക്‌തമായവയെയും.” (1 കോറി 1: 27). ഒരു കണ്ണു തുറന്ന് ഈശോയുടെ നേരെ നോക്കി. ‘ഭോഷന്മാർ എന്നുദ്ദേശിച്ചതിൽ ഞാനും പെടുമല്ലേ?’

കാറ്റക്കിസം പഠിപ്പിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളോർക്കുകയായിരുന്നു. അത്ര വലിയ ഒരു പ്രാധാന്യമോ, ഭാരമോ ഒന്നും അതെപറ്റി തോന്നിയില്ല. ചെറുപ്പം മുതലേ കേട്ടിട്ടുള്ള ഈശോയെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനല്ലേ! അതുകൊണ്ടു തന്നെ ഒരു മുന്നൊരുക്കവുമില്ലാതെ ക്ലാസിലെത്തി. പാഠം വായിച്ച്, വായിപ്പിച്ച്, എന്തൊക്കെയോ പറഞ്ഞ്, ഉത്തരങ്ങൾ അടയാളപ്പെടുത്തിക്കൊടുത്ത് ഇടയ്ക്ക് ചോദ്യം ചോദിച്ച് ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം ക്ലാസിനിടയിൽ എന്തോ കാര്യം വേറൊരു ടീച്ചറോട് ചോദിക്കാനായി പുറത്തു പോയി തിരികെ ക്ലാസിലേക്ക് കയറുമ്പോൾ ഒരു കുഞ്ഞ് എണീറ്റു നിന്ന് ഇങ്ങനെ പറയുന്നതാണ് കേട്ടത്. ‘ഹൊ! ഈ ഞായറാഴ്ചകൾ ഇല്ലാതിരുന്നെങ്കിൽ! ഈ കാറ്റക്കിസം ക്ലാസ് കണ്ടു പിടിച്ചത് ആരാണാവോ!’ എന്നെ കണ്ടതും അവൻ പെട്ടെന്നിരുന്നു. അത് കേൾക്കാത്ത പോലെ ഞാൻ ക്ലാസ് തുടർന്നു. പക്ഷേ, ആ വാക്കുകൾ വല്ലാതെ പൊള്ളിച്ചുകൊണ്ടേയിരുന്നു. തിരികെ വീട്ടിലെത്തിയിട്ടും മറ്റു പല കാര്യങ്ങളിലേക്ക് മനസ് തിരിച്ചു വിടാൻ ശ്രമിച്ചിട്ടും ആ വാക്കുകൾ ഉണ്ടാക്കിയ അസ്വസ്ഥത ഏറിയതേയുള്ളൂ. രാത്രി ഉറങ്ങാനാകുന്നില്ല, എണീറ്റിരുന്നു. സങ്കടം. ഒരുപാട് കരഞ്ഞു. വീഴ്ചകളിലാണല്ലോ ഈശോയെ തേടുക. “ഈശോയേ, തെറ്റുപറ്റിപ്പോയി. ഒരു യോഗ്യതയുമില്ലാതിരുന്നിട്ടും ഈശോയുടെ സ്നേഹത്താൽ എന്നെ വിളിച്ചിട്ട്, ഒരുക്കമില്ലാതെ, പ്രാർത്ഥിക്കാതെ. ഈശോയെ, ഞാൻ.” സങ്കടത്തിന്റെയും കുറ്റബോധത്തിൻെറയും ദിവസങ്ങളായിരുന്നു പിന്നീട്. പതിയെ പതിയെ ഈശോയുടെ ആശ്വാസം, സ്നേഹം മനസിൽ നിറയുന്നത് അറിഞ്ഞു തുടങ്ങി.

പിന്നെ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളുമായി ഈശോയുടെ തിരുഹൃദയ രൂപത്തിനു മുന്നിൽ ഇരുന്നു. ‘എനിക്കൊന്നും ഒന്നും അറിയില്ല. എങ്ങനെ പഠിപ്പിക്കണമെന്ന്, എന്ത് പഠിപ്പിക്കണമെന്ന്’ കണ്ണീരോടെ പ്രാർത്ഥിച്ചു. എല്ലാ ദിവസവും ആ പ്രാർത്ഥനയോടെ ഈശോയുടെ മുന്നിലിരുന്നു. ”എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്‌ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും.” (ജറെ 33: 3)

ഓരോ കുഞ്ഞിന്റെയും പേരെഴുതി ഈശോയ്ക്ക് സമർപ്പിച്ചു. ‘ഈശോയേ ഭാവിയിൽ ഇവർ ആരായിത്തീരുമെന്നറിയില്ല. ഈശോ ആഗ്രഹിക്കുന്നത് അവരിലേക്ക് പകർന്നു കൊടുക്കാൻ അതു മാത്രം പകരപ്പെടാൻ ഈശോയേ എന്നെ ഒരുപകരണമാക്കണമേ,’ എന്നു പ്രാര്‍ത്ഥിച്ചു തുടങ്ങി.

പതിയെ ഈശോ പഠിപ്പിക്കാൻ ആരംഭിക്കുന്നത് അറിഞ്ഞു തുടങ്ങി. അതൊരു വലിയ അനുഭവമായിരുന്നു. ഇന്നും തുടരുന്ന ദൈവസ്നേഹത്തിന്റെ വലിയ അനുഭവം. കഥകളിലൂടെ, ബൈബിളിലൂടെ , വിശുദ്ധരുടെ ജീവിതങ്ങളിലൂടെ, എൻ്റെ തന്നെ അനുഭവങ്ങളിലൂടെ എല്ലാം ഈശോ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇടയ്ക്ക് ചോദ്യങ്ങൾ ചോദിക്കും. പരീക്ഷ നടത്തും. പക്ഷേ ഞാനിതുവരെയും നല്ല വിദ്യാർത്ഥിയായിട്ടില്ല. തോൽവികളാണധികവും.

ബൈബിൾ മുഴുവൻ വായിക്കുക, എല്ലാ ദിവസവും വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുക, യോഗ്യതയോടെ വിശുദ്ധ കുർബ്ബാന സ്വീകരിക്കുക ഇതെല്ലാം പരിശീലനത്തിന്റെ പ്രധാന ഭാഗങ്ങളായിരുന്നു. ഒരു വിശ്വാസ പരിശീലകന്റെ ജീവിതത്തിലെ ഓരോ നിമിഷവും എല്ലാ തലങ്ങളും മറ്റുള്ളവർക്കു മാതൃകയായിരിക്കണം എന്ന് ഈശോ മനസ്സിലാക്കി തന്നു. വാക്കും പ്രവൃത്തിയും ജീവിത രീതികളും കൂട്ടുകെട്ടുകളും വസ്ത്രധാരണവും എല്ലാമെല്ലാം പരിശുദ്ധാത്മ നിറവിലായിരിക്കണം.

ഒരിക്കൽ ഒരു ഷോപ്പിംഗിനായി പുറത്തേക്കിറങ്ങിയപ്പോൾ ധരിച്ചിരുന്ന ആ ഡ്രസ് ഇട്ടു പോകരുതെന്നു ശക്തമായി ഉള്ളിൽ ഒരു സ്വരം കേട്ടു. ഒടുവിൽ വീണ്ടും തിരികെ വീട്ടിൽ കയറി ആ വസ്ത്രം മാറ്റി മറ്റൊന്നു ധരിച്ചു പോയി. കടയിൽ ചെന്നപ്പോൾ ഞാൻ കാറ്റക്കിസം പഠിപ്പിക്കുന്ന ഒരു കുട്ടിയെയും അവരുടെ കുടുംബത്തെയും കണ്ടു. അവരോടൊപ്പം ഗ്രാന്റ് പാരന്റ്സും ഉണ്ടായിരുന്നു. കാറ്റക്കിസം അധ്യാപിക എന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ ഞാൻ എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടതെന്ന് ഈശോയ്ക്കറിയാം. അത്രമാത്രം ആ വിളി വിലപ്പെട്ടതാണ്. അതൊരു വലിയ തിരിച്ചറിവായിരുന്നു.

ആഴമേറിയ പ്രാർത്ഥനാജീവിതം ഏറെ പ്രധാനപെട്ടതാണ്. ഈശോ ദൈവപുത്രനായിരുന്നിട്ടും മണിക്കൂറുകളോളം പ്രാർത്ഥനയിൽ ചെലവഴിച്ചിരുന്നെങ്കിൽ ഞാൻ എത്രയോ അധികം പ്രാർത്ഥിക്കണം! ഞായറാഴ്ചകളിലെ ഒന്നര മണിക്കൂർ ക്ലാസിനായി അതിനെത്രയോ ഇരട്ടി സമയം പ്രാർത്ഥനയിലായിരിക്കേണ്ടതുണ്ട്. എത്രയോ ദിവസങ്ങൾ ഒരുങ്ങേണ്ടതുണ്ട്. ത്യാഗങ്ങളെടുക്കേണ്ടതുണ്ട്. ഉപവസിക്കേണ്ടതുണ്ട്. ആ തിരിച്ചറിവ് വലിയൊരു പ്രകാശമാണ് മനസ്സിൽ തന്നത്. അറിവോ കഴിവോ സൗന്ദര്യമോ പ്രായമോ വാക്ചാതുര്യമോ ഒന്നും അല്ല; ഓരോ കുഞ്ഞിനു വേണ്ടിയും എടുക്കുന്ന ത്യാഗങ്ങൾ, പ്രാർത്ഥനകൾ, അവർക്കായി കാഴ്ചവയ്ക്കുന്ന വിശുദ്ധ കുർബ്ബാനകൾ, ഈശോയൊടൊപ്പമായിരിക്കാനും ആ സ്വരം കേൾക്കാനും നാം സമർപ്പിക്കുന്ന സമയം അതാണ് ഈശോയ്ക്കായി ഓരോ കുഞ്ഞിനെയും നേടാൻ നമ്മെ പ്രാപ്തരാക്കുന്നത്. പരിശുദ്ധാത്മാവിനാൽ നമ്മെ നിറയ്ക്കുന്നത്.

ഭക്ഷണം വിളമ്പിത്തരുന്ന സ്പൂണിനെ ആരും പ്രശംസിക്കാറില്ലല്ലോ, നന്ദി പറയാറില്ലല്ലോ! ഭക്ഷണം തരുന്ന ആൾക്കല്ലേ മഹത്വമത്രയും. സത്യത്തിൽ നാമോരുരുത്തരും ആ സ്പൂൺ ആണ്. കൂദാശ സ്വീകരണങ്ങളാലും പ്രാർത്ഥനകളാലും ത്യാഗങ്ങളാലും എപ്പോഴും കഴുകി ശുദ്ധിയുള്ളവരായിരിക്കാം. എങ്കിലല്ലേ നമ്മെ വിളമ്പാനായി ഉപയോഗിക്കാനാവൂ.

മംഗള ഫ്രാൻസിസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.