ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഓഗസ്റ്റ് 09

ബിസി 49 മുതൽ 45 വരെ ജൂലിയസ് സീസറും പോംപെയും തമ്മിൽ നടന്ന റോമൻ ആഭ്യന്തരയുദ്ധത്തിൽ സീസറിന്റെ സൈന്യം പോംപെയുടെ സൈന്യത്തെ പരാജയപ്പെടുത്തിയത് ബിസി 48 ഓഗസ്റ്റ് ഒൻപതിനായിരുന്നു. ഇന്നത്തെ ഗ്രീസിനടുത്തുള്ള ഫർസാലുസ് എന്ന പട്ടണത്തിൽവച്ചു നടന്ന യുദ്ധമായതിനാൽ ഫർസാലുസ് യുദ്ധം എന്നാണ് ആ ഏറ്റുമുട്ടൽ അറിയപ്പെടുന്നത്. പരാജിതനായി ഈജിപ്തിലേക്ക് പലായനം ചെയ്ത പോംപെയെ വധിച്ചതോടെ സീസറിന്റെ വിജയം പൂർണമായി.

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായ പ്രക്ഷോഭം നടന്നത് 1942 ഓഗസ്റ്റ് ഒൻപതിനായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഗതാഗതവും വാർത്താവിതരണ സംവിധാനങ്ങളും തടസ്സപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറിലേറെ പൊലീസ് വെടിവയ്പുകളുണ്ടായി. അറുപതിനായിരത്തിലേറെ ഇന്ത്യക്കാരെ ജയിലിലടച്ചു. അതേവർഷം മഹാത്മാ ഗാന്ധി ‘ഹരിജൻ പത്രിക’യിൽ എഴുതിയ ഒരു ലേഖനത്തിലെ ‘ബ്രിട്ടിഷുകാർ ഉടൻ ഇന്ത്യ വിടണം’ എന്ന ആശയമാണ് ക്വിറ്റ് ഇന്ത്യ സമരത്തിലേക്കു നയിച്ചത്. ഗാന്ധിജിയുടെ ആശയത്തിൽ നിന്നു ക്വിറ്റ് ഇന്ത്യ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയത് ബോംബെക്കാരനായ യൂസഫ് മെഹ്റലിയാണ്. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം കഴിഞ്ഞാൽ ബ്രിട്ടനെതിരെ ഇന്ത്യ നടത്തിയ ഏറ്റവും ശക്തമായ ജനകീയമുന്നേറ്റം എന്നാണ് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തെ അന്നത്തെ വൈസ്രോയി ലിൻലിത്ഗോ പ്രഭു വിശേഷിപ്പിച്ചത്.

ഹിരോഷിമയ്ക്കു പിന്നാലെ ജപ്പാനിലെ നാഗസാക്കിയിൽ ആണവാക്രമണം നടന്നത് 1945 ഓഗസ്റ്റ് ഒൻപതിനായിരുന്നു. കൃത്യം 11.02 ന് ഫാറ്റ് ബോയ് എന്ന് പേരിട്ടിരുന്ന അണുബോംബാണ് നഗരത്തിൽ പതിച്ചത്. 4,630 കിലോടൺ ഭാരമുണ്ടായിരുന്ന ഫാറ്റ്മാൻ ഉഗ്രസ്ഫോടനശേഷിയുള്ള പ്ലൂട്ടോണിയം ബോംബായിരുന്നു. വിളവെടുക്കാൻ പാകമായിരുന്ന നാഗസാക്കിയിലെ പാടങ്ങൾ ഒറ്റ നിമിഷം കൊണ്ട് അപ്രത്യക്ഷമായി. ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾ നിശ്ചലമായി. എഴുപത്തി അയ്യായിരത്തിലധികം ആളുകൾ മരണമടഞ്ഞു. രണ്ടുദിവസങ്ങളിലായി ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ആണവാക്രമണങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യനിർമിത ദുരന്തമായി മാറി. ഈ ദുരന്തങ്ങൾ മുന്നിൽ കണ്ടിരുന്നുവെങ്കിൽ 1905 ലെ തന്റെ സമവാക്യങ്ങൾ കീറിയെറിയുമായിരുന്നെന്ന് പിന്നീട് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.