ജീവിതകാലം മുതൽ ദിവ്യകാരുണ്യത്തിന്റെ മക്കളായിരിക്കുക

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: എഴുപത്തിയഞ്ചാം ദിനം, ജൂലൈ 20, 2022

ദിവ്യകാരുണ്യ മിഷനറി സഭ അവളുടെ നവതിയിലേക്കു പ്രവേശിക്കുമ്പോൾ നമ്മുടെ സഭാസ്ഥാപകരിൽ ഒരാളായ ബഹു. ജോസഫ് പറേടത്തിലച്ചന്റെ വാക്കുകൾ നമുക്കുള്ള ദിവ്യാഹ്വാനമാണ്. “ജീവിതകാലം മുതൽ ദിവ്യകാരുണ്യത്തിന്റെ മക്കളായിരിക്കണമെന്നും കൂടെയായിരിക്കലാണ് ശിഷ്യത്വത്തിന്റെ സാരമെന്നും.”

ദിവ്യകാരുണ്യ ഈശോയോടൊത്ത് ദീർഘനേരമായിരുന്ന് ആ നാഥന്റെ ശക്തിയും കൃപയും സ്വന്തമാക്കി സന്യാസവും പൗരോഹിത്യവും ജീവിച്ച ബഹു. ജോസഫച്ചൻ സഭാമക്കളായ നമുക്ക് എന്നും നല്ല മാതൃകയാണ്. അനുദിനം ദിവ്യബലിയർപ്പിച്ച് നാം നമ്മുടെ പ്രേഷിതമേഖലകളിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ നാം പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമുണ്ട്; വിളിച്ചു സ്വന്തമാക്കിയവനൊപ്പം ആയിരിക്കാൻ. സക്രാരിക്കുള്ളിൽ വസിക്കുന്നവന്റെ കൂടെയായിരിക്കാൻ എപ്പോഴും നമുക്കും സാധിക്കുന്നില്ലങ്കിലും നമ്മുടെ ഹൃദയമാകുന്ന സക്രാരിക്കുള്ളിൽ വസിക്കുന്ന ഈശോയുടെ സാന്നിധ്യം തിരിച്ചറിയാൻ നമുക്കു കഴിയണം.

അങ്ങനെ ദൈവാലയത്തിലെ സക്രാരിയിൽ വസിക്കുന്ന സാന്നിധ്യം തിരിച്ചറിഞ്ഞും ദൈവസാന്നിധ്യ സ്മരണ അനുദിന ജീവിതത്തിൽ നമുക്ക് പുലർത്താം. അപ്പോൾ നമ്മുടെ സന്യാസ-പ്രേഷിതജീവിതത്തിൽ ഉണ്ടാകുന്ന കുറവുകളെ നിറവുകളാക്കാനും പോരായ്മകളെ നികത്താനും തെറ്റുകളെ തിരുത്താനും പ്രലോഭനങ്ങളെ അതിജീവിക്കാനുമുള്ള ശക്തിയും കൃപയും ദിവ്യകാരുണ്യനാഥൻ നമുക്കു നൽകും. അങ്ങനെ ശുഷ്കാന്തിയുള്ള സന്യാസിയും വിശുദ്ധിയുള്ള പുരോഹിതനും തീക്ഷ്ണതയുള്ള പ്രേഷിതനും ആകാൻ നമുക്കു സാധിക്കും.

ഡീ. റോഷിൻ പൊൻമണിശ്ശേരിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.